ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസം: സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക ഐഡി നല്‍കും, പ്രത്യേക വെബ് പോര്‍ട്ടലും

ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസത്തില്‍ പങ്കാളികളാകുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക ഐഡി നല്‍കും. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രത്യേക വെബ് പോര്‍ട്ടലും തയാറാക്കും. ദുരന്തബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 100ല്‍ താഴെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗമാണ് ചേര്‍ന്നത്.
സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കുകയും ഓരോ സ്‌പോണ്‍സര്‍ക്കും സവിശേഷമായ സ്‌പോണ്‍സര്‍ ഐഡി നല്‍കുന്നതും മാത്രമല്ല ഓണ്‍ലൈന്‍ പെയ്‌മെന്റ് ഓപ്ഷനും ഉണ്ടാകും. സ്‌പോണ്‍സര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റും മറ്റ് അംഗീകാരങ്ങളും നല്‍കും. സ്‌പോണ്‍സര്‍ഷിപ്പ് മാനേജ്‌മെന്റിനായി പ്രത്യേക യൂണിറ്റ് ഉണ്ടാകും. ഇതിനുവേണ്ടി ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി പിഐയുന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യും. മുഖ്യമന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും ഉള്ള അവലോകനവും ഉണ്ടാകും. ഡിഡിഎംഎ, സ്‌പോണ്‍സര്‍, കോണ്‍ട്രാക്ടര്‍ എന്നിവര്‍ തമ്മിലുള്ള ത്രികക്ഷി കരാര്‍ ഉണ്ടാകും. കരാറിന്റെ നിര്‍വഹണം പിഐയു ഏകോപിപ്പിക്കും. നിര്‍മ്മാണ പ്രക്രിയകളുടെ ഉപാധികളും നിബന്ധനകളും സമയക്രമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പാക്കും.
വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ചെലവുകള്‍ വിലയിരുത്തി പരമാവധി സഹായം നല്‍കുമെന്ന് സ്‌പോണ്‍സര്‍മാര്‍ അറിയിച്ചു. ഒരുമിച്ച് ഒറ്റക്കെട്ടായി നീങ്ങി പുനരധിവാസം പൂര്‍ത്തിയാക്കുമെന്നും അതിനുള്ള പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എസ് കാര്‍ത്തികേയന്‍ തുടങ്ങിയവരും പങ്കെടുത്തു.
Story Highlights : Chooralmala – Mundakkai Rehabilitation: Sponsor will be issued with a separate ID
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here