കാലിനും തുമ്പിക്കൈക്കും അടക്കം പതിനേഴോളം മുറിവുകൾ; മുത്തങ്ങയിൽ ചികിത്സയിലായിരുന്ന കുട്ടികൊമ്പൻ ചരിഞ്ഞു

വയനാട് മുള്ളങ്കൊല്ലിയിൽ ജനവാസ മേഖലയിലിറങ്ങി വനം വകുപ്പിനെ വട്ടം കറക്കിയ കുട്ടിയാന ചരിഞ്ഞു. മുത്തങ്ങ ആനപ്പന്തിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചയോടെയാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാത്രി വരെ ആരോഗ്യം പ്രശ്നങ്ങൾ ഇല്ലാതിരുന്ന കുട്ടി കൊമ്പന്റെ നില പിന്നീട് വഷളാവുകയായിരുന്നു. കടുവയുടെ ആക്രമണത്തിൽ ഇടതു കാലിനും തുമ്പിക്കൈക്കും അടക്കം പതിനേഴോളം മുറിവുകളാണ് കുട്ടി കൊമ്പന്റെ ദേഹത്ത് ഉണ്ടായിരുന്നത്.
വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ബേഗൂർ റെയിഞ്ചർ എസ്. രഞ്ജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അജേഷ് മോഹൻദാസ് എന്നിവരടങ്ങുന്ന വിദഗ്ധസംഘം പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു. ഈ മാസം പത്തിനാണ് മാനന്തവാടി കാട്ടിക്കുളം എടയൂർകുന്നിൽ ജനവാസകേന്ദ്രത്തിൽ ആനക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിൽ കുട്ടി കൊമ്പനെ കണ്ടെത്തിയത്.
കുട്ടിയാനയെ നേരത്തെ ചികിത്സ നൽകിയശേഷം ബേഗൂർ റേഞ്ചിൽ വനത്തിൽ വിട്ടുവെങ്കിലും ആനകൾ കൂട്ടത്തിൽ ചേർത്തില്ല. ഇതോടെ കുട്ടിയാന വീണ്ടും ജനവാസ മേഖലകളിലേക്ക് ഇറങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയാനയെ പിടികൂടി മുത്തങ്ങ ആനപ്പന്തിയിൽ എത്തിക്കുകയായിരുന്നു. മുത്തങ്ങയിലെ ഒരുക്കിയ പ്രത്യേക പന്തിയിലായിരുന്നു കുട്ടിക്കൊമ്പനെ പാർപ്പിച്ചിരുന്നത്.
Story Highlights : Elephant Calf died while treatment in Muthanga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here