അർജുൻ അശോകന്റെ അൻപോട് കണ്മണി ; ട്രെയ്‌ലർ പുറത്ത്

അർജുൻ അശോകനെയും അനഘ നാരായണനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റർറ്റൈനെർ അൻപോട് കണ്മണിയുടെ ട്രൈലെർ റിലീസ് ചെയ്തു. വിവാഹജീവിതത്തിലേക്ക് കടക്കുന്ന രണ്ട് പേരുടെ ദാമ്പത്യ പ്രശ്നങ്ങളും അതിനോട് ചേർന്ന് വരുന്ന നർമ്മ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.
പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ സമൂഹം രണ്ടുപേരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന അനാവശ്യ സമ്മർദ്ദങ്ങളും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ കഥ എന്ന് അർജുൻ അശോകൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഏറെ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയ തിങ്കളാഴ്ച നിശ്ചയമെന്ന ചിത്രത്തിന് ശേഷം കണ്ണൂർ ഭാഷാ ശൈലിയുള്ളൊരു ചിത്രത്തിന്റെ ഭാഗമാകുകയാണ് അനഘ നാരായണൻ. എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വലിയ പ്രശ്നം ചിത്രത്തിൽ പറയുന്നുണ്ട് എന്ന് അനഘ നാരായണൻ പറയുന്നു.
അൻപോട് കണ്മണിക്കായി 28 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച വീട്, ചിത്രീകരണത്തിന് ശേഷം പൊളിച്ച് കളയാതെ, അർഹതപ്പെട്ട ഒരു കുടുംബത്തിന് കൈമാറിയത് വലിയ വാർത്തയായിരുന്നു. വീടിന്റെ താക്കോൽ ദാന ചടങ്ങിനെത്തിയത് സുരേഷ് ഗോപിയാണ്.
‘കുഞ്ഞാവേനെ തോട്ട്ന്ന് കിട്ടീതാ’ എന്ന പേരിൽ അനൗൺസ് ചെയ്ത ചിത്രം പിന്നീട് പ്രൊഡക്ഷന് കാലതാമസം നേരിട്ട ശേഷം അൻപോട് കണ്മണി എന്ന് പേര് മാറ്റുകയായിരുന്നു. അനീഷ് കൊടുവള്ളി കഥയും തിരക്കഥയും രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സരിൻ രവീന്ദ്രനാണ് നിർവഹിക്കുന്നത്. സാമുവൽ എബി സംഗീത സംവിധാനവും സുനിൽ എസ്. പിള്ളൈ എഡിറ്റിങ്ങും ചെയ്യുന്ന അൻപോട് കണ്മണി ജനുവരി 24 ന് തിയറ്ററുകളിലെത്തും.

Story Highlights :അർജുൻ അശോകന്റെ അൻപോട് കണ്മണി ; ട്രെയ്‌ലർ പുറത്ത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here