Advertisement

11 വർഷമായി സമാധിയിൽ എന്ന് അനുയായികൾ; ഗോപൻ സ്വാമി പോലെ അശുതോഷ് സ്വാമി

January 14, 2025
Google News 3 minutes Read

നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമി എന്നറിയപ്പെടുന്ന ഗോപൻ എന്നയാളുടെ സമാധിയുമായി ബന്ധപ്പെട്ട് സർവത്ര ദുരൂഹത തുടരുകയാണ്. ഗോപനെ ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുള്ള കാര്യമാണ് ​ദുരൂഹത നിറക്കുന്നത്. കല്ലറ പൊളിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും കുടുംബത്തിന്റെ പ്രതിഷേധം മൂലം ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ ​ഗോപൻ‌ സ്വാമിയെപോലെ ഒരു സ്വാമിയുടെ സമാധി അങ്ങ് പഞ്ചാബിൽ ഉണ്ട്. ഇവിടെ അനുയായികളാണ് മൃതദേഹം വിട്ടുനൽകാതിരിക്കുന്നത്. ​ഗോപൻ സ്വാമി സമാധി കല്ലറയിലാണെങ്കിൽ 11 വർഷം മുൻപ് മരിച്ച ആത്മീയ നേതാവായ ദിവ്യജ്യോതി ജാഗൃതി സൻസ്ഥാൻ സ്ഥാപകൻ അശുതോഷ് മഹാരാജ് സിങ്ങിനെ ഫ്രീസറിലാണ് സൂക്ഷിച്ചിരിക്കുന്നത്.

അശുതോഷ് മഹാരാജ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്നത്. അദ്ദേഹം ജീവനോടെയുണ്ടെന്ന വിശ്വാസത്തിലാണ് അനുയായികൾ ഇപ്പോഴും ശവശരീരം ജലന്ധറിലെ ആശ്രമത്തിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്നത്. 2014 ജനുവരി 29ന്, നെഞ്ചുവേദനയെ തുടർന്നാണ് അശുതോഷ് മഹാരാജ് സിങ് മരിക്കുന്നത്. എന്നാൽ ഇദ്ദേഹം മരിച്ചതായി അനുയായികൾ ഇന്നു വിശ്വസിച്ചിട്ടില്ല. അദ്ദേഹം തിരികെ വരുമെന്ന വിശ്വാസത്തിലാണ് അനുയായികൾ. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് രൂപവത്കരിച്ച മൂന്ന് ഡോക്ടർമാരുടെ സമിതി ആറുമാസത്തിലൊരിക്കൽ മൃതദേഹം അഴുകിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടായിരുന്നു. 2018 ഡിസംബറിലാണ് അവസാനമായി പരിശോധന നടത്തിയത്.

അശുതോഷ് ഇപ്പോൾ ധ്യാനഘട്ടത്തിലാണെന്നും ശരീരം സംരക്ഷിക്കണമെന്ന് സന്ദേശം നൽകാറുണ്ടെന്നും ആശ്രമത്തിലെ അനുയായികൾ പറയുന്നു. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് ആർക്കും പ്രവേശനം അനുവാദമില്ല. ഹിമാലയത്തിലെ ഏറ്റവും ഉയർന്ന കൊടുമുടികളിൽ തണുത്തുറയുന്ന അന്തരീക്ഷത്തിൽ ആത്മീയ ഗുരുക്കന്മാർ ‘സമാധി’യിലേക്ക് പോയിട്ടും ഒടുവിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിൻ്റെ സമ്പന്നമായ ചരിത്രമാണ് ഇന്ത്യക്ക് ഉള്ളതെന്ന് ആശ്രമ വക്താവ് പറയുന്നു.

Read Also: ഗോപന്‍ സ്വാമി കിടപ്പിലായിരുന്നുവെന്ന് ബന്ധു; നടന്നുപോയി സമാധി ആയെന്ന് മകന്‍; മൊഴികളില്‍ വൈരുധ്യം; സര്‍വത്ര ദുരൂഹത

മൃതദേഹം വിട്ടുകിട്ടണമെന്ന് അവകാശപ്പെട്ട് അശുതോഷ് മഹാരാജ് സിങ്ങിന്റെ മകനെന്ന് അവകാശപ്പെട്ട് ദലിപ് കുമാർ ഝാ എന്നയാൾ രം​ഗത്തെയിരരുന്നു. ഹിന്ദു ആചാരപ്രകാരം അന്ത്യകർമങ്ങൾ നടത്താൻ ഭൗതിക ശരീരം വിട്ടുകിട്ടണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അനുയായികൾ ഇതിനെ എതിർത്തു. തുടർന്ന് ദലിപ് കുമാർ ഝാ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.

“1980-കളിൽ ജലന്ധറിനടുത്ത് ഒരു ചെറിയ ഭൂമി ഏറ്റെടുത്ത് മഹാരാജ് തൻ്റെ ആശ്രമം സ്ഥാപിച്ചു. ധ്യാനങ്ങളും ആത്മീയ പ്രഭാഷണങ്ങളും നടത്തുന്നതിനായി ദിവ്യജ്യോതി ജാഗൃതി സൻസ്ഥാൻ രൂപീകരിച്ചു. താമസിയാതെ അത് പഞ്ചാബിൽ മാത്രമല്ല, ഇന്ത്യയിലും ലോകമെമ്പാടും ജനപ്രിയമായി. ആൾദൈവത്തിൻ്റെ വ്യാപനം വികസിച്ചുകൊണ്ടിരുന്നു“ മുതിർന്ന പഞ്ചാബ് പത്രപ്രവർത്തകനായ പാൽ സിംഗ് നൗലി പറയുന്നു. യുഎസ്, ഓസ്‌ട്രേലിയ, യൂറോപ്പ് തുടങ്ങി നിരവധി രാജ്യങ്ങളിൽ ഇന്ന് അശുതോഷ് മഹാരാജിന് അനുയായികളുണ്ട്.

അശുതോഷ് മഹാരാജ് എന്ന മഹേഷ് ഝാ 1946-ൽ ബീഹാറിലെ ദർബംഗ ജില്ലയിലെ നഖ്‌ലോറിലാണ് ജനിച്ചത്. വിവാഹം കഴിഞ്ഞ് ഏകദേശം 18 മാസങ്ങൾക്ക് ശേഷം ഭാര്യയെയും മകനെയും ഉപേക്ഷിച്ച അശുതോഷ് മാനവ് ഉത്ഹാൻ സേവാ സമിതിയുടെ സ്ഥാപകനായ സത്പാൽ മഹാരാജിൻ്റെ ശിഷ്യനായി. 1983ലാണ് ദിവ്യജ്യോതി ജാഗൃതി സൻസ്ഥാൻ അശുതോഷ് മഹാരാജ് സിങ് സ്ഥാപിക്കുന്നത്.

തുടക്കത്തിൽ, അദ്ദേഹം ഗ്രാമങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു, അതിനുമുമ്പ് നൂർമഹൽ നഗരത്തിൽ 16-മാർല വീട് വാങ്ങുകയും ഡിജെജെഎസ് രൂപീകരിക്കുകയും ചെയ്തു, അത് 1991 ൽ ന്യൂഡൽഹി ആസ്ഥാനമായി രജിസ്റ്റർ ചെയ്തു. ഇന്ന്, ജലന്ധർ-നകോദർ റോഡിൽ ഡിജെജെഎസിന് 40 ഏക്കർ ക്യാമ്പസും രാജ്യത്ത് നൂറിലധികം കേന്ദ്രങ്ങളുമുണ്ട്. തൻ്റെ സമ്പത്ത് നിലനിർത്താനുള്ള തന്ത്രമായാണ് അശുതോഷിന്റെ മൃതദേഹം സംരക്ഷിക്കുന്നതെന്ന് നാട്ടുകാർ അവകാശപ്പെടുന്നു.

Story Highlights : Clinically dead’ Nurmahal dera head Ashutosh Maharaj’s body ‘lives’ in freezer for 11 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here