മഹേഷ് ബാബുവിനെ രാജമൗലി പൂട്ടി ; വീഡിയോ വൈറൽ

രാജ്യം മുഴുവൻ കാത്തിരിക്കുന്ന എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ മഹേഷ് ബാബു അഭിനയിക്കുന്ന ചിത്രം ഉടനെന്ന് സൂചന നൽകി രാജമൗലി. സംവിധായകൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്ത് വിട്ടിരിക്കുന്ന വിഡിയോയിൽ ഒരു സിംഹത്തെ കൂട്ടിലാക്കിയ ചിത്രത്തിന് മുന്നിൽ ഒരു പാസ്പോർട്ട് ഉയർത്തി കാണിക്കുന്ന രാജമൗലിയെ കാണാൻ സാധിക്കുന്നു.
അടുത്തിടെ റിലീസായ മുഫാസ ദി ലയൺ കിംഗ് എന്ന ഡിസ്‌നിയുടെ ആനിമേഷൻ ചിത്രത്തിൽ നായക കഥാപാത്രമായ സിംഹത്തിന്റെ കഥാപാത്രത്തിന് തെലുങ്കിൽ ശബ്ദം നൽകിയത് മഹേഷ് ബാബുവായിരുന്നു. മഹേഷ് ബാബുവിന്റെ താരപ്രഭയിൽ ചിത്രം ആന്ധ്രയിൽ വൻ വിജയം നേടുകയും ചെയ്തു. രാജമൗലിയുമായുള്ള താരത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഉടൻ ചിത്രീകരണമാരംഭിക്കും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മഹേഷ് ബാബു ഏറെനാളുകളായി കുടുംബവുമൊത്ത് വിദേശത്ത് വിനോദ യാത്രകളിലായിരുന്നു. ചിത്രത്തിന്റെ അപ്ഡേറ്റ് ലഭിക്കാതെ നിരാശരായ ആരാധകർ രാജമൗലിയോട് നടന്റെ പാസ്പോർട്ട് വാങ്ങി വെച്ച് ഷൂട്ടിങ് ആരംഭിക്കാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രചരിപ്പിക്കുകയുണ്ടായി.
ഈ ട്രെൻഡ് ഏറ്റെടുത്താണ് ഇപ്പോൾ രാജമൗലി മഹേഷ് ബാബുവിനെ ലോക്ക് ആക്കിയെന്ന അർത്ഥത്തിൽ സിംഹത്തെ കൂട്ടിലാക്കി പാസ്സ്‌പോർട്ട് ആരാധകരെ കാണിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം മഹേഷ് ബാബുവിന്റെ തന്നെ സ്പൈഡർ എന്ന ചിത്രത്തിലെ സൈക്കോ വില്ലന്റെ തീം മ്യൂസിക്കിനനുസരിച്ച് വില്ലൻ ചിരി ചിരിച്ചാണ് രാജമൗലി ഇപ്പൊ വീഡിയോ വൈറൽ ആക്കിയിരിക്കുന്നത്. 1000 കോടിക്കടുത്ത് ബഡ്ജറ്റ് വരും എന്ന് കണക്കുകൂട്ടിയിരിക്കുന്ന ചിത്രത്തിൽ പ്രിത്വിരാജാണ് വില്ലൻ വേഷം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. അഡ്വെഞ്ചർ ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം ഇന്ത്യാന ജോൺസ് സിനിമാ പരമ്പരകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് നിർമ്മിക്കുന്നത് എന്ന് രാജമൗലി തന്നെ പറഞ്ഞിരുന്നു. പ്രിയങ്ക ചോപ്രയും ഒരു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിൽ ഹോളിവുഡിൽ നിന്നും നിരവധി അഭിനേതാക്കൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ചിത്രം 2027ൽ തിയറ്ററുകളിലെത്തും.
Story Highlights : SS Rajamouli ‘captures’ Mahesh Babu’s passport, video gone viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here