‘പാട്ടിന് മതവും ജാതിയും ഒന്നുമില്ല, ഇത് കേരളമാണ്’; ഉണ്ണി നമ്പൂതിരി ദഫ്മുട്ടിന് പാട്ടുകാരനായ കഥ
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശ്രദ്ധേയമായ ഒന്നായിരുന്നു കരിവെള്ളൂർ എ.വി. സ്മാരക സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ദഫ് മുട്ട്. ഹയർ സെക്കൻഡറി വിഭാഗം ദഫ് മുട്ട് മത്സര വേദിയാണ് മതത്തെ ഭേദിച്ച് കലയ്ക്കായി ഒന്നിച്ചത്. ദഫ്‌മുട്ടിൽ ഒന്നാം സ്ഥാനം ലഭിച്ച എ.വി. സ്മാരക സ്കൂളിലെ സംഘത്തിലെ പ്രധാന പാട്ടുകാരൻ വി.എസ്.അമയ്‌വിഷ്ണു, കരിവെള്ളൂർ നിടുവപ്പുറത്തെ വാച്ചവാധ്യാൻ ഇല്ലത്തെ ഉണ്ണി നമ്പൂതിരിയാണ്.
ദഫ്‌മുട്ടിന് പാട്ടുകാരനെ അന്വേഷിക്കുമ്പോൾ അമയ് തന്നെ സ്വയം മുന്നോട്ടുവരികയായിരുന്നു. മന്ത്രധ്വനികൾ ഉരുവിടുന്ന നാവിൽനിന്ന് അല്ലാഹു അക്ബറെന്ന് ഈണത്തിൽ ഉയർന്നപ്പോൾ ദഫ്‌മുട്ട് വേദിയിൽ വിരിഞ്ഞത് പുതുവസന്തമായി. പത്താം ക്ലാസുവരെ സംസ്‌കൃതം പഠിച്ച അമയ്‌വിഷ്ണു അറബിയുടെ സ്വാധീനമുള്ള ദഫ് പാട്ട് കഷ്ടപ്പെട്ട് പഠിച്ചാണ് അരങ്ങിലെത്തിയത്.
ദഫ്‌മുട്ടിൽ ഒന്നാം സ്ഥാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അമയ്‌വിഷ്ണുവിന്റെ അച്ഛൻ ട്വന്റിഫോറിനോട് പറഞ്ഞു. പാരമ്പര്യമായി പുരോഹിത പദവിയുള്ള വാച്ച വാദ്ധ്യാൻ ഇല്ലത്തെ കുട്ടിയാണ് അമയ്. നിത്യവും ഗായത്രീ മന്ത്രം ജപിക്കുന്ന നാവിൽ നിന്നും അല്ലാഹു അക്ബർ മുഴങ്ങിയപ്പോൾ സദസ്സിന് അത് വേറിട്ട അനുഭവമായെന്നും അച്ഛൻ സുബ്രഹ്മണ്യൻ ട്വന്റി ഫോറിനോട് പറഞ്ഞു.
പുതിയൊരു കല പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വിളിച്ചപ്പോൾ ഉടൻ തന്നെ പോയി. പുതിയൊരു കല പഠിച്ച് അത് സംസ്ഥാന തലത്തിൽ എത്തിയതിൽ അതിയായ സന്തോഷമുണ്ട്. ഇതിൽ മതവും ജാതിയുമില്ല പാട്ടല്ലേ കലോത്സവമല്ലേ. ഇത് കേരളമാണ് എന്ന് അമയ്‌വിഷ്ണു ട്വന്റിഫോറിനോട് പറഞ്ഞു.
ദഫ്‌മുട്ടിന് പാട്ടുകാരനെ അന്വേഷിക്കുമ്പോൾ അമയ് തന്നെ സ്വയം മുന്നോട്ടുവരികയായിരുന്നുവെന്ന് ടീച്ചർ ജിഷ ട്വന്റി ഫോറിനോട് പറഞ്ഞു. അവൻ ഇപ്പോൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ദഫ്‌മുട്ട് പഠിച്ച് അവതരിപ്പിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം ആവുന്നതേയുള്ളു.
അമയ്‌വിഷ്ണുവിന്റെ പാട്ടിലൂടെ ദഫ് മുട്ടിന് എ ഗ്രേഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. കൂടാതെ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നുവെന്നും ടീച്ചർ പറഞ്ഞു. പ്രശസ്തഭാഗവത ആചാര്യനും കാസർഗോഡ് ചിറ്റാരിക്കൽ BPC യുമായ വാച്ച വാദ്ധ്യാൻ വി.വി.സുബ്രഹ്മണ്യന്റെയും കാഞ്ഞങ്ങാട് ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ടി.എൻ.സുധയുടെയും മകനാണ് പ്ലസ് വൺ വിദ്യാർഥിയായ അമയ്.
അതേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1000 പോയിന്റുമായി തൃശ്ശൂരാണ് ഒന്നാമത്. 997 പോയിൻ്റുമായി പാലക്കാട് രണ്ടാമത്. 995 പോയിന്റുമായി കണ്ണൂർ മൂന്നാമത്. രണ്ടു മത്സരങ്ങളുടെ കൂടി മാത്രം ഫലം വരാൻ ബാക്കിയുണ്ട്.
Story Highlights : State School Kalolsavam 2025 Amay Vishnu story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here