Advertisement

‘പുതിയ വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്ന് പകരുന്നത്’; ഡോ സൗമ്യ സ്വാമിനാഥന്‍

January 24, 2025
Google News 2 minutes Read
cmfri

പുതുതായി വരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്ന് പകരുന്നതാണെന്ന് ലോക ആരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന ചടങ്ങില്‍ വേമ്പനാട്ട് കായലിലെ ജലഗുണനിലവാരം, ജലജന്യ പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

കാലാവസ്ഥാവ്യതിയാനവും പോഷകസമൃദ്ധമല്ലാത്ത ഭക്ഷണശീലങ്ങളും വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അവര്‍ ഉയര്‍ത്തിക്കാട്ടി. ഇന്നത്തെ മിക്ക ആരോഗ്യ ഭീഷണികളും പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിന്ന് ഉല്‍ഭവിക്കുന്നതാണ്. അതിനാല്‍ ഇന്ത്യയില്‍ ഒരു പരിസ്ഥിതി ആരോഗ്യ നിയന്ത്രണ ഏജന്‍സി സ്ഥാപിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു.

അസന്തുലിതമായ ഭക്ഷണരീതി രാജ്യത്തെ പ്രധാന ആരോഗ്യഭീഷണികളിലൊന്നാണ്. പോഷകാഹാരക്കുറവ്, വിളര്‍ച്ച, സൂക്ഷ്മ പോഷക അപര്യാപ്തതകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇപ്പോഴും നിനില്‍ക്കുന്നുണ്ട്. എന്നാല്‍, ജനസംഖ്യയില്‍ പകുതിയോളം ഇന്ത്യക്കാരും ആവശ്യമായ പോഷകാഹാരം കഴിക്കാനുള്ള ശേഷിയില്ലാത്തവരാണ്.

ഭക്ഷണശീലം ആരോഗ്യകരമല്ലാത്തതിനാല്‍, പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ എന്നിവ കേരളത്തിലും തമിഴ്നാട്ടിലും വര്‍ധിച്ചുവരികയാണ്. മാറിവരുന്ന ശീലങ്ങള്‍ കാരണം, സംസ്‌കരിച്ചതും ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് അടങ്ങിയതുമായ ഭക്ഷണങ്ങള്‍ക്കാണ് പ്രിയം. ധാരാളം അന്നജവും വളരെ കുറഞ്ഞ ഭക്ഷണ വൈവിധ്യവുമെന്നതാണ് സ്ഥിതി. പോഷകാഹാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണമെന്ന നിലയില്‍ സമുദ്രവിഭവങ്ങള്‍ക്ക് ഏറെ സാധ്യതയുണ്ട്. എന്നാല്‍, ഈ വിഭവങ്ങള്‍ ഇനിയും പൂര്‍ണമായി വിനിയോഗിച്ചിട്ടില്ല.

Read Also: നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള നടപടി ഇന്നു തന്നെ; കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം

കാലാവസ്ഥാവ്യതിയാനം കാരണം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രളയം, വരള്‍ച്ച, ചുഴലിക്കാറ്റുകള്‍, കൊടും ചൂട് തുടങ്ങിയ കാലാവസ്ഥാ അപകടങ്ങളില്‍ ഒന്നെങ്കിലും രാജ്യത്തെ മിക്കവാറും മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്നുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ചൂട് ഏറ്റവും അപകടകരിയാണ്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലമായ വിഭാഗമാണ് ഇതിനെല്ലാം ഇരയാകുന്നത്.

ഈ വെല്ലുവിളികള്‍ നേരിടുന്നതിന് വിവിധ മന്ത്രാലയങ്ങള്‍, വിവിധ ഗവേഷണ ഏജന്‍സികള്‍ എന്നിവരുടെ സംയുകത സഹകരണവും വിവര കൈമാറ്റവും ആവശ്യമാണ്. പൊതുജനങ്ങളെ കൂടി പങ്കാളികളാക്കിയുള്ള സിറ്റിസന്‍ സയന്‍സ് സംരംഭങ്ങളും ആവശ്യമാണ്.

കോവിഡ് സമയത്ത്, ഒരു വര്‍ഷത്തിനുള്ളില്‍ വാക്സിനുകളുടെ വികസനം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്രജ്ഞരും തമ്മിലുള്ള അഭൂതപൂര്‍വമായ സഹകരണം കൊണ്ടാണ് ഇത് സാധ്യമായത്.

ഡിജിറ്റല്‍ യുഗത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അതിവേഗം പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ ശാസ്ത്രീയ പുരോഗതിക്കും പൊതുജനാരോഗ്യ ശ്രമങ്ങള്‍ക്കും തടസ്സമാകും. കോവിഡ് സമയത്ത് സമയത്ത് എല്ലാവരും ‘വിദഗ്ധര്‍’ ആയി ആളുകള്‍ക്ക് ഉപദേശം നല്‍കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇത് അപകടമാണ്. നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്- ഡോ സൗ്മ്യ സ്വാമിനാഥന്‍ പറഞ്ഞു.

കായലിലെ വെള്ളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള വാട്ടര്‍ ക്ലിനിക്, ശുചിത്വരീതികളെ കുറിച്ചുള്ള സര്‍വേ നടത്തുന്നതിനാവശ്യമായ ക്ലെന്‍സ് ആപ്, ജലത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് ഗവേഷകരെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമായ അക്വാഡിപ് ആപ്പ്, തീരമേഖലയിലെ ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട ഡേറ്റബേസ് എന്നിവ ഡോ സൗമ്യ സ്വാമിനാഥന്‍ പുറത്തിറക്കി.

സിഎംഎഫ്ആര്‍ഐ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, നാന്‍സണ്‍ എണ്‍വയണ്‍മെന്റല്‍ റിസര്‍ച്ച് സെന്റര്‍-ഇന്ത്യ എന്നിവര്‍ സംയുക്തമായാണ് വേമ്പനാട് കായലിലെ വിബ്രിയോ ബാക്ടീരിയകളുടെ സാന്നിധ്യം, മലിനീകരണം, പരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നത്.

ചടങ്ങില്‍ സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡോ കാജല്‍ ചക്രവര്‍ത്തി, ഡോ വി വി ആര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.

Story Highlights : ‘New viral epidemics are mostly transmitted by animals’; Dr. Soumya Swaminathan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here