Advertisement

ചിരഞ്ജീവി-നയൻതാര ചിത്രം’മെഗാ 157′ ദൃശ്യങ്ങൾ ചോർന്നു, കർശന മുന്നറിയിപ്പുമായി നിർമാതാക്കൾ

July 19, 2025
Google News 9 minutes Read
chiranjeevi nayanthara

ചിരഞ്ജീവിയുടെയും നയൻതാരയുടെയും പുതിയ ചിത്രമായ ‘മെഗാ 157’-ന്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ ചോർന്നതിനെ തുടർന്ന് കർശന മുന്നറിയിപ്പുമായി നിർമാതാക്കൾ രംഗത്ത്. ഒരു മലയാളി വ്ലോഗർ യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഷൈൻ സ്ക്രീൻസും ഗോൾഡ് ബോക്സ് എന്റർടെയിൻമെന്റ്സും നിയമനടപടിക്കൊരുങ്ങുന്നത്.

[Chiranjeevi’s ‘Mega157’]

ചോർന്ന ദൃശ്യങ്ങൾ പങ്കുവെക്കുകയോ, അപ്‌ലോഡ് ചെയ്യുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കും പ്ലാറ്റ്‌ഫോമുകൾക്കും എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. “മെഗാ 157-ൻ്റെ സെറ്റുകളിൽ നിന്ന് അനധികൃതമായി വീഡിയോകളും ഫോട്ടോകളും റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതൊരു ഗുരുതരമായ വിശ്വാസലംഘനവും ബൗദ്ധിക സ്വത്തവകാശങ്ങളുടെ ലംഘനവുമായാണ് കണക്കാക്കുന്നത്,” നിർമാതാക്കൾ എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കി.

Read Also: ‘കിങ്’ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരുക്ക്; ഒരുമാസം വിശ്രമം

പകർപ്പവകാശ ലംഘന, ആൻ്റി-പൈറസി നിയമങ്ങൾ പ്രകാരം നടപടിയുണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. തങ്ങൾ ഏറെ ഇഷ്ടത്തോടും ശ്രദ്ധയോടും ഒരുക്കുന്ന സിനിമയാണിതെന്നും, സെറ്റുകളിൽ നിന്ന് അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്നും പങ്കുവെക്കുന്നതിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണമെന്നും നിർമാതാക്കൾ അഭ്യർത്ഥിച്ചു. ഇത്തരം പ്രവൃത്തികൾ സിനിമയുടെ ക്രിയാത്മകമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രോജക്റ്റിനായി അശ്രാന്തമായി പ്രവർത്തിക്കുന്ന മുഴുവൻ ടീമിന്റെയും പ്രയത്നത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

സാഹു ഗരപതിയും സുസ്മിത കൊനിഡേലയും ചേർന്നാണ് ‘മെഗാ 157’ നിർമിക്കുന്നത്. ‘സൈറാ നരസിംഹ റെഡ്ഡി’, ‘ഗോഡ്ഫാദർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചിരഞ്ജീവിയും നയൻതാരയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദിലും രണ്ടാം ഷെഡ്യൂൾ മസൂറിയിലും പൂർത്തിയായി. ഭീംസ് സിസിറോലിയോ സംഗീതവും സമീർ റെഡ്ഡി ഛായാഗ്രഹണവും നിർവഹിക്കുന്നു. തമ്മിരാജു എഡിറ്റിംഗും എ എസ് പ്രകാശ് കലാസംവിധാനവും കൈകാര്യം ചെയ്യുന്നു. എസ്. കൃഷ്ണയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. എസ്. കൃഷ്ണയും ജി. ആദി നാരായണയും ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. 2026-ലെ സംക്രാന്തിക്ക് ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

Story Highlights : Chiranjeevi’s ‘Mega157’ Makers Step Up Action To Prevent Video Leaks,Warn Legal Action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here