Advertisement

‘എംടി പോയിട്ട് 10 ദിവസമായി.. മറക്കാത്തത് കൊണ്ടാണല്ലോ വന്നത്.. മറക്കാന്‍ പറ്റാത്തത് കൊണ്ട്’ ; സിതാരയിലെത്തി മമ്മൂട്ടി

January 3, 2025
Google News 1 minute Read
mammootty

എം ടി വാസുദേവന്‍നായരുടെ വീട്ടിലെത്തി നടന്‍ മമ്മൂട്ടി. ഷൂട്ടിംഗ് തിരക്കുമായി ബന്ധപ്പെട്ട് നാട്ടിലില്ലാത്തതിനാല്‍ മരണ സമയത്ത് അദ്ദേഹത്തിന് എത്താന്‍ സാധിച്ചിരുന്നില്ല. രമേഷ് പിഷാരടിക്കൊപ്പമാണ് അദ്ദേഹം നടക്കാവിലെ എംടിയുടെ വസതിയായ സിതാരയില്‍ എത്തിയത്. എംടിയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.

എംടി പോയിട്ട് 10 ദിവസമായി. മറക്കാത്തത് കൊണ്ടാണല്ലോ വന്നത്. മറക്കാന്‍ പറ്റാത്തത് കൊണ്ട് – അദ്ദേഹം കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ സുപ്രധാന കഥാപാത്രങ്ങള്‍ പലതും എംടി വാസുദേവന്‍ നായരുടേതാണ്. എംടിയുടെ കഥാപാത്രങ്ങള്‍ക്ക് മമ്മൂട്ടി ജീവന്‍ പകര്‍ന്നപ്പോഴെല്ലാം ഇരുവര്‍ക്കും ഇടയിലെ വിസ്മയിപ്പിക്കുന്ന ഇഴയടുപ്പം പ്രേക്ഷകര്‍ അനുഭവിച്ചു. വടക്കന്‍ പാട്ടുകളില്‍ ക്രൂരനും ചതിയനുമായ ചന്തുവിന് നായകപരിവേഷമാണ് എം ടി നല്‍കിയത്. അതുവരെ കണ്ടുംകേട്ടും പരിചയിച്ച കഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തം. എംടിയുടെ തൂലികയില്‍ വടക്കന്‍ പാട്ടിലെ കഥാപാത്രങ്ങള്‍ പുനര്‍ജനിച്ചപ്പോള്‍ പ്രേക്ഷകര്‍ അത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. മുഖസൗന്ദര്യവും ആകാരസൗഷ്ഠവവും ഒത്തുചേര്‍ന്ന ചന്തുവിന്റെ രൂപം മമ്മൂട്ടിയെന്ന മഹാനടന്റെ കയ്യില്‍ ഭദ്രമായിരുന്നു. മലയാളസിനിമക്കും മമ്മൂട്ടിക്കും നിരവധി നേട്ടങ്ങള്‍ നേടിക്കൊടുത്തു ഒരു വടക്കന്‍ വീരഗാഥ.

എംടിയുടെ മരണ ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ വൈകാരികമായ കുറിപ്പ് മമ്മൂട്ടി പങ്കുവച്ചിരുന്നു. ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു – എന്നാണ് എംടി തന്റെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.

Story Highlights : Mammootty visited MT Vasudevan Nair’s home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here