തൊഴിലിൻ്റെ നിർവചനം മാറ്റണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി; ‘വീട്ടമ്മമാരുടെ ജോലിക്കും സ്വയംതൊഴിലിനും മൂല്യം കൽപ്പിക്കണം’

തൊഴിൽ (Job) എന്ന വാക്കിൻ്റെ നിർവചനം മാറ്റണമെന്ന നിലപാടുമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ. വീട്ടമ്മമാരായ സ്ത്രീകളെയും സ്വയംതൊഴിൽ ചെയ്യുന്നവരെയും ഉൾപ്പെടുത്തി തൊഴിലിൻ്റെ നിർവചനം മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തം ചൂണ്ടിക്കാട്ടിയുള്ള കണക്കുകളോടുള്ള പ്രതികരണത്തിലാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്.
കേന്ദ്ര തൊഴിൽ മന്ത്രാലയവും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും സംയുക്തമായി സംഘടിപ്പിച്ച കോൺഫറൻസിൽ ദില്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു വീട്ടിൽ ഗാർഹിക തൊഴിലെടുക്കുന്ന സ്ത്രീകൾ മാത്രം തൊഴിലാളിയും സ്വന്തം വീട്ടിൽ ഇതേ ജോലി ചെയ്യുന്ന സ്ത്രീകൾ തൊഴിലാളിയല്ലാത്തതും എന്തുകൊണ്ടാണ്? വീടുകളിൽ കന്നുകാലികളെ പരിപാലിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന സ്ത്രീകളെ സ്വയം തൊഴിൽ ചെയ്യുന്നവരായി കണക്കാക്കണമെന്നും അതിന് തൊഴിലിൻ്റെ നിർവചനത്തിൽ നയപരമായ മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബറിലും സമാനമായ നിലപാട് അദ്ദേഹം ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ യുവാക്കളാണ് ഇന്ത്യയുടെ ശക്തിയെന്നും സ്വയം തൊഴിൽ ചെയ്യുന്നവരെ തൊഴിലാളികളായി കണക്കാക്കണമെന്നുമായിരുന്നു ഡിസംബറിൽ അദ്ദേഹം പറഞ്ഞത്.
ഇൻഫോർമൽ സെക്ടറിൻ്റെ സമീപ വർഷങ്ങളിലെ മോശം പ്രകടനം യുവാക്കളെ തൊഴിലില്ലായ്മയിലേക്കും ഗിഗ് സെക്ടറിലേക്കും കാർഷിക വൃത്തിയിലേക്കും തള്ളിവിട്ടതായാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്ക്. വേതനത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്തെ തൊഴിൽ ഗുണമേന്മ താഴോട്ട് പോയെന്ന ഫലവും ഇവർ ചൂണ്ടിക്കാട്ടുന്നു. 2015-16 മുതൽ 2022-23 കാലത്തിനിടയിൽ ഇൻഫോർമൽ സെക്ടറിലെ 63 ലക്ഷത്തോളം സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതിലൂടെ 1.6 കോടി പേർക്ക് തൊഴിൽ നഷ്ടപ്പെടുവെന്ന് ഇന്ത്യ റേറ്റിങ്സിൻ്റെ 2024 ജൂലൈ 9 ന് പുറത്തുവിട്ട കണക്ക് ചൂണ്ടിക്കാട്ടിയിരുന്നു.
Story Highlights : Labour minister suggests revising employment definition to include women working within household
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here