ശിവകാർത്തികേയനും സുധ കൊങ്കാരയും ഒന്നിക്കുന്നു ; ബിഗ്ബഡ്ജറ്റ് ചിത്രത്തിന്റെ ടീസർ നാളെ

സൂരരെയ് പൊട്രിന് ശേഷം സുധ കൊങ്കാര സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസർ നാളെ റിലീസ് ചെയ്യും. ശിവകാർത്തികേയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രവി മോഹൻ (ജയം രവി) ആണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. ശിവകാർത്തികേയന്റെ 25 ആം ചിത്രമാണിത്. ഇരുവരെയും കൂടാതെ അഥർവ,ശ്രീലീല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുറനാനൂറ് എന്ന പേരിൽ സൂര്യ, ദുൽഖർ സൽമാൻ, നസ്രിയ നസീം തുടങ്ങിയവരെ വെച്ച് പ്രഖ്യാപിച്ച ചിത്രത്തിൽ നിന്ന് പലരും പിൻമാറിയതിനെ തുടർന്ന് കാസ്റ്റിങ്ങിൽ വലിയ അഴിച്ചുപണി നടത്തിയിരുന്നു.
പോസ്റ്ററിൽ മൊളോടോവ് കോക്ക്ടെയ്ൽ (പെട്രോൾ ബോംബ്) കയ്യിലേന്തി പുറം തിരിഞ്ഞു നിൽക്കുന്ന ശിവകാർത്തികേയനെ കാണാം. പോസ്റ്റിന് ക്യാപ്ഷ്യനായി, “വിപ്ലവം ആർക്കും വേണ്ടി കാത്തുനിൽക്കില്ല, നാളെ ആരംഭം രേഖപ്പെടുത്തും” എന്നാണു എഴുതിയിരിക്കുന്നത്, ഒപ്പം പോസ്റ്ററിൽ വിവ റെവല്യൂഷന് എന്നും എഴുതിയിരിക്കുന്നത് കാണാം. പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജി.വി പ്രകാശ് കുമാർ ആണ്. ജി.വി പ്രകാശ് കുമാർ സംഗീതം ചെയ്യുന്ന നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയും SK 25 നുണ്ട്.
നാളെ (ജനുവരി 29) വൈകുന്നേരം 4 മണിക്ക് ഡൺ പിക്ചേഷസിന്റെ യൂട്യൂബ് ചാനലിലൂടെ ടീസർ റിലീസ് ചെയ്യും. രവി കെ ചന്ദ്ര ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം ഡൺ പിക്ചേഴ്സിന്റെ ബാനറിൽ ആക്ഷ ഭാസ്കരൻ ആണ് നിർമ്മിക്കുന്നത്.
Story Highlights : sivakarthikeyan-sudha-kongara-movie-teaser-will-release-tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here