മാരുതിക്ക് ടാറ്റയുടെ പഞ്ച്; ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനമായി പഞ്ച് എസ്‌യുവി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനമായി മാറി ടാറ്റയുടെ പഞ്ച് എസ്‌യുവി. 40 വർഷത്തിനിടെ ആദ്യമായാണ് മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളെ പിന്തള്ളി മറ്റൊരു ബ്രാൻഡ് വിപണിയിൽ ആധിപത്യം നേടുന്നത്. ടാറ്റ മോട്ടോഴ്‌സിൻ്റെ സബ്‌കോംപാക്റ്റ് എസ്‌യുവിയായ പഞ്ച്, മാരുതി സുസുക്കിയുടെ വാഗൺ ആർ, സ്വിഫ്റ്റ് എന്നിവയെ പിന്തള്ളിയാണ് 2024-ൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയത്.
ടാറ്റ മോട്ടോഴ്‌സ് 2024-ൽ 2.02 ലക്ഷം യൂണിറ്റ് ടാറ്റ പഞ്ച് വിറ്റു, 1.91 ലക്ഷം യൂണിറ്റുകൾ വിറ്റ വാഗൺ ആറിനെ മറികടന്നു. 2024ൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറുകളിൽ മൂന്നെണ്ണവും എസ്‌യുവികളായിരുന്നു. 2024 കലണ്ടർ വർഷത്തെ പ്രകടനം എസ്‌യുവി വിഭാഗത്തിലെ ശക്തമായ വളർച്ചയും എമിഷൻ-ഫ്രണ്ട്‌ലി പവർട്രെയിനുകൾക്കുള്ള സുസ്ഥിരമായ ട്രാക്ഷനും ഉപയോഗിച്ച് പിവി വ്യവസായം 4.3 ദശലക്ഷം യൂണിറ്റ് വിൽപ്പനയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും എംഡി ശൈലേഷ് ചന്ദ്ര പറഞ്ഞു.
2021 ഒക്ടോബറിലാണ് ടാറ്റ പഞ്ച് വിപണിയിലെത്തിയതയ്. 2023-ലെ ബെസ്റ്റ് സെല്ലർ കാറായ മാരുതി സുസുക്കി സ്വിഫ്റ്റിനെയടക്കം പഞ്ച് പിന്നിലാക്കിയാണ് വിപണിയിൽ പഞ്ചിന്റെ കുതിപ്പ് തുടരുന്നത്. ഈ വർഷം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ പോലും സ്വിഫ്റ്റിന് സ്ഥാനം നേടാനായിലല്ല. 2023-ൽ ഏഴാം സ്ഥാനത്തായിരുന്നു പഞ്ച്. അവിടെ നിന്നാണ് 2024ൽ വിപണിയിലെ രാജാവായി പഞ്ച് മാറിയത്. 2014ൽ മാരുതിയുടെ ടോൾബോയ് ഹാച്ച്ബാക്കായ വാഗൺആർ ആണ് രണ്ടാമത്. 187,200 യൂണിറ്റാണ് വാഗൺആറിന്റെ വിൽപ്പന.
വ്യത്യസ്ത പവർട്രെയിൻ ഓപ്ഷനുകളാണ് പഞ്ചിനെ ആകർഷകമാക്കുന്ന ഒരു ഘടകം. പെട്രോൾ, സിഎൻജി, ഇലക്ട്രിക് പതിപ്പുകളിൽ പഞ്ച് വാങ്ങാൻ കഴിയും. 2024 ജനുവരിയിൽ പഞ്ച് ഇവി വിപണിയിലെത്തിയിരുന്നു. 6000 ആർപിഎമ്മിൽ പരമാവധി 86 PS പവറും 3300 ആർപിഎമ്മിൽ 113 Nm ടോർക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ റെവോട്രോൺ എഞ്ചിനാണ് ടാറ്റ പഞ്ചിന്റെ കരുത്ത്. ഇത് 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാങ്ങാം. 6.13 ലക്ഷം രൂപ മുതലാണ് ഈ കാറിന്റെ വില തുടങ്ങുന്നത്. പഞ്ച് ഇവിയുടെ വില തുടങ്ങുന്നത് 9.99 ലക്ഷം മുതലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here