‘രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാൻ ഒന്നിച്ച് പോരാടാം’; രമേശ് ചെന്നിത്തലയെ പുകഴ്ത്തി സാദിഖലി ശിഹാബ് തങ്ങൾ

രമേശ് ചെന്നിത്തലയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പട്ടിക്കാട് ജാമിഅ സമ്മേളനത്തിലെ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സാദിഖലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. യോജിക്കാവുന്നിടങ്ങളിൽ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാൻ ഒന്നിച്ച് പോരാടാമെന്ന് സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
വിയോജിപ്പുകളിലും യോജിച്ച് ഫാസിസത്തെ എതിർക്കണമെന്നും എല്ലാക്കാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത് എന്ന് തങ്ങൾ കുറിപ്പിൽ പറയുന്നു. എല്ലാക്കാലത്തും മുസ്ലിം ലീഗ് തന്നോടൊപ്പം ഉണ്ടെന്നും ഇനിയുമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. തനിക്ക് മുസ്ലിംലീഗുമായി ഏറ്റവും നല്ല ബന്ധം. അതൊരു കാരണവശാലും ഇല്ലാതാകില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
പട്ടിക്കാട് ജാമിഅ സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നത്തെ മുഖ്യാതിഥി ശ്രീ രമേശ് ചെന്നിത്തലയായിരുന്നു. മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം നടന്ന ഗരീബ് നവാസ് ഉദ്ഘാടനം അദ്ദേഹമായിരുന്നു. മുമ്പും പല തവണ ജാമിഅയിലെത്തിയ അദ്ദേഹം തന്റെ അനുഭവങ്ങൾ വിവരിച്ചു. ഇന്നും അത്തരത്തിലൊരു സ്‌നേഹ വിരുന്നൊരുക്കി ഫൈസാബാദ്.
ശേഷം അദ്ദേഹം നടത്തിയ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാമടങ്ങിയതയിരുന്നു. വിവിധ മത കേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചതിന്റെയും അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. വിയോജിപ്പുകളിലും യോജിച്ച് ഫാസിസത്തെ എതിർക്കണമെന്നും എല്ലാകാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്. ആ വാക്കുകൾ ഏറ്റെടുത്ത് യോജിക്കാവുന്നിടങ്ങളിൽ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാൻ നമുക്കൊന്നിച്ച് പോരാടാം.
Story Highlights : Sadiqali Shihab Thangal praised Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here