34 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ലങ്കൻ പിടിയിൽ; ഈ വർഷം ഇതുവരെ പിടിയിലായത് 6 ബോട്ടും 52 തൊഴിലാളികളും

തമിഴ്നാട്ടിൽ നിന്നുള്ള 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവിക സേനയുടെ പിടിയിലായി. രാമനാഥപുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകളിലെ തൊഴിലാളികളാണ് പിടിയിലായിരിക്കുന്നത്. സമുദ്രാതിർത്തി ലംഘിച്ചെന്ന കാരണം പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ ബോട്ടും മത്സ്യബന്ധന ഉപകരണങ്ങളും അടക്കം നാവികസേന പിടിച്ചെടുത്തു. അറസ്റ്റിലായവരെ കിളിനോച്ചി ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർക്ക് കൈമാറി.
ശ്രീലങ്കൻ നാവികസേനയുടെ നോർത്തേൺ നേവൽ കമാൻഡും കോസ്റ്റ് ഗാർഡും ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റും നോർത്ത് സെൻട്രൽ നേവൽ കമാൻഡിൻ്റെ ഇൻഷോർ പട്രോൾ ക്രാഫ്റ്റും അടക്കം വൻ സന്നാഹമാണ് തലൈമന്നാറിന് വടക്ക് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകളെ തടയാൻ വിന്യസിച്ചിരിക്കുന്നത്. ഈ വർഷം ഇതുവരെ മാത്രം ആറ് ബോട്ടുകളിലായി ഇന്ത്യയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 52 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്ക അറസ്റ്റ് ചെയ്തത്.
രാമേശ്വരം സ്വദേശി സച്ചിൻ, തങ്കച്ചിമഠം സ്വദേശി ഡെനിൽ, റൂബിൽഡൻ എന്നിവരുടെ ബോട്ടുകളാണ് ശ്രീലങ്ക പിടികൂടിയത്. അറസ്റ്റിലായവരുടെ വിവരങ്ങൾ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. അറസ്റ്റിനെ അപലപിച്ച വിവിധ സംഘടനകൾ, മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ഇടപെടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പിടിച്ചെടുത്ത ബോട്ടുകൾ തിരിച്ചെടുക്കണമെന്നും അവർ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.
Story Highlights : 34 Indian fishermen arrested by Sri Lankan Navy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here