Advertisement

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ആന്തരിക രക്തസ്രാവം കുറഞ്ഞെങ്കിലും ശ്വാസകോശത്തിലെ നീര്‍ക്കെട്ട് കൂടി

December 31, 2024
Google News 2 minutes Read
uma thomas

കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവം കുറഞ്ഞെങ്കിലും ശ്വാസകോശത്തിലെ നീര്‍ക്കെട്ട് കൂടി. എംഎല്‍എ ഇപ്പോഴും അബോധാവസ്ഥയിലാണ്. ബോധം വീണ്ടെടുക്കാനുള്ള ചികിത്സയാണ് ഇന്നലെ പ്രധാനമായും നടത്തിയത്. ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പരിപാടിക്കായി വേദിയും പന്തലും ഒരുക്കിയ ഓസ്‌കാര്‍ ഇവന്റെ മാനേജ്‌മെന്റ് കമ്പനിയുടെ മാനേജര്‍ കൃഷ്ണകുമാര്‍, സ്റ്റേജ് നിര്‍മ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം എന്നിവരെ ഇന്നലെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എംഡി, നിഘോഷ് കുമാര്‍, ഇവന്റ് മാനേജ്‌മെന്റ് ഉടമ പി എസ് ജനീഷ് എന്നിവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

എംഎല്‍എ അപകടത്തില്‍പ്പെട്ട, പന്ത്രണ്ടായിരത്തിലികം പേര്‍ പങ്കെടുത്ത കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടനത്തില്‍ ഗുരുതര വീഴ്ചയും ക്രമക്കേടുമാണ് ഉണ്ടായത്. മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടിയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളോ പ്രോട്ടോകോളോ പാലിച്ചില്ലായിരുന്നു. സംഘാടകര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. സംഘാടകരായ മൃദംഗവിഷനെതിരെ ഗുരുതര ആക്ഷേപം ഉയര്‍ന്നിരുന്നു. നൃത്തപരിപാടിക്ക് എത്തിയവരില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ലെന്നാണ് പരാതി.

Read Also: മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ: അതി തീവ്ര ദുരന്തം ആയി പ്രഖ്യാപിച്ച് കേന്ദ്രം

ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് പന്ത്രാണ്ടായിരം നര്‍ത്തകരുടെ ഭരതനാട്യമാണ് മൃദംഗവിഷന്‍ സംഘടിപ്പിച്ചത്. തമിഴ്‌നാടിന്റെ റെക്കോര്‍ഡ് മറികടക്കാനുള്ള കേരളത്തിന്റെ നൃത്തപരിപാടി എന്നാണ് നല്‍കിയ പ്രചാരണം. ഇത് സര്‍ക്കാര്‍ പരിപാടിയെന്ന് തെറ്റിദ്ധരിച്ചാണ് പലരുമെത്തിയത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഒരാളില്‍ നിന്നും വാങ്ങിയത് മുവായിരത്തി അഞ്ഞൂറ് രൂപ.

മേക്കപ്പ് ഉള്‍പ്പെടെയുള്ള ചിലവുകള്‍ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മുടക്കണം. ഒപ്പമെത്തുന്നവര്‍ക്ക് പരിപാടി കാണാന്‍ വേറെ ടിക്കറ്റുമെടുക്കണം. ഇത്ര പണം പിരിച്ചിട്ടും ഒരു കുപ്പിവെള്ളം പോലും നല്‍കാന്‍ സംഘാടകര്‍ തയ്യാറായില്ലിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പരിപാടിക്കെത്തിയെ നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണിയുടെ പേരിലും പണം പിരിച്ചെന്ന് ആക്ഷേപമുണ്ട്. പരസ്യത്തിനായും വന്‍തുക പിരിച്ചെടുത്തു. ഇങ്ങനെ മൃദംഗവിഷന്‍ പിരിച്ചെടുത്തത് കോടിക്കണക്കിന് രൂപയാണ്.

Story Highlights : Uma Thomas MLA health condition remains critical

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here