Advertisement

റഷ്യയിൽ കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കും; നടപടികള്‍ നോര്‍ക്ക ഏകോപിപ്പിക്കും

January 14, 2025
Google News 3 minutes Read

റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി കരുണ ലെയ്‌നില്‍ ബിനില്‍(32) മരണപ്പെട്ടുവെന്നും ഒപ്പം പ്രവര്‍ത്തിച്ചു വന്നിരുന്ന ബന്ധുവും തൃശൂര്‍ സ്വദേശിയുമായ ജയിന്‍ കുര്യന്‍ (27) പരിക്കേറ്റ് മോസ്‌കോയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് സാമൂഹിക മാധ്യമത്തിലൂടെ ഈ വിവരം സ്ഥിരീകരിച്ചത്. ഷെല്ലാക്രമത്തില്‍ ബിനില്‍ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ബന്ധു ജയിന്‍ കുര്യന് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്ത പുറത്തു വന്നിരുന്നു. ഇവര്‍ക്കൊപ്പം യുദ്ധമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ സ്വദേശിയായ സന്ദീപ് ചന്ദ്രന്‍(36) കഴിഞ്ഞ സെപ്റ്റംബറില്‍ കൊല്ലപ്പെട്ടിരുന്നു.

‘റഷ്യന്‍ ആര്‍മിയില്‍ ജോലിക്ക് റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ പൗരന്റെ നിര്‍ഭാഗ്യകരമായ മരണത്തെക്കുറിച്ച് അറിഞ്ഞു. സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള മറ്റൊരു ഇന്ത്യന്‍ പൗരന്‍ പരിക്കേറ്റ് മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചയാളുടെ കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നു. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി കുടുംബങ്ങളുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തു വരുകയാണ്. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി റഷ്യന്‍ അധികൃതരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. പരിക്കേറ്റ വ്യക്തിയെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്യാനും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം മോസ്‌കോയിലെ റഷ്യന്‍ അധികാരികളോടും ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയോടും ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയയ്ക്കണമെന്ന ആവശ്യവും വീണ്ടും ഉന്നയിച്ചു’ വിദേശകാര്യ വക്താവിന്റെ സാമൂഹികമാധ്യമത്തിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ബിനിലിന്റെ മൃതദേഹം വേഗം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് സ്വീകരിച്ചു വരുകയാണെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. ബിനിലിനെയും ജയിനെയും നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിശ്രമിച്ചു വരവേയാണ് ദാരുണമായ സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : NORKA will coordinate proceedings of Body of Binil Babu, who was killed in Russia, will be brought India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here