‘ഒടുവിൽ ദൈവപുത്രൻ വന്നു’… ജതിൻ രാംദാസ് ഫസ്റ്റ്ലുക്ക്, ടൊവിനോയ്ക്ക് ജന്മദിനാശംസകളുമായി എമ്പുരാൻ ടീം

സിനിമാപ്രേമികൾ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’. എമ്പുരാനിലെ ടൊവിനോയുടെ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ടൊവിനോയുടെ ജന്മ ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പങ്കിട്ടിരിക്കുന്നത്.
‘‘അധികാരം ഒരു മിഥ്യയാണ്’’ എന്നതാണ് ജതിൻ രാംദാസിന്റെ ടാഗ്‌ലൈൻ. ലൂസിഫറിൽ അതിഥിവേഷത്തിലെത്തിയ ‘ജതിൻ രാംദാസ്’ എമ്പുരാനിൽ മുഴുനീള വേഷത്തിലാകും എത്തുക. കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറിയ ജതിന്‍ രാംദാസ് എമ്പുരാനിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ്.
അതേസമയം എമ്പുരാന്റെ ടീസർ ഉടൻ ഉണ്ടാകുമെന്ന് സൂചന നൽകുന്ന ഒരു അപ്ഡേറ്റ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.സിനിമയുടെ ടീസർ മ്യൂസിക് പ്ലേ ചെയ്യുന്നതിന്റെ ചിത്രമാണ് പൃഥ്വി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിക്കും.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.
Story Highlights : Tovino Thomas Birthday Empuran Update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here