‘ജാമിഅ: മതേതര സന്ദേശം പകരുന്ന വിശിഷ്ട സ്ഥാപനം’; എന്‍എസ്എസിനും എസ്എന്‍ഡിപിക്കും പിന്നാലെ സമസ്തയുടെ വേദിയില്‍ രമേശ് ചെന്നിത്തല

കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സമസ്ത വേദിയിലെത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലപ്പുറം പട്ടിക്കാട് ജാമിഅ: നൂരിയ വാര്‍ഷിക സമ്മേളനത്തിലാണ് രമേശ് ചെന്നിത്തല പങ്കെടുത്തത്. സാദിഖലി ശിഹാബ് തങ്ങളുമായും പി. കെ കുഞ്ഞാലിക്കുട്ടിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. മുസ്ലിം ലീഗ് എല്ലാക്കാലത്തും തനിക്കൊപ്പമുണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജാമിഅ: സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മതേതര സന്ദേശം പകരുന്ന വിശിഷ്ട സ്ഥാപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗീതയും ഖുറാനും ബൈബിളും വായിച്ച ആളാണ് താനെന്നും മഹത്തായ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് തങ്ങള്‍മാര്‍ എല്ലാവരെയും ചേര്‍ത്തു പിടിയ്ക്കുന്നുവെന്നും സംഘര്‍ഷമുണ്ടാകുന്നയിടത്ത് സമാധാനത്തിന്റെ ദൂതുമായി പാണക്കാട് തങ്ങള്‍മാരും പി.കെ കുഞ്ഞാലിക്കുട്ടിയും എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ജുഡീഷ്യറി നിഷ്പക്ഷമാവാതിരിക്കാനുള്ള ശ്രമം നടത്തുന്നുവെന്ന് ചെന്നത്തല ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂറ്റാണ്ടുകള്‍ മുന്‍പ് ഭരിച്ച മുഗള്‍ രാജാക്കന്മാര്‍ ഇന്ത്യയെ ഇസ്ലാം രാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിച്ചില്ല. ബാബറി മസ്ജിദ് പൊളിച്ച സമയത്ത് ഇവിടെ സംഘര്‍ഷങ്ങള്‍ ഉണ്ടാവാതിരുന്നത് പാണക്കാട് ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട്.ഹിന്ദു മതം ഒരു മതത്തെയും ഇകഴ്ത്തി കാണിക്കാന്‍ പറയുന്നില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ആരാധനാലയങ്ങളെയും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റ ഉത്തരവാദിത്തമാണ്. എന്തിനാണ് ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നത്. RSS – BJP താല്‍പ്പര്യം ജനങ്ങളെ ഭിന്നിപ്പിക്കലാണ്. ഒരുമിച്ച് പോരാടണം – ചെന്നിത്തല പറഞ്ഞു.
എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും പിന്തുണയുറപ്പിച്ചതിന് പിന്നാലെയാണ് മുസ്ലിംലീഗിന്റെ വേദിയിലും ചെന്നിത്തലയെത്തുന്നത്. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ് ആയ, സമസ്തക്ക് കീഴിലുള്ള ജാമിയയിലേക്കാണ് രമേശ് ചെന്നിത്തല എത്തിയത്.കഴിഞ്ഞവര്‍ഷത്തെ വാര്‍ഷിക സമ്മേളനത്തില്‍ വിഡി സതീശന്‍ പങ്കെടുത്തിരുന്നു. ഇത്തവണ ഇടം പിടിച്ചില്ല. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസില്‍ ആരംഭിച്ച പോരിന് അയവില്ല.
Story Highlights : Ramesh Chennithala at Samastha program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here