ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്‌മയുടെ ശിക്ഷാ വിധി തിങ്കാളാഴ്ച

പാറശ്ശാല ഷാരോണ്‍ വധകേസിലെ ശിക്ഷാവിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. ഷാരോണ്‍ മരിച്ച് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞിരിക്കുന്നത്. 2022 ഒക്ടോബറിലായിരുന്നു കൊല നടന്നത്.
നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കുകയായിരുന്നു.
ഗ്രീഷ്മയുമായി കണ്ടുമുട്ടി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനാകുകയും ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.
ശിക്ഷ വിധിക്ക് മുമ്പുള്ള അന്തിമ വാദത്തിൽ എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് കോടതി ഗ്രീഷ്മയോട് ചോദിച്ചിരുന്നു. കോടതി ഗ്രീഷ്‌മയുടെ രേഖകൾ പരിശോധിച്ചു. ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറിയിട്ടുണ്ട്.
തുടർപഠന ആവശ്യം ജഡ്ജിന് മുന്നിൽ ഗ്രീഷ്മ ഉന്നയിച്ചു. തനിക്ക് മറ്റു ക്രിമിനൽ കേസുകൾ ഇല്ലെന്നും ഗ്രീഷ്മ. പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ പറഞ്ഞു. ഗ്രീഷ്മയുടെ ഭാഗം കേട്ട ശേഷം കോടതി പ്രോസിക്യൂഷൻ്റെ വാദങ്ങൾ കേൾക്കുകയാണ്.
അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഒരു ചെറുപ്പക്കാരനെ ഭൂമിയിൽ നിന്നും തുടച്ചു നീക്കി. ക്രൂരമായ ഇടപെടൽ നടത്തി. ഒരു യുവാവിന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്താൻ ആലോചിച്ചത് മുതൽ ഗൂഢാലോചന നടന്നു. സ്നേഹം നടിച്ചാണ് വിളിച്ചു വരുത്തിയത്. ഗ്രീഷ്മയുടെ മനസ്സിൽ ചെകുത്താൻ ചിന്തയാണ്.മുൻപും വിഷം കൊടുത്തു കൊലപ്പെടുത്താൻ ശ്രമിച്ചു. മുന്നൊരുക്കങ്ങൾ നടത്തി. ഒരു തവണ പരാജയപ്പെട്ടപ്പോൾ വീണ്ടും നീക്കം നടത്തി. DEVILISH THOUGHT എന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു.
ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകൾ നടത്തി.11 ദിവസം ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിൽ ഉണ്ട്.
മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണ് അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. കുറെ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതിഒരു ദയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എങ്ങനെ വധ ശിക്ഷ നൽകാൻ കഴിയും സാഹചര്യ തെളിവുകൾ മാത്രമാണ് ഉള്ളതെന്ന് പ്രതിഭാഗം അഭിഭാഷകൻ ശസ്തമംഗലം അജിത് കുമാർ വാദിച്ചു. പ്രതിക്ക് ആന്റി സോഷ്യൽ നേച്ചർ ഇല്ല. ഗ്രീഷ്മയ്ക്ക് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നുവെന്നു വീണ്ടും പറയുന്നു. ഗ്രീഷ്മ ഷാരോണുമായുള്ള ബന്ധത്തിൽ നിന്നും പുറത്തു കടക്കാൻ പല തവണ ശ്രമിച്ചു.
ഷാരോൺ വിടാതെ പിന്തുടർന്നു സ്വകാര്യ നിമിഷങ്ങൾ ഉൾപ്പടെ ഷാരോൺ സൂക്ഷിച്ചു കിടപ്പുമുറിയിലെ ദൃശ്യങ്ങൾ പോലും ഷാരോൺ എടുത്തു. ഗ്രീഷ്മയ്ക്ക് പിന്നാലെ ഷാരോൺ നടന്നു.ഗ്രീഷ്മ ഒരു ചിത്രം പോലും സൂക്ഷിച്ചിരുന്നില്ല.
ഗ്രീഷ്മയെ സ്വകാര്യ ചിത്രങ്ങൾ വെച്ചു ബ്ലാക്ക് മെയിൽ ചെയ്തു എനിക്ക് കിട്ടാത്തത് വേറെ ആർക്കും കിട്ടരുതെന്നു ഷാരോണിനു വാശി ഉണ്ടായിരുന്നു. ഒരാൾക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അതാണ് കൃത്യത്തിലേക്ക് നയിച്ചത്. അതിനെ ധാർമികമായി ന്യായീകരിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകൻ ശസ്തമംഗലം അജിത് കുമാർ വാദിച്ചു.
ഷാരോണിനു സാമൂഹ്യ വിരുദ്ധ പശ്ചാത്തലമുണ്ട്. ഗ്രീഷ്മയ്‌ക്ക് അതില്ലെന്നത് കോടതി പരിഗണിക്കണം. പരമാവധി നൽകാൻ കഴിയുന്നത് ജീവപര്യന്തം ആണ്. പക്ഷേ 10 വർഷമായി കുറയ്ക്കേണ്ട ഇളവ് ഈ സംഭവത്തിൽ ഉണ്ട്. സാഹചര്യ തെളിവുകളുടെ കാര്യത്തിൽ ഉന്നത കോടതികളുടെ ഉത്തരവ് കൂടി പരിഗണിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ ശസ്തമംഗലം അജിത് കുമാർ വാദിച്ചു.
Story Highlights : sharon murder case verdict on monday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here