ഏഷ്യന്‍ ഗെയിംസിന് പരിശീലനത്തിന് പണമില്ലാതെ ദേശീയ മെഡലുകള്‍ വില്‍ക്കാന്‍ അന്ന് അമ്മയും മകനും തീരുമാനിച്ചു, ശേഷം ചരിത്രം

വൈകിയാണെങ്കിലും നീന്തല്‍ താരം സാജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചത് സാജന്റെ അമ്മ വി.ജെ. ഷാന്റിമോളെയാണ്.കാരണം ആ അമ്മയുടെ സമര്‍പ്പണമാണ് സാജന്റെ നേട്ടങ്ങള്‍ക്കെല്ലാം കാരണം. മറ്റൊരാള്‍ കോച്ച് എസ്. പ്രദീപ് കുമാറും.പ്രദീപിന് 2016ല്‍ ദ്രോണാചാര്യ ലഭിച്ചിരുന്നു. (sanil p thomas on sajan prakash arjuna award)
‘അവന്‍ ബെല്ലാരിയിലാണ്. നല്ല ഉറക്കത്തിലാണ്.അവാര്‍ഡ് വിവരം അറിഞ്ഞിട്ടില്ല.’ ഷാന്റിമോള്‍ ഇത്രയും പറഞ്ഞപ്പോള്‍ സാജന്റെ കോള്‍ അമ്മയ്ക്കു വന്നു.
1980 കളുടെ രണ്ടാം പകുതിയില്‍ ദേശീയ ജൂനിയര്‍ മീറ്റില്‍ തുടരെ മൂന്നു തവണ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഷാന്റിമോള്‍ ലോക സര്‍വകലാശാലാ മീറ്റില്‍ പങ്കെടുത്തിട്ടുണ്ട്. അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ മീറ്റില്‍ സ്പ്രിന്റ് ഡബിള്‍ നേടിയ ഓട്ടക്കാരി. നെയ് വേലി ലിഗ് നൈറ്റ്‌സില്‍ ജോലിയും കിട്ടി. സാജന്‍ പ്രകാശിന് രണ്ടര വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതാണ്.ഷാന്റിമോളുടെ പിന്നീടുള്ള ജീവിതം സാജനു വേണ്ടിയായി.സഹപ്രവര്‍ത്തകരൊക്കെ വീടും കാറും സ്വന്തമാക്കിയപ്പോള്‍ ലിഗ് നൈറ്റ്‌സിന്റെ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ ജീവിച്ച് ഷാന്റിമോള്‍ മകനെ വളര്‍ത്തി. ഒളിംപിക്‌സിലും ലോക ചാംപ്യന്‍ഷിപ്പിലുമൊക്കെ മകന്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു.
റയില്‍വേസില്‍ ജോലി നോക്കുമ്പോഴാണ് സാജനെ കേരളം ക്ഷണിച്ചതും 2015ലെ ദേശീയ ഗെയിംസില്‍ 11 ഇനങ്ങളില്‍ മത്സരിച്ച് ആറു സ്വര്‍ണവും മൂന്നു വെള്ളിയും നേടിയത്.ഒരു ദേശീയ റെക്കോര്‍ഡും അഞ്ചു മീറ്റ് റെക്കോര്‍ഡും സ്വന്തമാക്കി. കേരളം വാഗ്ദാനം ചെയ്ത ജോലി 2017 ജനുവരിയില്‍ കിട്ടി. ആംഡ് പൊലീസില്‍ ഇന്‍സ്‌പെക്ടര്‍.പക്ഷേ, ചില സാങ്കേതിക കാരണങ്ങളാല്‍ ശമ്പളം വൈകി.2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് പരിശീലനത്തിനു പണമില്ലാതെ ദേശീയ ഗെയിംസ് മെഡലുകള്‍ വില്‍ക്കുവാന്‍ അമ്മയും മകനും തീരുമാനിച്ചിടത്തോളം കാര്യങ്ങള്‍ എത്തി. സംഭവം വാര്‍ത്തയായി. ശേഷം ചരിത്രം.
2018 ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനു ചെന്ന ദിവസം തന്നെ റോഡില്‍ എതിരേ നടന്നുവരുന്ന സാജനെയും പ്രദീപിനെയും കണ്ടു.സാജനോട് ചോദിച്ചു. ‘അമ്മ പറയുന്നു സാജന്‍ എന്ന്. പല പത്രങ്ങളും സജന്‍ എന്ന് എഴുതുന്നു. ഏതാണ് എഴുതേണ്ടത്? ‘ മറുപടി പെട്ടെന്നായിരുന്നു. ‘അമ്മ വിളിക്കുന്നതു തന്നെ.’ .ഇതു കേട്ട് പ്രദീപ് പറഞ്ഞു. ‘ ഞാനും സജന്‍ എന്നാന്നു വിളിച്ചിരുന്നത്. ‘ ഇതറിഞ്ഞ് ഷാന്റിമോള്‍ പറഞ്ഞു. ‘എന്നെ പലരും ശാന്തിമോള്‍ ആക്കിയില്ലേ?. അതുപോലെ തന്നെ.’
2023 ല്‍ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ ഉടനെ ഷാന്റിമോള്‍ വിളിച്ചു. ‘സാജന്റെ ഫോണ്‍ നഷ്ടപ്പെട്ടു. കണ്ടാല്‍ ഒന്ന് ആശ്വസിപ്പിക്കണം.’ ഈ വാര്‍ത്ത അന്നു ഞാന്‍ 24 ന്യൂസ് ഓണ്‍ലൈനില്‍ എഴുതിയിരുന്നു. പല തവണ അപേക്ഷിച്ചിട്ടും അര്‍ജുന യോ കേരളത്തില്‍ നിന്ന് ജി.വി.രാജ അവാര്‍ഡോ കിട്ടാതെ വന്നതോടെ ഷാന്റി മോള്‍ രണ്ടു വര്‍ഷമായി മകന്റെ അവാര്‍ഡിന് അപേക്ഷ അയക്കുന്നില്ലായിരുന്നു. വൈകിയെങ്കിലും ഇക്കുറി അത് കൈവന്നു. സാജനെ ഓരോ നിമിഷവും പിന്തുടരുന്ന, പ്രോത്സാഹിപ്പിക്കുന്ന അമ്മയ്ക്കുള്ള അംഗീകാരം കൂടിയാണിത്.
Story Highlights : sanil p thomas on sajan prakash arjuna award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here