Advertisement

‘പഞ്ചാരക്കൊല്ലിയിലെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടില്ല; യുഡിഎഫിന്റെ സമരത്തെയാണ് വിമര്‍ശിച്ചത്’; വിശദീകരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍

January 26, 2025
Google News 2 minutes Read
a k saseendran

പഞ്ചാരക്കൊല്ലിയിലെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പറഞ്ഞതെന്നും ഈ സമരത്തെ എന്നല്ല, നേരത്തെ ഇതുപോലുള്ള ഏത് പ്രതിഷേധ സമരത്തെയും താന്‍ തള്ളി പറയില്ലെന്നും അത് അവരുടെ അവകാശമായി കാണുന്നയാളാണെന്നും മന്ത്രി പറഞ്ഞു. വളരെ ക്രൂരം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവമാണ് ഉണ്ടായതെന്ന് രാധയുടെ മരണത്തെ സൂചിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അത് സ്വാഭാവികമായും ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടാക്കും, പ്രതിഷേധമുണ്ടാക്കും, അത് രോഷപ്രകടനമായി മാറും. അത് സാധാരണയായി സംഭവിക്കുന്നതാണ് – അദ്ദേഹം വിശദമാക്കി.

ജില്ലയില്‍ നിന്നുള്ള മന്ത്രി ഒ ആര്‍ കേളു ഇവിടെ വന്നുവെന്നും പലവട്ടം സംസാരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന്റെ അടിസ്ഥാനത്തില്‍ ഒരു ധാരണയിലെത്തിയെന്നും ആ ധാരണ നടപ്പിലാക്കുന്നതെങ്ങനെ എന്നതിനെ കുറിച്ച് ആലോചിക്കുന്നതിനാണ് ഇന്ന് വനം വകുപ്പുമായും ഡിപ്പാര്‍ട്ട്‌മെന്റുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയെന്നും പറഞ്ഞു. പ്രധാന ആവശ്യങ്ങളില്‍ ഒന്ന് കടുവയെ വെടിവച്ച് കൊല്ലണമെന്നായിരുന്നു. മുഖ്യമന്ത്രിയുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്താലും വേണ്ടില്ല കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവിടണം, ഇത് തന്റെ തീരുമാനമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ആ നിര്‍ദേശം കൂടി സ്വീകരിച്ചതിന് ശേഷമാണ് ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, ലോ സെക്രട്ടറി തുടങ്ങി വിഷയത്തിവല്‍ വിദഗ്ധാഭിപ്രായം തരേണ്ട എല്ലാവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിപ്രായം തേടിയിരുന്നു. കൊല്ലാന്‍ കഴിയുമെന്ന് അരുണ്‍ സഖറിയെയും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാനുള്ള തീരുമാനമെടുത്തതിന് ശേഷമാണ് പഞ്ചാരക്കൊല്ലിയിലെ ജനങ്ങളെ കാണാന്‍ വന്നത് – അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ കൂടെ നില്‍ക്കാനാണ് താനും സര്‍ക്കാരും മുന്നണിയും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉറപ്പ് നല്‍കിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്നും 29ാം തിയതി വീണ്ടും വിഡിയോ കോണ്‍ഫറന്‍സ് വഴിയോ നേരിട്ടോ ആലോചനാ യോഗങ്ങള്‍ നടത്തി വിഷയം മോണിറ്റര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കൂടെ ഉണ്ടാവും. വന്യ ജീവി സ്‌നേഹികള്‍ കോടതിയില്‍ പോകുന്ന നാടാണിത്. പോയി പോയി ഈ പരുവം ആയി. കോടതി നിന്ന് എന്തെങ്കിലും വന്നാല്‍ അപ്പോള്‍ നോക്കാം. ഒരു നാടിന്റെ പ്രശ്‌നമായി ഇതിനെ കാണുന്നു – അദ്ദേഹം വ്യക്തമാക്കി.

Story Highlights : A. K. Saseendran about Pacharakkolly tiger attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here