Advertisement

‘PPE കിറ്റിന് ക്ഷാമമുണ്ടായപ്പോള്‍ ഉയര്‍ന്ന തുക നല്‍കി കുറച്ച് എണ്ണം വാങ്ങേണ്ടി വന്നിട്ടുണ്ട്; സിഎജി റിപ്പോര്‍ട്ടില്‍ കെ കെ ശൈലജ

January 21, 2025
2 minutes Read
k k shailaja

കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്ന സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് മുഴുവന്‍ തുകയും നല്‍കിയത്. ലോകയുക്തക്ക് മുന്നില്‍ പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും കെ.കെ ശൈലജ വ്യക്തമാക്കി.

സിഎജി റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും ഇത് പറഞ്ഞുകൊണ്ടേയിരിക്കേണ്ട കാര്യമില്ലെന്നും കെ കെ ശൈലജ പറഞ്ഞു. അസംബ്ലിയില്‍ താന്‍ ഉള്ളപ്പോള്‍ തന്നെ ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചതാണെന്നും വളരെ വ്യക്തമായി എന്താണ് സംഭവിച്ചതെന്ന് മറുപടി പറഞ്ഞതാണെന്നും കെ കെ ശൈലജ പറഞ്ഞു.

പിപിഇ കിറ്റിന് മാര്‍ക്കറ്റില്‍ ക്ഷാമമുള്ള സമയത്ത് കുറച്ച് എണ്ണം ഉയര്‍ന്ന തുക നല്‍കി വാങ്ങേണ്ടി വന്നിട്ടുണ്ട്. ക്ഷാമമുണ്ടായപ്പോള്‍ വില കൂടിയിരുന്നു. ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങിയതില്‍ വളരെ കുറച്ച് കിറ്റുകള്‍ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങനെയായിരുന്നു. സാഹചര്യത്തിന്റെ ഗൗരവം കേരളത്തിലെ ജനങ്ങള്‍ മറന്നു പോവില്ല എന്നുള്ളത് ഉറപ്പല്ലേ – കെ കെ ശൈലജ വ്യക്തമാക്കി.

ആ സമയത്ത് പിപിഇ കിറ്റിന് നല്ല ക്ഷാമം ഉണ്ടായിരുന്നുവെന്നും ഒരു കമ്പനിയുടെ കൈയില്‍ മാത്രമേ കിറ്റ് ഉണ്ടായിരുന്നുള്ളുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. 50000 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ലെന്നും കെകെ ശൈലജ പറഞ്ഞു. ഗുണനിലവാരം കൂടി കണക്കിലെടുത്തായിരുന്നു ഓര്‍ഡര്‍ സമര്‍പ്പിച്ചതെന്നും വ്യക്തമാക്കി.

ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍മാരെ സംരക്ഷിക്കുക എന്നതായിരുന്നല്ലോ ഏറ്റവും പ്രഥമ ഉത്തരവാദിത്തം. അതാണ് നിര്‍വഹിച്ചത്. ഒരു ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് അറിയില്ലേ? അടിയന്തര സാഹചര്യം കണക്കിലെടുത്താണ് മുഴുവന്‍ തുകയും നല്‍കിയത്.സിഎജിക്ക് വ്യക്തത ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ വ്യക്തത നല്‍കും – കെ കെ ശൈലജ വ്യക്തമാക്കി.

കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ വാങ്ങിക്കൂട്ടിയതില്‍ വന്‍ ക്രമക്കേടെന്നാണ് സിഎജി കണ്ടെത്തല്‍. പൊതുവിപണിയില്‍ ലഭിക്കുന്നതിനെക്കാള്‍ മൂന്നിരട്ടി വില നല്‍കിയാണ് പിപിഇ കിറ്റുകള്‍ വാങ്ങിക്കൂട്ടിയതെന്ന് ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയ റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ ആരോപണം ശരിയായെന്നും നിയമപോരാട്ടം തുടരുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു.

Story Highlights : K K Shailaja about CAG report on PPE kit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top