പ്രത്യുൽപ്പാദനം കുറഞ്ഞാൽ വേർപിരിയും, പെൻഗ്വിനുകളുടെ പ്രണയ ജീവിതത്തിലും മാറ്റം

ജീവിതകാലം മുഴുവൻ ഒരു പങ്കാളിയോടൊപ്പം മാത്രം ഇണചേരുന്ന,ഏറെ കുറെ മനുഷ്യന്റെ സാമൂഹ്യ ജീവിതവുമായി സാമ്യമുള്ളവരായാണ് പെൻഗ്വിനുകളെ കണ്ടിരുന്നത്. എന്നാൽ പെൻഗ്വിനുകൾക്കിടയിൽ വേർപിരിയൽ കൂടിയെന്നും പങ്കാളികളിൽ തൃപ്തരല്ലാത്തവർ പുതിയ പങ്കാളികളെ തേടി പോകുന്നുവെന്നും എക്കോളജി ആൻഡ് എവല്യൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു.
Read Also: ചൈനീസ് യുവതയ്ക്ക് വൈകാരിക പിന്തുണ നൽകാൻ AI വളർത്തുമൃഗങ്ങൾ
ഏതാണ്ട് ഒരു ദശാബ്ദ കാലം നീണ്ടു നിന്ന പഠനത്തിനൊടുവിലാണ് ഗവേഷകരുടെ ഈ കണ്ടെത്തൽ. ഓസ്‌ട്രേലിയയയിലെ ഫിലിപ്പ് ദ്വീപിൽ ഉണ്ടായിരുന്ന 37,000 ചെറിയ പെൻഗ്വിനുകളുടെ കോളനിയിൽ നടന്ന 13 ബ്രീഡിംഗ് സീസണുകളിലായാണ് നിരീക്ഷണം നടത്തിയത്. അതിൽ നിന്നും, പെൻഗ്വിനുകളിൽ വേർപിരിയൽ സാധരണമാണെന്നും, അവർ മികച്ച പങ്കാളികൾക്കായി ദീർഘ കാലയളവ് തന്നെ കാത്തിരിക്കാറുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
ഭക്ഷ്യക്ഷാമം, അസ്ഥിരമായ ആവാസവ്യവസ്ഥ എന്നിവ ദീർഘകാല ബന്ധങ്ങളെ എങ്ങനെയാണ് തകർക്കുന്നതെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പെൻഗ്വിനുകളുടെ വേർപിരിയലെന്ന് ഓസ്ട്രേലിയയിലെ മോണാഷ് സർവകലാശാലയിലെ ഈക്കോഫിസിയോളജി ആൻഡ് കൺസർവേഷൻ ഗവേഷണ ഗ്രൂപ്പിന്റെ തലവനായ റിച്ചാർഡ് റെയ്ന പറഞ്ഞു.
പെൻഗ്വിനുകളുടെ പങ്കാളി മരിച്ചാൽ ഇണയ്ക്ക് ജീവനോടെയിരിക്കാനാകില്ലെന്നും അവ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞുകൊണ്ടുള്ള കണ്ടെന്റുകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗമാണ്. എന്നാൽ ഈ പുതിയ പഠനം പെൻഗ്വിനുകളുടെ ജീവിതത്തിലും പ്രണയ സങ്കീർണതകൾ ഉണ്ടെന്ന് വ്യക്തമാക്കുകയാണ്. പെൻഗ്വിനുകളുടെ വേർപിരിയൽ നിരക്കിലെ ആശ്ചര്യകരമായ വർധന ഗവേഷകരെയും വന്യജീവി പ്രേമികളെയും വരെ ആശ്ചര്യപ്പെടുത്തുകയാണ്. ഫിലിപ്പ് ദ്വീപിലെ ചെറിയ പെൻഗ്വിനുകളെക്കുറിച്ചുള്ള ഈ ഗവേഷണം പക്ഷി ഇനങ്ങളുടെ സാമൂഹികരീതിയെക്കുറിച്ച് നിർണായകമായ ധാരണ നൽകുന്നുവെന്നും പെൻഗ്വിനുകളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുമെന്നും ഗവേഷകർ പറയുന്നു.
Story Highlights : Decline in reproduction can lead to separation and change in penguins’ love lives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here