നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര വിറ്റ ഫോൺ ഓൺ ആയി; പ്രതി തിരുവമ്പാടിയിൽ..?

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരക്കായുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെ പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പൊലീസ്. കോഴിക്കോട് തിരുവമ്പാടിയിൽ വെച്ച് ചെന്താമരയുടെ മൊബൈൽ ഓണായെന്ന് പൊലീസിന് വിവരം ലഭിച്ചു.
തിരുവമ്പാടിയിൽ ഇയാൾ നേരത്തെ തിരുവമ്പാടിയിൽ സെക്യുറിട്ടി ആയി ജോലി ചെയ്തിരുന്നു. പ്രതി സുഹൃത്തിന് വിറ്റ ഫോൺ ആണ് ഓൺ ആയത്. അതേ സമയം ഓണായതിന് തൊട്ടുപിന്നാലെ തന്നെ ഫോൺ ഓഫാകുകയും ചെയ്തു.
തിരുവമ്പാടി സിഐയുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി. ഇതേവരെ ഒന്നും കണ്ടെത്താനായില്ലെന്നാണ് പുറത്തുവരുന്ന വിവരം. ക്വാറി കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയായി. നെന്മാറ വാക്കാവ് ശാന്തിഗൃഹം ശ്മശാനത്തിലായിരുന്നു ലക്ഷ്മിയമ്മയുടെ സംസ്കാരം. സുധാകരന്റെ മൃതേദഹം എലവഞ്ചേരിയിലെ ശ്മശാനത്തിലാണ് സംസ്കരിച്ചത്.
സുധാകരന്റെ ഭാര്യ സജിതയെ 2019 ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ചെന്താമര ജാമ്യത്തിലിറങ്ങിയ സമയത്താണ് അരുംകൊല ചെയ്തത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പ്രദേശത്തെ മുക്കും മൂലയും അരിച്ചുപെറുക്കിയാണ് പൊലീസ് അന്വേഷിക്കുന്നത്. 125 പേരടങ്ങുന്ന പൊലീസ് സംഘവും നാട്ടുകാരും ചേർന്നാണ് അന്വേഷണം. പ്രതി നേരത്തെ ഒളിച്ചിരുന്ന അറക്കമല, പട്ടിമല എന്നിവിടങ്ങളിലാണ് തെരച്ചിൽ നടത്തുന്നത്.
Story Highlights : chenthamaras mobile was turned on
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here