‘ചാനല്‍ ചര്‍ച്ചകളില്‍ ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തി’; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി

രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.
അതേസമയം, രാഹുല്‍ ഈശ്വറിന് എതിരായ ഹണി റോസിന്റെ പരാതിയില്‍ പൊലീസ് ഇന്ന് കേസെടുത്തേക്കും. പരാതിയില്‍ പൊലീസ് നടപടി ഊര്‍ജ്ജിതമാക്കി. ഇന്നലെയാണ് രാഹുല്‍ ഈശ്വരനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തി ഹണി റോസ് പരാതി നല്‍കിയത്. രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടിയിട്ടുള്ള നീക്കങ്ങള്‍ ആരംഭിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വരന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച നടി ഉടന്‍തന്നെ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ ഇട്ട കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈക്കോടതി വാദം കേള്‍ക്കും.
ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ ഇന്നലെ പറഞ്ഞിരുന്നു. ഹണി റോസിന്റെ പരാതിയെ നിയമപരമായി നേരിടുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്നും രാഹുല്‍ ഈശ്വര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഗാന്ധിജിയും മദര്‍ തെരേസയും വരെ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ഹണി റോസിനെ മാത്രം വിമര്‍ശിക്കരുതെന്ന് പറയാനാകില്ല. ഹണി റോസിന്റെയും അമല പോളിന്റേയുമൊക്കെ വസ്ത്രധാരണത്തെ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ട്വന്റിഫോറിലെ ചര്‍ച്ചാ പരിപാടിയായ എന്‍കൗണ്ടര്‍ പ്രൈമില്‍ പങ്കെടുത്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Story Highlights : New complaint against Rahul Eswar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here