Advertisement

‘കടുവയ്ക്കിഷ്ടം മട്ടൻ, ബീഫ് കഴിക്കാത്ത കടുവ നോർത്ത് ഇന്ത്യക്കാരനോ’?

January 14, 2025
2 minutes Read

‘കടുവയ്ക്കിഷ്ടം മട്ടൻ; ബീഫ് കഴിക്കാത്ത കടുവ നോർത്ത് ഇന്ത്യക്കാരനോ ‘ – ചോദ്യം ചോദിക്കുന്നത് വയനാട് പുൽപ്പള്ളി അമരക്കുല്ലി സ്വദേശി ഷാജി ആണ്. ഇത് പറയാൻ ഒരു കാരണമുണ്ട്. അമരക്കുനിയിലെ കടുവ ഇതുവരെ പിടിച്ചത് മുഴുവൻ ആടുകളെയാണ്.

ജനുവരി 7 :
രാവിലെ ആണ് നാരകത്തറയിൽ പാപ്പച്ചൻ എന്ന ജോസഫിൻ്റെ വീടിനടുത്തുള്ള ആട്ടിൻ കൂട്ടിൽ കടുവ എത്തി. ആടിനെ കൊന്ന് വലിചിഴച്ച് നൂറുമീറ്ററോളം അകലെയുള്ള തോട്ടത്തിലേക്ക് കൊണ്ടുപോയി. പാതിയോളം തിന്ന നിലയിലാണ് ജഡം കണ്ടത്. തോട്ടത്തിലൂടെ കടുവ ഓടുന്നത് കണ്ടവരുണ്ട്. ഉച്ചയോടു കൂടി ഇവിടെ കൂടെത്തിച്ചു. ഇരയായി പാതി തിന്നആടിനെ വച്ചു. 24 ക്യാമറ ട്രാപ്പുകൾ, രണ്ടു നിരീക്ഷണ ക്യാമറകൾ എന്നിവയും സ്ഥാപിച്ചു. കടുവയെ കണ്ടെത്താൻ പലവിധത്തിലുള്ള ശ്രമവും വനം വകുപ്പ് തുടങ്ങി. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം വനവും, തോട്ടങ്ങളും എല്ലാം അതിരിടുന്നതാണ്. ഇതിനിടയിൽ വനംവകുപ്പിന്റെ നിരീക്ഷണ ക്യാമറയിലും ക്യാമറ ട്രാപ്പിലും ദൃശ്യങ്ങളും ചിത്രങ്ങളും ലഭിച്ചു. സൂക്ഷ്മ പരിശോധനയ്ക്കൊടുവിൽ വനംവകുപ്പ് തീർച്ചപ്പെടുത്തി. ഇത് കേരളത്തിൻ്റെ ഡാറ്റാ ബേസിൽ ഇല്ലാത്ത കടുവ. കർണാടക വനമേഖലയിൽ നിന്ന് എത്തിയതാണ് എന്ന സംശയം വനംവകുപ്പിന് ഉണ്ട്. ആരോഗ്യനില എത്ര കണ്ട് തൃപ്തികരമല്ല എന്നും കണക്കാക്കുന്നു വനം വകുപ്പ്.

ജനുവരി : 9
അമരക്കുനി പള്ളിയോട് ചേർന്നാണ് രതികുമാറിന്റെ വീട്. പുലർച്ചെ വീടിന് പുറത്ത് ആട്ടിൻ കൂടിനടുത്ത് അസാധാരണ ശബ്ദം കേട്ടു. രതികുമാറിന്റെ മകളും ഭാര്യയും പുറത്തിറങ്ങി നോക്കുമ്പോൾ ആടിനെ പിടികൂടി പായുന്നു കടുവ. ഉടൻ അകത്തു കയറി ഇവർ വാതിൽ അടച്ചു. അരമണിക്കൂർ കഴിഞ്ഞ് പുറത്തിറങ്ങി നോക്കിയപ്പോൾ കടുവ വന്നതിന്റെ അടയാളങ്ങൾ മാത്രം ശേഷിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിൽ ആടിൻറെ ജഡം കിട്ടി. ഇവിടെയും തൊട്ടുപിന്നാലെ കൂടു വന്നു.

ജനുവരി 12
വിക്രം, സുരേന്ദ്രൻ – കടുവ തിരച്ചിലിനായി മുത്തങ്ങയിൽ നിന്നും കുങ്കി ആനകളെ എത്തിച്ചു. വാകേരിയേയും വള്ളുവാടിയെയും വിറപ്പിച്ച കൊമ്പനാണ് വടക്കനാടൻ എന്ന് വിളിക്കുന്ന വിക്രം. കൃഷി നശിപ്പിക്കലായിരുന്നു വിനോദം. ആളെക്കൊല്ലിയാണ്. അത്ര മാത്രം അപകടകാരിയായ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുകയല്ലാതെ വനംവകുപ്പിന് മുന്നിൽ മറ്റ് വഴികളില്ലായിരുന്നു. 2019 ലാണ് വടക്കനാടൻ കൊമ്പൻ വിക്രം ആയി മാറുന്നത്. ഏറെ ആരാധകരുള്ള സുരേന്ദ്രൻ യഥാർത്ഥത്തിൽ കോന്നി സുരേന്ദ്രൻ ആണ്. ളാഹ വനത്തിൽ നിന്നും നന്നേ കുഞ്ഞായിരിക്കുമ്പോൾ അമ്മയാന ചരിഞ്ഞതിനെ തുടർന്ന് വനംവകുപ്പിന് കിട്ടിയതാണ്. കോന്നി സുരേന്ദ്രൻ മുത്തങ്ങയിലെത്തി വെറും സുരേന്ദ്രനായി. വനംവകുപ്പിന്റെ കുങ്കി പട്ടാളത്തിൽ ഈ വീരന്മാർ ഉണ്ട്. പല ദൗത്യങ്ങളിലും ഇവരുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ആ പരിചയസമ്പന്നതയാണ് പുൽപ്പള്ളിയിലെ കടുവ തെരച്ചിലിന് ഈ ഇരുവരെയും നിയോഗിക്കാനുള്ള കാരണം. പുൽപ്പള്ളി ചീയമ്പത്തെ തേക്കിൻ കാട്ടിൽ തളച്ചിട്ടിരിക്കുകയാണ് സുരേന്ദ്രനെയും വിക്രമിനെയും. ആവശ്യം വന്നാൽ ഉടൻ ദൗത്യത്തിന്റെ ഭാഗമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം

ജനുവരി 13
പുലർച്ചെ രണ്ടു മണിക്കാണ് അമരക്കുനിക്ക് തൊട്ടടുത്തുള്ള ദേവർഗദ്ധ – തൂപ്ര റോഡിൽ കേശവന്റെ വീടിന് പിറകിലെ ആട്ടിൻകൂട്ടിൽ കടുവ എത്തിയത്. കയർ പൊട്ടിച്ച് ആടിനെ കടിച്ച് കൊണ്ടുപോവുകയായിരുന്നു. ഈ കാഴ്ച കണ്ട് കേശവനും ഭാര്യയും നടുങ്ങി. ആടിനെ കൊണ്ടുപോകുന്നത് കണ്ട് കേശവൻ കടുവയ്ക്ക് പിറകെ ഓടാൻ നോക്കിയപ്പോൾ ഭാര്യ പിടിച്ചുനിർത്തി. ഇവിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഉടൻതന്നെ സംഘം എത്തി പരിശോധന തുടങ്ങി. ഈ ആടിനെ തന്നെ എടുത്ത് കൂട്ടിൽ വച്ച് കെണിയരുക്കി ഡ്രോൺ നിരീക്ഷണം തുടങ്ങി. ഇതിനിടയിൽ കടുവ രണ്ടുതവണ കൂട്ടിനടുത്ത് എത്തി. അവസാനം എത്തിയപ്പോൾ കൂടുമായി ബന്ധിച്ച കേബിളിൽ കടുവയുടെ കാൽ തട്ടി കൂട് അടഞ്ഞ് പോയത് നിർഭാഗ്യം. പിന്നീട് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഡി എഫ് ഒ അജിത് കെ രാമൻ, ചീഫ് വെറ്ററനറി ഫോറസ്റ്റ് ഓഫീസർ ഡോക്ടർ അരുൺ സക്കറിയ, ചെതലത്ത് റേഞ്ച് ഓഫീസർ രാജീവ് എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇതിനിടെ അമരക്കുനി അമ്പത്തിയാറിൽ ഒരു തോട്ടത്തിൽ മാനിൻ്റെ ജഡം കണ്ടെത്തി. ആശങ്ക പടരുന്നതിനിടെ പരിശോധന നടത്തിയ വനം വകുപ്പ് സംഘം പട്ടി ആക്രമണം എന്ന് തീർച്ചപ്പെടുത്തി. രാത്രിയിലും ഡ്രോൺ പരിശോധന തുടർന്നു. കടുവയെ കണ്ടെത്താനായില്ല.

ജനുവരി 14
സമയം പുലർച്ചെ 2.5- ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിൻ്റെ വീട്. ബിജുവിൻ്റെ അമ്മ മറിയം ഉറങ്ങുന്ന മുറിയോട് ചേർന്നുള്ള ജനലിന് പുറമെയാണ് ആടിൻ്റെ കൂട്. തള്ളയാടും മൂന്നു കുട്ടികളും ഇവിടെയുണ്ട്. വീട്ടിൽ സ്ഥാപിച്ച സെൻസർ ലൈറ്റുകൾ അണഞ്ഞതോടെ അപകടം മണത്തു. പെട്ടെന്നാണ് മറിയം ആ കാഴ്ച കണ്ടത്. കടുവ തള്ളയാടിൻ്റെ കഴുത്തിൽ പിടിത്തമിട്ടിരിക്കുന്നു. കുട്ടിയാടുകൾ ആർത്തലക്കുന്ന ശബ്ദം. വീട്ടിൽ ഉള്ളവർ ബഹളം വച്ചതോടെ കടുവ ആടിൽ നിന്നും പിടുത്തം വിട്ടോടി. ക്യാമ്പ് ചെയ്തിരുന്ന വനം വകുപ്പ് സംഘം വേഗത്തിലെത്തി. ആടിനെ ഇരയാക്കി വച്ച് കൂട് സ്ഥാപിച്ചു. തെർമ്മൽ ഡ്രോൺ പറത്തി. കടുവയുടെ ചലനം വ്യക്തമായതോടെ ഡോക്ടർ അരുൺ സക്കറിയയും ഡോക്ടർ അജേഷ് മോഹൻദാസും സംഘവും മരുന്ന് നിറച്ച തോക്കുമായി ഇറങ്ങി. തെർമൽ ഡ്രോൺ പരിശോധനയിൽ പലകുറി കടുവ തെളിഞ്ഞു.


വനവകുപ്പിന്റെ തെരച്ചിൽനിടെ കടുവ കാപ്പിത്തോട്ടത്തിലേക്ക് വലിഞ്ഞു . ഇതോടെ മയക്കുവെടി സാധ്യമല്ലാതെ വന്നു. ഉചിതമായ സ്ഥലത്ത്, സമയത്ത് കടുവയെ മുന്നിൽ കിട്ടിയാൽ മയക്കുവടി വയ്ക്കാൻ ആണ് വനംവകുപ്പിന്റെ തീരുമാനം. അനാരോഗ്യം ആകാം ചെറിയ മൃഗങ്ങളെ വേട്ടയാടാൻ ഉള്ള കാരണമെന്ന് വനംവകുപ്പ് വിലയിരുത്തുന്നു. കടുവ പിടിയിലാകാത്തതിന്റെ അമർഷം നാട്ടുകാർക്കുണ്ട്. പരസ്യ പ്രതിഷേധം ഇല്ലെങ്കിലും അവർ ശുഭ വാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുന്നു, വനം വകുപ്പും അങ്ങനെത്തന്നെ.

Story Highlights : Tiger Attack In Wayanad Pulpally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top