ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര: പോരാട്ടങ്ങളുടെ മറ്റൊരു പേര്

‘മിസ്റ്റര്‍ ധനുഷ്, സ്റ്റേജില്‍ താങ്കള്‍ക്കുള്ള പ്രതിഛായയുടെ പകുതിയെങ്കിലും വ്യക്തിജീവിതത്തില്‍ നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു’. ഈ വാക്കുകളിലുള്ള മൂര്‍ച്ചയും തന്റേടവും ഇത് എഴുതിയ വ്യക്തിക്കുമുണ്ട്. കോളിവുഡിന്റെ ‘ ലേഡി സൂപ്പര്‍സ്റ്റാര്‍ ‘ എന്ന് അറിയപ്പെടുന്ന നയന്‍താരയും ദേശീയ അവാര്‍ഡ് ജേതാവും പ്രമുഖ നടനുമായ ധനുഷും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ അടുത്തിടെ ഏറെ ചര്‍ച്ചയായിരുന്നു. 2013 – ല്‍ തന്റെ തന്നെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ‘എതിര്‍നീച്ചല്‍ ‘ എന്ന ചിത്രത്തിലെ അതിഥിവേഷത്തിന് പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ച അതേ നയന്‍താരയ്ക്ക് എതിരെയാണ് ധനുഷ് സെക്കന്‍ഡുകള്‍ മാത്രം നീളുന്ന വീഡിയോ ക്ലിപ്പിനായി 10 കോടിയോളം ആവശ്യപ്പെട്ട് ചെന്നൈ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നുമുതലാണ് നയന്‍സ് – ധനുഷ് സൗഹൃദത്തിലെ വിള്ളലുകള്‍ സംഭവിച്ച് തുടങ്ങിയത്?
വര്‍ഷം 2016. ഒരു ഫിലിംഫെയര്‍ അവാര്‍ഡ് നിശ. ‘ നാനും റൗഡി താന്‍ ‘ എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷം നയന്‍താരയെയാണ് മികച്ച തമിഴ് നടിയായി ജ്യൂറി തെരഞ്ഞെടുത്തത്. ആ സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എല്ലാം നന്ദി പറയുന്ന കൂട്ടത്തില്‍ നയന്‍താര വേദിയില്‍ വെച്ച് ഇങ്ങനെ ഒന്ന് കൂടെ കൂട്ടിച്ചേര്‍ത്തു: ‘ എന്നോട് ക്ഷമിക്കണം ധനുഷ്. കാരണം അദ്ദേഹത്തിന് ഈ സിനിമയിലെ എന്റെ അഭിനയം തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. തുടര്‍ന്നുള്ള ചിത്രങ്ങളില്‍ ഞാന്‍ അത് മെച്ചപ്പെടുത്തുവാന്‍ ശ്രമിച്ചുകൊള്ളാം’. അന്ന് ഈ സംഭവം വേദിയിലും സദസിലുമിരുന്നവര്‍ എല്ലാം ചിരിച്ചുതള്ളി. എന്നാല്‍, ഇന്നാണ് പലര്‍ക്കും നയന്‍താര അന്ന് പറഞ്ഞതിന്റെ ശരിയായ അര്‍ത്ഥം മനസിലാവുന്നത്.
ഇന്ന് സോഷ്യല്‍ മീഡിയ അടക്കിവാഴുന്ന ഈ തര്‍ക്കം ആരംഭിക്കുന്നത് നവംബര്‍ പതിനാറിന് ‘ ഓം നമഃ ശിവായ ‘ എന്ന് ധനുഷ് എന്നും ഉദ്ധരിക്കാറുള്ള വാക്യം അടിക്കുറിപ്പാക്കി നയന്‍താര പോസ്റ്റ് ചെയ്ത മൂന്ന് പേജ് നീളുന്ന ശക്തമായ ഒരു കത്തിലൂടെയാണ്. രണ്ട് ദിവസം കഴിഞ്ഞു പുറത്തിറങ്ങുന്ന ‘ നയന്‍താര: ബിയോണ്ട് ദി ഫെയറി ടൈല് ‘ എന്ന ഡോക്യൂമെന്ററിക്ക് എതിരെ ധനുഷ് നടത്തുന്ന അക്രമണത്തെക്കുറിച്ച് രൂക്ഷമായി നയന്‍താര ആ കത്തിലൂടെ പരാമര്‍ശിച്ചു. 25 കോടിയോളം മുടക്കി നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തു വരുന്ന ഡോക്യൂമെന്ററിയുടെ ട്രെയ്‌ലറില്‍ മൂന്ന് സെക്കന്‍ഡ് മാത്രം വരുന്ന താന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബി ടി എസ് ദൃശ്യങ്ങള്‍ ഉണ്ട് എന്ന് ആരോപിച്ച് അത് നീക്കം ചെയ്ത് 10 കോടി നഷ്ടപരിഹാരം നല്‍കാന്‍ ധനുഷ് നോട്ടീസ് നല്‍കി എന്ന് നയന്‍താര കത്തിലൂടെ വ്യക്തമാക്കി. ‘ വണ്ടര്‍ബാര്‍ ‘ എന്ന ജര്‍മന്‍ നാമത്തിലുള്ള ധനുഷിന്റെ നിര്‍മ്മാണ കമ്പനിയെ കളിയാക്കും വിധം ‘ സ്‌കാഡന്‍ഫ്രൂഡ് ‘ അഥവാ മറ്റുള്ളവരുടെ സങ്കടത്തില്‍ ആനന്ദം കണ്ടെത്തുന്ന അവസ്ഥ എന്ന ജര്‍മന്‍ വാക്ക് ധനുഷിന്റെ സ്വഭാവത്തെ പരാമര്‍ശിച്ചുകൊണ്ട് നയന്‍താര കത്തില്‍ കുറിച്ചിട്ടു.

പാര്‍വതി തിരുവോത്ത്, ഇഷ തല്‍വാര്‍, നസ്രിയ, ശ്രുതി ഹാസന്‍ തുടങ്ങി നിരവധി നടിമാര്‍ നയന്‍സിന് വിഷയത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നയന്‍താരയെ പോലെ ഇത്രയും ആരാധകരുള്ള നടിക്കുപോലും ഇതേ പോലുള്ള ഒരു അവസ്ഥ വരുന്നത് ദയനീയമാണ് എന്ന് നടി പാര്‍വതി ഒരു സദസില്‍ പറയുകയുണ്ടായി. നടി ഇഷ തല്‍വാര്‍ ‘ വെല്‍ ഡണ്‍ ‘ എന്നും നയന്‍താരയുടെ പോസ്റ്റിന് കമന്റായി കുറിച്ചു. ഇതൊക്കെ ഉണ്ടെങ്കിലും വലിയതോതിലുള്ള സൈബര്‍ ആക്രമണം നയന്‍താരയ്ക്ക് നേരിടേണ്ടി വന്നു.
2018ല്‍ ഫോര്‍ബ്‌സ് ഇന്ത്യ പുറത്തിറക്കിയ ‘ സെലിബ്രിറ്റി 100 ‘ പട്ടികയിലെ ഏക ദക്ഷിണേന്ത്യന്‍ നടിയായ, തമിഴ് സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറും നയന്‍സും തലൈവിയും എല്ലാമായ നയന്‍താരയുടെ ജീവിതത്തില്‍ ഇത്തരം വിവാദങ്ങള്‍ ഇത് ആദ്യമല്ല. ‘മനസ്സിനക്കരെ ‘ (2003) യിലൂടെ അഭിനയലോകത്തിലേക്കെത്തി ‘അയ്യാ'(2005), ‘ചന്ദ്രമുഖി ‘ (2005) തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരെ കീഴടക്കിയ ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി ബോഡി ഷെയിമിങ്ങും ഗോസിപ്പുകളും അതിന്റെ ഏറ്റവും രൂക്ഷമായ രീതിയില്‍ അനുഭവിച്ചിരുന്നു. ‘ ഗജിനി ‘ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ച ബോഡി ഷെയിമിങ് കമ്മന്റുകളാണ് തന്റെ കരിയറിലെ ആദ്യ തിരിച്ചടി എന്ന് നയന്‍സ് തന്റെ ഡോക്യൂമെന്ററിയില്‍ പറയുന്നുണ്ട്. ചിമ്പു, പ്രഭുദേവ തുടങ്ങി നിരവധി നടന്മാരോടൊപ്പം ഗോസിപ് കോളങ്ങളില്‍ നയന്‍സ് ഇടംപിടിച്ചു.
ഗോസിപ്പുകളില്‍നിന്ന് ഗോസിപ്പുകളിലേക്ക് പോയികൊണ്ടിരുന്ന നയന്‍സിന് പിന്നീട് കലൈമാമണി, നന്ദി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചത് കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും മാത്രമാണ്. 2011ല്‍ ഹിന്ദുത്വം സ്വീകരിച്ച അവര്‍ക്ക് പിന്നീട് പ്രണയത്തകര്‍ച്ച സംഭവിക്കുകയും അഭിനയം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ തോറ്റുകൊടുക്കാന്‍ മനസില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കും വിധം ‘ രാജാറാണി ‘ (2013) യിലൂടെ സിനിമാരംഗത്തിലേയ്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ‘ ലേഡി സൂപ്പര്‍സ്റ്റാര്‍ ‘ എന്ന പട്ടം ആരാധകര്‍ അവര്‍ക്കായി ചാര്‍ത്തി കൊടുക്കുകയും ചെയ്തു. ഓഡിയോ ലോഞ്ചുകളില്‍ വരാതിരിക്കുക, അഭിമുഖങ്ങള്‍ നല്‍കാതിരിക്കുക, അഹങ്കാരി ആണ് തുടങ്ങിയ ആരോപണങ്ങളും നയന്‍താരയ്ക്ക് മേലെ ഇപ്പോഴും ഉണ്ട്.

ഇന്നും പുതിയ തലമുറയിലെ സ്ത്രീകള്‍ക്ക് പ്രചോദനമായും, മുതിര്‍ന്ന സ്ത്രീകള്‍ക്ക് തങ്ങള്‍ക്ക് നടക്കാതെ പോയ പലതും പ്രാവര്‍ത്തികമാക്കുന്ന ശക്തിയായും നയന്‍താര എന്ന താരം പ്രകാശിക്കുന്നു. ഇതിന് ഉദാഹരണമാണ് ഡബ്യുസിസി സ്ഥാപകരില്‍ ഒരാളായ ദീദി ദാമോദരന്‍ നയന്‍താര – ധനുഷ് തര്‍ക്കത്തെ പറ്റി 24 നോട് പറഞ്ഞ വാക്കുകള്‍. ‘ സിനിമയിലെ പുരുഷ മേധാവിത്വത്തിന് എതിരായുള്ള ഒരു തുറന്നു പറച്ചിലാണ് നയന്‍താരയുടെ ഈ കത്ത്. ഇത്തരം വിഷയങ്ങള്‍ പൊതുവേ നടിമാര്‍ പുറത്ത് പറയാറില്ല. അതിനാല്‍ നയന്‍താര കാണിച്ച ധൈര്യം അഭിനന്ദനം അര്‍ഹിക്കുന്നു’ – ദീദി പറഞ്ഞു.
ഒരു വിവാദം പോലും വരാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നുള്ളതാണ് 20 വര്‍ഷത്തെ തന്റെ അഭിനയജീവിതത്തില്‍ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠം എന്ന് രസകരമായി നയന്‍താര അടുത്തിടെ അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. തനിക്ക് ശരിയെന്ന് തോന്നുന്ന ഒരു കാര്യം പറയാന്‍ ഭയക്കേണ്ടതില്ല എന്നും ധനുഷിനോട് തനിക്കു വ്യക്തിവൈരാഗ്യം ഇല്ല എന്നും നയന്‍സ് ഇതേ അഭിമുഖത്തിലൂടെ വ്യക്തമാക്കി. എന്നാല്‍ ‘ഒരു സിനിമയുടെ ബി ടി എസ് രംഗങ്ങളുടെ അടക്കം അധികാരം പൊതുവേ നിര്‍മാതാവിന് ആണ്. അതിനാല്‍ നിയമനടപടികളില്‍ ധനുഷിന് വിജയസാധ്യത കൂടുതലുമാണ്’ എന്നാണ് പ്രമുഖ ഹൈക്കോടതി അഭിഭാഷക പാര്‍വതി എസ് 24നെ അറിയിച്ചത്. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ‘ നാനും റൗഡി താന്‍ ‘ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ – ആക്ടര്‍ കരാര്‍ പുറത്തുവിട്ടാലേ വ്യക്തമാവുകയുള്ളു എന്നും അഡ്വക്കേറ്റ് പാര്‍വതി കൂട്ടിച്ചേര്‍ത്തു. എന്തായാലും മദ്രാസ് ഹൈക്കോടതിയുടെ പരിഗണയില്‍ ഈ കേസുമുണ്ട്. എന്നാല്‍ നയന്‍താര പറയുന്നതുപോലെ ‘കടവുളോടെ ‘ കോടതിയില്‍ ആര്‍ക്കാണ് വിജയം എന്ന് നോക്കികാണേണ്ടിയിരിക്കുന്നു.
തയാറാക്കിയത്: Aardra CIS Kundukulam, 6th semester student, Amrita Vishwa Vidyapeetham
Story Highlights : lady superstar Nayanthara beyond fairy tales
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here