എൻ എം വിജയന്റെ സാമ്പത്തിക ബാധ്യത അറിയാമായിരുന്നു; വയനാട് ഡിസിസി നേതൃത്വത്തിന്റെ വാദം പൊളിയുന്നു

ആത്മഹത്യ ചെയ്ത ഡിസിസി ട്രഷർ എൻ എം വിജയന്റെ സാമ്പത്തിക ബാധ്യതയെ കുറിച്ച് അറിയില്ലെന്ന വയനാട് ഡിസിസി നേതൃത്വത്തിന്റെ വാദം പൊളിയുന്നു. ബത്തേരിയിലെ സ്ഥലം വിൽക്കാൻ എൻഎം വിജയൻ ഒപ്പു വെച്ച കരാർ പുറത്തുവന്നു. ഡിസിസി വൈസ് പ്രസിഡന്റ് ഒവി അപ്പച്ചനാണ് കരാറിൽ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത്. രേഖകൾ ട്വന്റിഫോറിന് ലഭിച്ചു.
ബാധ്യത തീർക്കാൻ ബത്തേരിയിലെ സ്ഥലം ഈടു നൽകി പലിശയ്ക്ക് പണം വാങ്ങി. തൃക്കൈപ്പറ്റ നത്തംകുനി സ്വദേശിയിൽ നിന്നാണ് പണം വാങ്ങിയത്. ഇത് തിരിച്ചു നൽകാൻ കഴിയാതെ വന്നതോടെ സ്ഥലം ഈട് നൽകിയാണ് പലിശയ്ക്ക് കടം വാങ്ങിയത്. വിജയന്റെ പേരിൽ ബത്തേരി ചീനപ്പുല്ലിനടുത്തുള്ള സ്ഥലം വിറ്റ് ബാധ്യത തീർക്കാൻ ആയിരുന്നു നീക്കം. ഈ സ്ഥലം ബത്തേരി അർബൻ ബാങ്കിൽ പണയത്തിൽ ആയിരുന്നു.
കരാറിൽ പറഞ്ഞ സമയത്ത് പണം നൽകാനോ സ്ഥലം വിൽക്കാനോ കഴിഞ്ഞില്ല. ഈ കരാറിലാണ് ഡിസിസി വൈസ് പ്രസിഡന്റ് ഒപ്പു വച്ചിട്ടുള്ളത്. ഈ പരാതി കോടതിയുടെ പരിഗണനയിലേക്ക് നീങ്ങുകയായിരുന്നു. വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെയും മകൻറെയും ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ഇടപാടെന്ന സൂചനയ്ക്ക് പിന്നാലെ വിജയൻ KPCC നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത് വന്നിരുന്നു. പണം നൽകിയതിന്റെ കണക്ക് സൂചിപ്പിച്ചാണ് കത്ത്. 2021 ൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് വിജയൻ കത്തയച്ചിരുന്നത്.
നിയമനം ലഭിക്കാതായതോടെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങിയ പത്ത് ലക്ഷം രൂപ ഐ.സി ബാലകൃഷ്ണൻ എംഎൽഎയെ ഏൽപ്പിച്ചു. പണമിടപാട് നടന്നതിന്റെ ഉടമ്പടി രേഖയും പുറത്തുവന്നു. കോൺഗ്രസ് നേതാക്കൾ വാങ്ങിയ പണം തിരികെ നൽകിയില്ലെന്നും കത്തിലുണ്ട്.
Story Highlights : Wayanad DCC leadership was aware of NM Vijayan’s financial burden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here