Advertisement

കഠിനംകുളം കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു: ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായ ജോണ്‍സന്‍ ഔസേപ്പാണ് കൊലയാളിയെന്ന് പൊലീസ്

January 23, 2025
Google News 2 minutes Read
Athira-murder-case-accused-escape-scooter-found

തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതിയായ ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശി ജോണ്‍സണ്‍ ഔസേപ്പ് ആണ് ആതിരയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്ത്. കൊല നടത്തിയത് ജോണ്‍സന്‍ തന്നെയെന്നു പൊലീസ് വ്യക്തമാക്കി. ഇയാളുടെ സ്വന്തം നാട് കൊല്ലം നീണ്ട കരയിലാണ്. എന്നാല്‍ വിവാഹം കഴിച്ച് താമസിച്ചിരുന്നത് എറണാകുളം ചെല്ലാനത്താണ്. ഭാര്യയും കുട്ടികളുമുണ്ടെങ്കിലും വേര്‍പെട്ട് കൊച്ചിയില്‍ കഴിയുകയായിരുന്നു ഇയാള്‍.

ഒരു വര്‍ഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. ഇന്‍സ്റ്റഗ്രാമിലൂടെ റീലുകള്‍ അയച്ചാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോണ്‍സണ്‍ നല്‍കി. കൃത്യത്തിന് മൂന്നുദിവസം മുമ്പ് 2500 രൂപ ജോണ്‍സണ്‍ യുവതിയുടെ പക്കല്‍ നിന്നും വാങ്ങി. നേരത്തെ യുവതി ജോണ്‍സനുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്‍സണ്‍ പണം തട്ടിയിരുന്നത്. ഒടുവില്‍ കൂടെ പോകണമെന്ന് ജോണ്‍സണ്‍ യുവതിയോട് പറഞ്ഞു.ഇത് യുവതി വിസമ്മതിച്ചു.

Read Also: ‘ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് പരിമിതി ഉണ്ട്; ബജറ്റില്‍ തുക കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല’; കെ.എന്‍ ബാലഗോപാല്‍

കൃത്യം നടക്കുന്ന ദിവസം രാവിലെ ഒന്‍പതു മണിയോടെ വീട്ടിലെത്തിയ ജോണ്‍സന് യുവതി ചായ കൊടുത്തു. പിന്നീട് യുവതിയെ എന്തോ നല്‍കി മയക്കിയതിന് ശേഷം കഴുത്തില്‍ കത്തി കുത്തിവലിക്കുകയായിരുന്നു. അന്നേദിവസം രാവിലെ പ്രതി പെരുമാതുറയുടെ വാടകവീട്ടില്‍ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.

വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടില്‍ ആതിരയെ(30) ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്ത് പകുതിയോളം മുറിഞ്ഞ നിലയിലായിരുന്നു. വീട്ടിലെ സ്‌കൂട്ടറും കാണാതായിട്ടുണ്ട്. കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്.

Story Highlights : Kadinamkulam Athira murder case: The police said that the killer was Athira’s Instagram friend Johnson Ousep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here