ചെന്താമര നെന്മാറയിലെ വീട്ടിൽ താമസിച്ചത് ജാമ്യ ഉപാധികൾ ലംഘിച്ച്; പൊലീസിന് ഗുരുതര വീഴ്ചയുണ്ടായി

നെന്മാറ ഇരട്ടകൊലപാതക കേസിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. 2022 ൽ നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുതെന്ന ഉപാധിയോടെയായിരുന്നു കോടതി ചെന്താമരയ്ക്ക് ജാമ്യം കൊടുത്തിരുന്നത്. എന്നാൽ 2023 ൽ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ജാമ്യ ഇളവ് ചുരുക്കി.
പ്രതി ഉപാധി ലംഘിച്ച് പഞ്ചായത്തിലെത്തി താമസമാക്കിയ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും പൊലീസ് നടപടി എടുക്കുകയോ ജാമ്യം റദ്ദാക്കാൻ കോടതിയെ പൊലീസ് സമീപിക്കുകയോ ചെയ്തിരുന്നില്ല.
ചെന്താമര മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി അയൽവാസി പുഷ്പ പറഞ്ഞു. തന്നോട് വൈരാഗ്യം തോന്നാൻ കാരണം ഭാര്യയുമായി കൂട്ട് കൂടിയതിനായിരുന്നുവെന്നും ചെന്താമരന്റെ കുടുംബം തകർത്തത് താൻ ആണെന്ന് പ്രതി കരുതിയെന്നും പുഷ്പ ട്വന്റി ഫോറിനോട് പറഞ്ഞു. ചെന്താമരയുടെ വീട്ടിലേക്ക് നോക്കി നിൽക്കുന്നത് പോലും ഇഷ്ടമല്ല. തന്നെയും ബിന്ദു എന്നയാളെയും കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും ആയുധങ്ങൾ വരെ തങ്ങളെ കാണിച്ചിരുന്നെന്നും പുഷ്പ ട്വന്റി ഫോറിനോട് വ്യക്തമാക്കി.
അതേസമയം, പ്രതി ചെന്താമരയുടെ വീട്ടിൽ നിന്ന് വിഷക്കുപ്പിയും കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാളും പൊലീസ് കണ്ടെത്തി. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്. പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Story Highlights : Police failed the Nenmara murder case; Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here