Advertisement

സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…

January 15, 2025
Google News 1 minute Read

അനൗൺസ് ചെയ്ത് 5 വർഷത്തിനിപ്പുറം ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം സൂര്യയെ നായകനാക്കി വെട്രിമാരന്റെ സ്വപ്ന ചിത്രം വാടിവാസൽ ചിത്രീകരണം തുടങ്ങാൻ പോകുന്നു. 1960 കളിൽ തമിഴ്‌നാട്ടിൽ നടക്കുന്ന ജെല്ലിക്കെട്ട് എന്ന കാളപ്പോര് മത്സരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. സി.സി ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി സംവിധാനം ചെയ്യുന്ന വാടിവാസലിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജി.വി പ്രകാശാണ്. കാളപ്പോര് നടക്കുന്ന വേദിയിലേക്ക് കാളയെ അഴിച്ചു വിടുന്ന കവാടത്തിന്റെ പേരാണ് വാടിവാസൽ.

അമ്പുലിദേവൻ എന്ന ജെല്ലിക്കെട്ട് വീരനെ കുത്തി കൊലപ്പെടുത്തിയ കാരി എന്ന കാളയെ നേരിടാൻ മത്സരത്തിനെത്തുന്ന അദ്ദേഹത്തിന്റെ മകൻ പിച്ചിയുടെ കഥയാണ് നോവലിന്റെ പ്രമേയം. നോവൽ സിനിമയാകുമ്പോൾ കഥയിൽ ഒട്ടനവധി മാറ്റങ്ങൾ വരുത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ സൂര്യ ഇരട്ട വേഷങ്ങളിലെത്തും.

വാടിവാസലിലെ അത്യധികം സാഹസികമായ ജെല്ലിക്കെട്ട് രംഗങ്ങളിൽ അഭിനയിക്കുന്നതിനായി സൂര്യ പ്രത്യേക പരിശീലനവും നേടുകയും ചിത്രത്തിൽ ഉപയോഗിക്കുന്ന കാളയെ വീട്ടിൽ മെരുക്കി പരിപാലിക്കുകയും ചെയ്ത വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
യഥാർത്ഥ കാളയെ കൂടാതെ ആനിമട്രോണിക്ക്സിന്റെയും ഗ്രാഫിക്സിന്റെയും സഹായത്തോടു കൂടിയാണ് കാളയും സൂര്യയും തമ്മിലുള്ള രംഗങ്ങൾ ഒരുക്കുന്നത്.

വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ താണു ആണ് വാടിവാസൽ നിർമ്മിക്കുന്നത്. ഇതിനകം അണിയറപ്രവർത്തകർ ‘നോട്ട് എ ടീസർ’എന്ന പേരിൽ പുറത്തു വിട്ട പ്രൊമോഷണൽ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ വെട്രിമാരന്റെ വിടുതലൈ ഒന്നും രണ്ടും ഭാഗങ്ങളുടെ തിരക്കുകൾ കാരണം ചിത്രം നീണ്ട് പോകുകയായിരുന്നു. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയെ സൂര്യയുടെ നായികയാകും എന്ന് ഫിലിം ബീറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ കലൈപുലി എസ് താണു ട്വിറ്റർ പേജിലൂടെ പുറത്തു വിട്ടിരിക്കുന്ന അപ്ഡേറ്റിൽ വെട്രിമാരൻ,സൂര്യ,കലൈപുലി എസ് താണു എന്നിവരെ കാണാം, പോസ്റ്റിനു കീഴിൽ ‘അഖിലം ആരാധിക്ക വാടിവാസൽ തിറക്കിറദ്’ എന്നൊരു വാചകവും കുറിച്ചിട്ടുണ്ട്. വെട്രിമാരന്റെ അടുത്ത ചിത്രം ധനുഷിനൊപ്പമാകും എന്നാൽ അത് വട ചെന്നൈയുടെ രണ്ടാം ഭാഗം അല്ല എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതിന് വാടിവാസൽ അതിന് മുൻപോ ശേഷമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.

Story Highlights :സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here