Advertisement

‘തെറ്റുകള്‍ സംഭവിക്കാം, ഞാൻ ദൈവമല്ല, മനുഷ്യനാണ്’, പോഡ്‌കാസ്‌റ്റില്‍ ആദ്യമായി തുറന്നു സംസാരിച്ച് മോദി

January 10, 2025
Google News 4 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ഒരു പോഡ്കാസ്റ്റ് മാധ്യമത്തിലൂടെ പ്രത്യക്ഷപ്പെട്ടു. സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് ഹോസ്റ്റ് ചെയ്യുന്ന ‘പീപ്പിൾ ബൈ ഡബ്ല്യു.ടി.എഫ്’ എന്ന പോഡ്‌കാസ്റ്റിലാണ് പ്രധാനമന്ത്രി അരങ്ങേറ്റം കുറിച്ചത്.തെറ്റുകൾ സംഭവിക്കാം, താൻ ദൈവമല്ല, മനുഷ്യനാണെന്ന് പോഡ് കാസ്റ്റിന് മുൻപ് പുറത്തുവിട്ട രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ പറയുന്നു.

പ്രധാനമന്ത്രി തൻ്റെ കുട്ടിക്കാലം, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, തിരിച്ചടികൾ, സമ്മർദ്ദം കൈകാര്യം ചെയ്യൽ, നയതന്ത്രം തുടങ്ങിയ നിരവധി കാര്യങ്ങൾ പോഡ്‌കാസ്റ്റിൽ പങ്കുവെച്ചു.

താനൊരു ദക്ഷിണേന്ത്യക്കാരനാണ്. കൂടുതലും ബെം​ഗളൂരുവിലാണ് വളർന്നത്. അതിനാൽ തന്റെ ഹിന്ദി നല്ലതല്ലെങ്കിൽ ക്ഷമിക്കണമെന്ന് നിഖിൽ കാമത്ത് പറഞ്ഞപ്പോൾ നമുക്ക് രണ്ട് പേർക്കും കൂടി ഇക്കാര്യം കൈകാര്യം ചെയ്യാമെന്നായിരുന്നു മോദിയുടെ മറുപടി.

ആഗോള സംഘർഷങ്ങൾ, രാഷ്ട്രീയത്തിലെ യുവജന പങ്കാളിത്തം, പ്രധാനമന്ത്രി മോദിയുടെ ഭരണകാലം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. തന്‍റെ പഴയകാല ഓര്‍മകള്‍ പങ്കുവച്ച മോദി, താൻ തുറന്നു സംസാരിക്കുന്ന ആദ്യ പോഡ്‌കാസ്‌റ്റ് ഇതാണെന്നും വ്യക്തമാക്കി. തന്‍റെ ജീവിതം താൻ കെട്ടിപ്പടുത്തതല്ല, സാഹചര്യങ്ങൾ കൊണ്ടാണ് അത് രൂപപ്പെട്ടതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

‘എന്‍റെ കുട്ടിക്കാലത്ത് ഞാൻ ജീവിച്ച ജീവിതം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ, അത് എന്‍റെ ഏറ്റവും വലിയ സർവകലാശാലയായിരുന്നു. കഷ്‌ടപ്പാടുകളുടെ ആ സർവകലാശാല എന്നെ ഒരുപാട് പാഠം പഠിപ്പിച്ചു, കഷ്‌ടപ്പാടുകളെ സ്നേഹിക്കാൻ ഞാൻ പഠിച്ചു. അമ്മമാരും സഹോദരിമാരും തലയിൽ കലം ചുമന്ന് രണ്ടോ മൂന്നോ കിലോമീറ്റർ നടക്കുന്നത് കണ്ട ഒരു സംസ്ഥാനത്ത് നിന്നാണ് ഞാൻ വരുന്നത്. എന്‍റെ പ്രവർത്തനങ്ങൾ സഹാനുഭൂതിയുടെ ഫലമാണ്. ജനങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഞാൻ കഠിനമായി പരിശ്രമിക്കും,’ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പോഡ്കാസ്റ്റിലെ നരേന്ദ്രമോദിയുടെ പരാമർശങ്ങളെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. താൻ അജൈവികൻ ആണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇപ്പോൾ മനുഷ്യനാണെന്ന് പറയുന്നുവെന്നും കോൺഗ്രസ്‌ പരിഹസിച്ചു. രാജ്യം ചർച്ച ചെയ്ത നിരവധി വിഷയങ്ങളെ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ പോഡ്കാസ്റ്റ്.

Story Highlights : PM Modi makes podcast debut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here