യുവജനമേളയിൽ യേശുദാസ് മികച്ച ക്ലാസിക്കൽ ഗായകൻ, പി.ജയചന്ദ്രൻ മികച്ച മൃദംഗവിദ്വാൻ

പഠനകാലത്ത് സ്‍കൂള്‍ യുവജനത്സവങ്ങളിലൂടെ ആയിരുന്നു പി ജയചന്ദ്രൻ കലാരംഗത്ത് വരവറിയിച്ചത്. 1958ലെ സംസ്ഥാന സ്കൂൾ യുവജനോത്സവം നാടിനു നൽകിയ രണ്ടു മഹാപ്രതിഭകളിൽ ഒരാൾ കെ ജെ യേശുദാസ്. രണ്ട്, താളവും രാഗവുമായി പാലിയത്ത് ജയചന്ദ്രൻ. അന്ന് സംസ്ഥാന യുവജനമേളയിൽ യേശുദാസ് മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്‍കാരം നേടിയപ്പോൾ മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് നേടിയത് പി ജയചന്ദ്രനായിരുന്നു. യുവജനോത്സവത്തില്‍ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ നിരവധി സമ്മാനങ്ങളും പി ജയചന്ദ്രന് നേടിയിട്ടുണ്ട്.
സ്കൂൾ കലോൽസവ വേദിയിൽ നിന്നിറങ്ങി ഏറെക്കഴിയും മുൻപ് 1965ൽകുഞ്ഞാലിമരയ്ക്കാറിൽ മുല്ലപ്പൂമാലയുമായി എന്ന ആദ്യ ഗാനം. പിന്നെ, കളിത്തോഴനിലൂടെ മലയാളം മുങ്ങിത്തോർത്തി ഈറൻ മാറ്റിവന്ന ആ ഗാനം. പി ഭാസ്കരനും ജി ദേവരാജൻ പി ജയചന്ദ്രനും. അതു ശ്രുതിയും വീണയും സ്വരവും പോലെ മലയാളികളിലേക്ക് ലയിച്ചിറങ്ങി. എം എസ് വിശ്വനാഥൻ ജയചന്ദ്രന്‍റ ശബ്ദത്തിലൂടെ മലയാളത്തിനു നൽകിയ രാജീവനയനം.
ജ്യേഷ്ഠൻ സുധാകരൻ ആണ് ജയചന്ദ്രനെ സിനിമയിലേക്കു നയിച്ചത്. യേശുദാസുമായി ജയചന്ദ്രനെ അടുപ്പിച്ചതും സുധാകരനാണ്. പിന്നെ രാഗങ്ങളുടെ ആറുപതിറ്റാണ്ട്. 1985ൽ ദേശീയ പുരസ്കാരം. അഞ്ചുതവണ സംസ്ഥാന പുരസ്കാരം. പണിതീരാത്ത വീടിലെ സുപ്രഭാതത്തിനായിരുന്നു ആദ്യ സംസ്ഥാന പുരസ്കാരം. 1994ൽ കിഴക്കുശീമയിലൂടെ തമിഴ്നാട് സർക്കാർ പുരസ്കാരം. 1997ൽ തമിഴ്നാടിന്‍റെ കലൈമാമണി പുരസ്കാരം. അൽകാ യാഗ്നിക്കൊപ്പം എ ആർ റഹ്മന്‍റെ സംഗീതത്തിൽ വന്ന എക്കാലത്തേയും മികച്ച ഹിന്ദിഗാനങ്ങളിൽ ഒന്ന്.
പൊട്ടിത്തെറിച്ചും പിണങ്ങിയും ചിലപ്പോൾ കൊച്ചുകുട്ടികളെപ്പോലെ പരിഭവിച്ചു. കത്തിക്കയറുന്ന ദേഷ്യത്തിലും മൈക്കിനു മുന്നിലെത്തിയാൽ താരാട്ടും പ്രണയവും ഒഴുകി. പ്രായം നൽകിയ മോഹങ്ങൾക്കു മറ്റൊരു ശബ്ദവും ഇണങ്ങുമായിരുന്നില്ല.കരിമുകിൽ കാട്ടിലും ഹർഷബാഷ്പം തൂകിയും വേറെ ഒരു ശബ്ദത്തിലും കേട്ടാൽ മലയാളിക്കു തൃപ്തിയാകില്ല. യദുകുല രതിദേവനെവിടേ എന്ന് ആശബ്ദം ചോദിച്ചുകൊണ്ടേ ഇരിക്കും.
Story Highlights : K J Yesudas, P Jayachandran School Youth Festival Story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here