രാജു എബ്രഹാം CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പുതിയ അമരക്കാരൻ. രാജു എബ്രഹാം സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ടേം പൂർത്തിയായ നിലവിലെ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ ഒഴിവിലേക്കാണ് ,സംസ്ഥാന സമിതി അംഗമായ രാജു എബ്രഹാം എത്തുന്നത്. കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായ റാന്നിയിൽ 25 വർഷം എംഎൽഎയായിരുന്നു രാജു എബ്രഹാം. കൂടുതൽ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ എതിരില്ലാതെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് രാജു എബ്രഹാമിനെ തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിഡി ബൈജു, പി ബി ഹർഷകുമാർ എന്നിവരുടെ പേരുകളും ജില്ലാ സെക്രട്ടറി പരിഗണന പട്ടികയിൽ ഉണ്ടായിരുന്നു.
മുതിർന്ന ചില നേതാക്കൾ ഒഴിവായി പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റി പാനലിൽ 6 പുതുമുഖങ്ങളെയാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. 35 അംഗ ജില്ലാ കമ്മിറ്റിയിൽ നിന്ന് ആറുപേരെ പുതുതായി ഉൾപ്പെടുത്തി. തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി ആന്റണി ജില്ലാ കമ്മിറ്റിയിൽ ഉണ്ട്. ഫ്രാൻസിസിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് തിരുവല്ല ജില്ലാ സെക്രെട്ടറിയേറ്റിന്റെ ഭാഗത്ത് നിന്നടക്കം എതിർപ്പുകൾ ഉയർന്നിരുന്നു എന്നാൽ അതൊന്നും വകവെക്കാതെയാണ് സംസ്ഥാന നേതൃത്വം ഫ്രാൻസിസ് വി ആന്റണിയെ വീണ്ടും കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. തിരുവല്ലയിലെ ജനകീയ മുഖവും സംഘടനാ തലത്തിൽ ശക്തമായ പ്രതിനിധി എന്നീ കാരണങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ഫ്രാൻസിസിനെ കമ്മിറ്റിയിൽ ഇത്തവണയും ഉൾപ്പെടുത്തിയിരിക്കുന്നത്.
Read Also: ‘ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി, ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്’; ഡോ.കൃഷ്ണനുണ്ണി
കോഴഞ്ചേരി ഏരിയ സെക്രട്ടറി T V സ്റ്റാൻലിൻ, P K S ജില്ലാ സെക്രട്ടറി സി എം രാജേഷ് (പട്ടികജാതി ക്ഷേമ സമിതി), ഇരവിപേരൂർ ഏരിയാ സെക്രട്ടറി T K സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, DYFI ജില്ലാ സെക്രട്ടറി ബി നിസ്സാo എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.
കെ പി ഉദയഭാനു , മുൻ എംഎൽഎ കെ സി രാജഗോപാൽ, പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശ്രീധരൻ ,അഡ്വക്കേറ്റ് ഫീലിപ്പോസ് തോമസ് ,ബാബു കൊയിക്കലത്ത്, നിർമ്മലാദേവി എന്നിവരെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കി. മൂന്നുദിവസമായി കോന്നിയിൽ നടന്ന സമ്മേളനത്തിൽ മുതിർന്ന നേതാക്കൾക്കെതിരെ അടക്കം രൂക്ഷവിമർശനമാണ് പ്രതിനിധികൾ ഉന്നയിച്ചത്.വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Story Highlights : Raju Abraham CPIM Pathanamthitta District Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here