നോളന്റെ ഓപ്പൺഹൈമർ ഇഷ്ട്ടപ്പെട്ടില്ല ; ഹോളിവുഡ് ചിത്രങ്ങൾ നിരാശ സമ്മാനിക്കുന്നു ; R. മാധവൻ

ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ ആറ്റം ബോംബിന്റെ പിതാവിന്റെ കഥ പറഞ്ഞ ഓപ്പൺഹൈമർ തനിക്ക് ഇഷ്ടമായില്ല എന്നും, ഹോളിവുഡ് തന്നെ സമീപകാലത്ത് വളരെ നിരാശപ്പെടുത്തുന്നു എന്നും നടൻ ആർ. മാധവൻ. തന്റെ ഹിസാബ് ബറാബർ എന്ന ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് പ്രമോഷന്റെ ഭാഗമായി ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലെ ആണ് നടന്റെ പ്രസ്താവന.

മനുഷ്യരാശി കണ്ട ഏറ്റവും അപകടകരമായൊരു ബോംബ് ഒരാൾ കണ്ടുപിടിച്ച്, ഒരു സെക്കൻഡിൽ നടത്തിയ കൂട്ടക്കൊലയിൽ ഒരു വർഗ്ഗത്തെയും പ്രദേശത്തെയും സംസ്കാരത്തെയും വെണ്ണീറാക്കുന്നു. എന്നിട്ടും ചിത്രത്തിൽ, ചെയ്ത പാപത്തിന്റെ ആഘാതം ആ ബോംബ് കണ്ടുപിടിച്ച മനുഷ്യനിൽ കാണിക്കുന്നതേയില്ല. അയാളുടെ വികാരവും എനിക്ക് കാണണമെന്നുണ്ടായിരുന്നു. അത് ഉൾപ്പെടുത്താതെ, വളരെ മിതമായൊരു സിനിമാ സമീപനമാണെന്നു പറഞ്ഞാൽ താൻ അംഗീകരിക്കില്ല എന്ന് മാധവൻ പറയുന്നു.
അഭിമുഖത്തിൽ അമേരിക്കൻ സിനിമകളിലെ കഥാപാത്രങ്ങളുടെ നിർവികാരതയെയും മാധവൻ വിമർശിച്ചു. “ഏഷ്യൻ സിനിമകളിൽ ഒരു ദുരന്തം നടന്നാൽ മനുഷ്യർ വിലപിക്കും, എന്നാൽ പാശ്ചാത്യർക്ക് അത് എന്താണെന്നു പോലും അറിയില്ല. അതിനെ മിതമായ അഭിനയ ശൈലി എന്ന് വിശേഷിപ്പിക്കരുത്, ദുഖമുണ്ടാകുമ്പോൾ ഒരു നായ പോലും കരയും അമേരിക്കൻ സിനിമ അത് ആവിഷ്‌ക്കരിച്ചില്ല എന്നുവെച്ച് അങ്ങനെയൊന്നില്ല എന്നർത്ഥമില്ല. യൂഷ്വൽ സസ്‌പെക്ടസ്, ഷോഷാങ്ക് റിഡംഷൻ, ബ്യുട്ടിഫുൾ മൈൻഡ് പോലുള്ള ചിത്രങ്ങൾ അവർ ഇപ്പോൾ നിർമ്മിക്കുന്നില്ല”.

മാധവനൊപ്പം കൃതി കുൽഹരി,നീൽ നിതിൻ മുകേഷ് തുടങ്ങിയവർ അഭിനയിച്ച് അശ്വിനി ധിർ സംവിധാനം ചെയ്ത ‘ഹിസാബ് ബറാബർ’, ഒരു ഭീമൻ കോർപ്പറേറ്റ് ബാങ്ക് നടത്തുന്ന തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവരാൻ ഒരു സാധാരണക്കാരന് നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. 2024 നവംബറിൽ റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.
Story Highlights :നോളന്റെ ഓപ്പൺഹൈമർ ഇഷ്ട്ടപ്പെട്ടില്ല ; ഹോളിവുഡ് ചിത്രങ്ങൾ നിരാശ സമ്മാനിക്കുന്നു ; R. മാധവൻ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here