താങ്കൾ എന്തിനിത്തരം ചിത്രങ്ങൾ ചെയ്തുവെന്ന് രാജമൗലി ചോദിച്ചു ; രാംഗോപാൽ വർമ്മ

താൻ ചെയ്ത സിനിമാ പാപങ്ങൾ എല്ലാം പുതിയൊരു ചിത്രത്തിലൂടെ കഴുകിക്കളയുമെന്ന് പ്രഖാപിച്ച് X ൽ എഴുതിയ നീളൻ കുറിപ്പിനെ സംബന്ധിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മയുടെ പുതിയ വെളിപ്പെടുത്തൽ. പണ്ടൊരിക്കൽ എസ്.എസ് രാജമൗലി തന്നോട് ചോദിച്ചു, “താങ്കളെപ്പോലെ പരന്ന വായനാശീലമുള്ള, ബുദ്ധിവൈഭവമുള്ള, സിനിമയെന്ന സാങ്കേതിക വിദ്യയെ മറ്റാരേക്കാളും നന്നായി മനസിലാക്കിയ ഒരാൾ എന്തിനു ഇത്തരം സിനിമകൾ ചെയുന്നു?” എന്ന്.

1989 മുതൽ 2005 വരെയുള്ള കാലയളവിൽ, വയലൻസിൽ മുങ്ങുന്ന ഇന്ത്യൻ യുവത്വത്തിന്റെയും രാജ്യത്തെ ഇരുണ്ട അധോലോക കുറ്റകൃത്യങ്ങളുടെയും കഥ പറഞ്ഞ ശിവ, ക്ഷണം ക്ഷണം, സത്യ, കമ്പനി, സർക്കാർ തുടങ്ങിയ ചിത്രങ്ങളിലൂടെ രാം ഗോപാൽ വർമ്മ വാണിജ്യ സിനിമക്ക് വേറിട്ടൊരു മുഖം നൽകി. എന്നാൽ അതിനു ശേഷം ഇറങ്ങിയ മിക്ക ചിത്രങ്ങളുടെയും നിലവാരം ശരാശരിക്കും താഴെയായി പോയിരുന്നു. തുടർന്ന് ബി ഗ്രേഡ് ചിത്രങ്ങളിലേക്ക് അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് താഴുകയും വ്യക്തി ജീവിതത്തിലും ഒട്ടനവധി വിവാദങ്ങൾ ഉണ്ടാകുകയും ചെയ്തു.
രണ്ട് ദിവസം മുൻപ് X ൽ പോസ്റ്റ് ചെയ്ത കുറിപ്പുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രാജമൗലി ചോദിച്ച ചോദ്യവും അതിനു തൻ പറഞ്ഞ മറുപടിയും രാം ഗോപാൽ വർമ്മ വിശദീകരിക്കുന്നു. “സത്യത്തിൽ ഞാനൊരു ഫിലിം മേക്കർ അല്ല, ഞാൻ ഫിലിം മേക്കിങ്ങും ചെയ്യുന്നുണ്ട് എന്നേയുള്ളു. എന്റെ ശരികൾക്കനുസരിച്ച് മാത്രമേ ഞാൻ ജീവിക്കൂ”. എന്നാൽ ഇന്ന് ചിന്തിക്കുമ്പോ താൻ അന്ന് രാജമൗലിക്ക് നൽകിയ ഉത്തരം, സ്വയം ന്യായീകരിക്കാൻ ഉള്ള വെറും പൊള്ള വാദം മാത്രമായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും.

തനിക്ക് കഷ്ടിച്ച് 2 വർഷമേ ഇനി സിനിമ മേഖലയിൽ പിടിച്ച് നിൽക്കാൻ സാധിക്കൂ, അതിനാൽ അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രം, ഇതുവരെ താൻ തന്റെ തന്നെ കാരിയാറിനോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്നത് പോലെ ആത്മാർത്ഥമായി നിർമ്മിക്കും എന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.

Story Highlights :താങ്കൾ എന്തിനിത്തരം ചിത്രങ്ങൾ ചെയ്തുവെന്ന് രാജമൗലി ചോദിച്ചു ; രാംഗോപാൽ വർമ്മ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here