Advertisement

പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജി കടുവ ചത്തു; ആശ്വാസത്തോടെ വയനാട്

January 27, 2025
Google News 2 minutes Read
pancharakolli man eater tiger died

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ചത്തു. രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തി ഭക്ഷിച്ച നരഭോജിക്കടുവയാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. കടുവ ചത്ത വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. ഓപ്പറേഷനിടയില്‍ ദൗത്യസംഘമാണ് ചത്തനിലയില്‍ കടുവയെ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. രാധയുടെ കൊലയ്ക്ക് ശേഷം വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും തെരച്ചിലിനും വിവാദങ്ങള്‍ക്കും ഒടുവിലാണ് നാലാംനാള്‍ പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച കടുവയുടെ മൃതദേഹം ലഭിക്കുന്നത്. (pancharakolli maneater tiger died)

ദൗത്യസംഘത്തിന്റെ നൈറ്റ് പട്രോളിംഗിനിടെ പുലര്‍ച്ചെ 2.30ഓടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ മരണകാരണം അറിയാന്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം വേണ്ടിവരുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നുതന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിക്കും. കടുവ ചത്തതില്‍ വലിയ ആശ്വാസമുണ്ടെന്ന് കൊല്ലപ്പെട്ട രാധയുടെ ഭര്‍ത്താവ് അച്ചപ്പന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കടുവയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

Read Also: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കൊല്ലാൻ 10 സംഘങ്ങൾ

ഇന്നലെ പിലാക്കാവ് പ്രദേശത്ത് കടുവയെ കണ്ടതായി ദൗത്യസംഘം അറിയിച്ചിരുന്നു. ഇന്ന് കടുവയുടെ കാല്‍പ്പാട് കണ്ട് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ കടുവ ചത്തുകിടക്കുന്നതായി കണ്ടത്. കടുവയുടെ ദേഹത്തെ വരകള്‍ പരിശോധിച്ച് ചത്തത് നരഭോജി കടുവ തന്നെയെന്ന് ഉറപ്പിച്ചിട്ടുണ്ട്. വനംമന്ത്രി എ കെ ശശീന്ദ്രന്‍ രാവിലെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലിയിലാകെ ആശങ്ക പരത്തിയ കടുവയെ കണ്ടെത്തി കൊല്ലാന്‍ 10 സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്. പഞ്ചാരക്കൊല്ലി മേഖലയില്‍ ഇന്ന് കര്‍ഫ്യുവും പ്രഖ്യാപിച്ചിരുന്നു.

Story Highlights : pancharakolli man eater tiger died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here