‘അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ല; നിയമനടപടികളുമായി മുന്നോട്ട് പോകും’; പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ MLA കെ വി കുഞ്ഞിരാമന്‍

അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ലെന്ന് പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ MLA കെ വി കുഞ്ഞിരാമന്‍. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കെ വി കുഞ്ഞിരാമന്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചിട്ടും യാതൊരു കൂസലുമില്ലാതെയായിരുന്നു കുഞ്ഞിരാമന്റെ പ്രതികരണം.
സിബിഐക്കെതിരെ വിമര്‍ശനവുമായി ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റൊരു സിപിഐഎം നേതാവും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠന്‍ രംഗത്തെത്തി. കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂവെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇതിനിടെ പ്രതികളെ കാണാന്‍ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കോടതിയിലെത്തി. ശിക്ഷിക്കപ്പെട്ടത് പാര്‍ട്ടിക്കാരായത് കൊണ്ട് കാണാന്‍ വന്നെന്നാണ് സിഎന്‍ മോഹനന്റെ പ്രതികരണം.
പെരിയ ഇരട്ടക്കൊലക്കേസില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവുമാണ് വിധിച്ചത്. ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 14, 20, 21, 22 പ്രതികള്‍ക്ക് 5 വര്‍ഷം തടവ് വിധിച്ചു. 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനും CPIM ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവുമായ എ പീതാംബരനും ഉദുമ മുന്‍ MLA കെ വി കുഞ്ഞിരാമനും ഉള്‍പ്പെടെയുള്ളവരാണ് കുറ്റക്കാര്‍.
Story Highlights : CPIM leader KV Kunhiraman about Periya case Conviction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here