നിര്‍ണായക നീക്കം: ജാമ്യാപേക്ഷയുമായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയിലേക്ക്

ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. ജില്ലാ കോടതിയില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. കേസില്‍ നിര്‍ണായകമായത് ഹണി റോസിന്റെ രഹസ്യ മൊഴിയെന്ന് കൊച്ചി ഡി സി പി അശ്വതി ജിജി ട്വന്റിഫോറിനോട് പറഞ്ഞു.
സ്‌പെഷ്യല്‍ മെന്‍ഷനിംഗിലൂടെ ഹൈക്കോടതിയില്‍ കേസെത്തിച്ച് ഇന്ന് തന്നെ അടിയന്തിരമായി വാദം കേട്ട് ഇടക്കാല ജാമ്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് നീക്കം. നിയമത്തിന്റെ സാധ്യതകള്‍ കൂടുതല്‍ തേടാനാണ് തീരുമാനം. ഉച്ചയോടെ സ്‌പെഷ്യല്‍ മെന്‍ഷനിങ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
പരാതിയും മൊഴികളിലുമാണ് എല്ലാം വ്യക്തമായത്. കേസിനാസ്പദമായ അന്വേഷണങ്ങള്‍ മാത്രമാണ് നടന്നത്. ആദ്യം സമര്‍പ്പിച്ച കേസുകള്‍ പ്രത്യേകം പരിഗണിക്കും. കസ്റ്റഡിയില്‍ വേണമോ എന്നുള്ളത് ആലോചിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്ന് ഡി സി പി അശ്വതി ജിജി പറഞ്ഞു.
ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ നടി ഹണി റോസിനെ അപമാനിച്ചെന്ന പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യത്തിനായി ബോബി ചെമ്മണ്ണൂര്‍ കളത്തില്‍ ഇറക്കിയത് ബി രാമന്‍ പിള്ളയെയും സംഘത്തെയും. പരാതിക്കാരിയുടെ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും, അറസ്റ്റിന്റെ പോലും ആവശ്യമില്ലെന്നും രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം പക്ഷെ പ്രോസിക്യൂഷന്‍ നിഷ്പ്രഭമാക്കി. ജാമ്യം നല്‍കിയാല്‍ ബോബി ചെമ്മണ്ണൂര്‍ പരാതിക്കാരിയെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്. സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കും. സൈബര്‍ ഇടത്തില്‍ അധിക്ഷേപങ്ങള്‍ നടത്തുന്നയാളുകള്‍ പ്രോത്സാഹനം ആകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രഥമ ദൃഷ്ടിയില്‍ കേസ് നിലനില്‍ക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് പൂട്ടിയത്.കേസില്‍ വ്യവസായി ബോബി ചെമ്മണൂര്‍ റിമാന്‍ഡിലാണ്.
Story Highlights : Boby Chemmanur to approach High Court for bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here