എൻ എം വിജയന്റെ ആത്മഹത്യ; ഐ സി ബാലകൃഷ്ണന്‍ എംഎൽഎയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍റെ ആത്മഹത്യയിൽ പ്രേരണകുറ്റം ചുമത്തപ്പെട്ട ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പുത്തൂര്‍വയല്‍ എ ആര്‍ ക്യാമ്പിലായിരുന്നു എംഎല്‍എ ഐസി ബാലകൃഷ്ണനെ അന്വേഷണസംഘം ചോദ്യം ചെയ്തത്.
ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ഷരീഫിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എന്‍ എം വിജയന്‍റെ കത്തുകളിലെ പരാമര്‍ശവുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും ചോദ്യങ്ങള്‍. എന്നാല്‍ ബാങ്കുകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളില്‍ പങ്കാളിയായിട്ടില്ല എന്നായിരുന്നു എംഎല്‍എയുടെ മറുപടി. അന്വേഷണവുമായി സഹകരിക്കുമെന്നും നീതി പൂര്‍വ്വമായ അന്വേഷണം നടക്കണമെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പായി ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു.
എംഎല്‍എയുടെ ചോദ്യം ചെയ്യല്‍ നാളെയും തുടരും. നേരത്തെ ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റമാണ് മൂന്ന് പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സിപിഐഎം ഈ മാസം 28ന് ബത്തേരിയില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി മൂന്ന് മേഖല ജാഥകളും സിപിഐഎം സംഘടിപ്പിക്കും.
Story Highlights : NM Vijayan death IC Balakrishnan MLA Today’s questioning is over
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here