ജോത്സ്യൻ തുറന്നുവിട്ട സംശയഭൂതം ചെന്താമരയെ ആവേശിച്ചു, വിശപ്പിന്റെ വിളിയിൽ കുടുങ്ങുന്നത് വരെ ഒരു ബോൺ ക്രിമിനലിന്റെ യാത്ര

നൂറിലധികം പൊലീസുകാർ കാടടച്ച് തിരഞ്ഞിട്ട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിലാകുന്നത് കൊലപാതകം നടന്നുകഴിഞ്ഞ് 36 മണിക്കൂറുകൾക്ക് ശേഷമാണ്. പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയിലെ സ്ഥിരതാമസക്കാരനായ ചെന്താമര തന്ത്രശാലിയായ കൊലപാതകിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് എസ്പി അജിത്കുമാർ വ്യക്തമാക്കുന്നത്.
2019 ഓഗസ്റ്റ് 31-നാണ് ലോറി ഡ്രൈവറായിരുന്ന ചെന്താമര അയൽവാസിയായ സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യയും മകളും പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്നായിരുന്നു സംശയം. കേസിന്റെ വിചാരണ അടുത്ത മാസം തുടങ്ങാനിരിക്കെയാണ് വിയ്യൂർ ജയിലിൽ നിന്നും ചെന്താമര 2024 നവംബറിൽ ജാമ്യത്തിൽ പുറത്തിറങ്ങിയത്. നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിന്റെ ഉത്തരവ് ലംഘിച്ച് ചെന്താമര കൊല്ലപ്പെട്ട സജിതയുടെ തൊട്ടടുത്തുള്ള വീട്ടിൽ താമസിക്കുകയായിരുന്നു.
ചെന്താമര ഭീഷണിപ്പെടുത്തുന്നതായി സജിതയുടെ ഭർത്താവ് സുധാകരനും മകൾ അഖിലയും നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാരും പരാതി നൽകി. എന്നാൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. കഴിഞ്ഞ തിങ്കളാഴ്ച, ജനുവരി 27 രാവിലെ പത്തുമണിയോടെയാണ് ചെന്താമര അയൽവീട്ടിലെത്തി സജിതയുടെ ഭർത്താവ് സുധാകരനെയും മാതാവ് ലക്ഷ്മിയേയും വെട്ടിക്കൊല്ലുന്നത്. ഇതിനുശേഷം ഒളിവിൽ പോയ ചെന്താമരയ്ക്കായി തമിഴ്‌നാട്ടിലുൾപ്പെടെ പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. പോത്തുണ്ടി വനമേഖലയിൽ ഒളിവിലായിരുന്ന ചെന്താമര ഇന്നലെ രാത്രി പത്തുമണിയോടെയാണ് പൊലീസ് പിടിയിലായത്.
ആദ്യ കൊലപാതകത്തിനുശേഷം ജയിലിൽ പോയ ചെന്താമര വിചാരണ തുടങ്ങുന്നതിനു മുമ്പായി ജാമ്യത്തിലിറങ്ങിയാണ് ഇരട്ട കൊലപാതകം നടത്തിയത്. പൊലീസ് ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാനാകുമായിരുന്ന കൊലപാതകമായിരുന്നു ഇക്കഴിഞ്ഞ ദിവസം സംഭവിച്ചത്.
ക്രൂരതയുടെ നാൾവഴികൾ
അന്ധവിശ്വാസിയായ ചെന്താമര
കടുത്ത അന്ധവിശ്വാസത്തിന് അടിമയായിരുന്നു ചെന്താമര. ചെന്താമരയുടെ കുടുംബം തകർന്നതിന് പിന്നിൽ മുടി നീട്ടി വളർത്തിയ ഒരു യുവതിയാണെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. അത് വിശ്വസിച്ച ചെന്താമര തൊട്ടടുത്ത വീട്ടിലെ സജിതയെയും പുഷ്പയെയും സംശയിച്ചു. സജിത ഫോണിൽ സംസാരിക്കുമ്പോൾ അത് തന്റെ ഭാര്യയോട് ആണെന്ന് കരുതി. ജോത്സ്യൻ്റെ വാക്കു വിശ്വസിച്ച് സജിതയുടെ കുടുംബത്തെ നശിപ്പിക്കാനായി മനസ്സിൽ വൈരാഗ്യം ഊട്ടി ഉറപ്പിക്കുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത നേരം പിറകിലൂടെത്തി കത്തികൊണ്ട് കഴുത്തിൽ വെട്ടിയാണ് സജിതയെ ഇയാൾ കൊലപ്പെടുത്തിയത്. അന്ധവിശ്വാസത്തിന് അടിമപ്പെട്ടിരുന്ന പ്രതി ജ്യോത്സ്യൻറെ നിർദേശപ്രകാരമാണ് കൊലകൾ നടത്തിയതെന്നും നാട്ടുകാർ പറയുന്നു.

ചെന്താമര വിയ്യൂർ ജയിലിൽ
സജിതയെ കൊലപ്പെടുത്തി അകലമലയിലേക്കാണ് ചെന്താമര ഓടിയൊളിച്ചത്. പൊതുവിൽ എത്തിപ്പെടാൻ ഏറെ പ്രയാസമുള്ള സ്ഥലമാണ് അകലമല. പ്രതിക്കായി നാട് മുഴുവൻ തിരച്ചിൽ നടത്തിയിട്ടും അന്ന് ഒരുപാടു ശ്രമിച്ചിട്ടാണ് ചെന്താമരയെ പൊലീസ് പിടികൂടിയത്. അന്നും വിശപ്പ് തന്നെയായിരുന്നു ചെന്താമരയെന്ന കൊലപാതകിയെ കുടുക്കിയത്. വിശപ്പ് സഹിക്കാതെയാണ് ചെന്താമര തന്റെ അമ്മ താമസിച്ചിരുന്ന വീട്ടിലേക്ക് എത്തിയത്. അമ്മയുടെ കയ്യിൽനിന്നു കഞ്ഞി വാങ്ങിക്കുടിക്കുമ്പോഴാണ് വീടുവളഞ്ഞ് പൊലീസ് പിടികൂടിയത്. പിന്നീട് നടപടികൾ പൂർത്തിയാക്കിയ ശേഷം വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു പ്രതി. പിന്നീട് 2022 മേയിലായിരുന്നു ചെന്താമര ജാമ്യത്തിലിറങ്ങുന്നത്. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പാലക്കാട് സെഷൻസ് കോടതിയെ ഇയാൾ സമീപിച്ചു. ചെന്താമര നെൻമാറ സ്റ്റേഷൻ പരിധിയിൽ കയറിയാൽ ക്രമസമാധാന പ്രശ്നമുണ്ടാവുമെന്ന് പൊലിസ് റിപ്പോർട്ട് നൽകി. ഡ്രൈവറാണെന്ന ഇയാളുടെ വാദം അംഗീകരിച്ചാണ് കോടതി അന്ന് ജാമ്യത്തിൽ ഇളവ് നൽകിയത്. ജാമ്യത്തിലെത്തിയ പ്രതി ഒരു ക്വാറിയിൽ സെക്യൂരിറ്റിയായി ജോലിചെയ്യുകയായിരുന്നു.
കൊലപാതകി സെക്യൂരിറ്റിയായപ്പോൾ
കഴിഞ്ഞ ഒന്നരക്കൊല്ലമായി കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിലെ ക്വാറിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ചെന്താമര. കഴിഞ്ഞവർഷം (2024) ഡിസംബർ മാസത്തിലാണ് ചെന്താമര വയറിന് സുഖമില്ല എന്നു പറഞ്ഞ് പാലക്കാട്ടേക്ക് തിരിച്ചത്. ഒന്നരവർഷം ക്വാറിയിൽ ജോലി ചെയ്തെങ്കിലും നാട്ടുകാരുമായി ഒരു സൗഹൃദവും ചെന്താമരൻ ഉണ്ടായിരുന്നില്ല. തലതാഴ്ത്തി പോവുകയും തലതാഴ്ത്തി തിരിച്ചുവരികയും ആണ് ചെയ്യാറുള്ളതെന്ന് മറ്റ് ജീവനക്കാർ പറയുന്നു. തൻറെ ഉയർച്ചയ്ക്ക് ദോഷം നിൽക്കുന്നവരെയാണ് താൻ കൊല്ലുന്നതെന്ന് പ്രതി നേരത്തെ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. പ്രതിയായ ചെന്താമര നേരത്തെ ഉപയോഗിച്ചിരുന്ന ഫോൺ സഹപ്രവർത്തകനായ മണികണ്ഠന് നൽകിയാണ് കൂടരഞ്ഞിയിൽ നിന്നും ജോലി ഉപേക്ഷിച്ചു പോയത്.ആ ഫോൺ കഴിഞ്ഞ ദിവസമാണ് ഇയാൾ ഓൺ ചെയ്തതും.

പക വീട്ടാൻ പോത്തുണ്ടിയിൽ
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെന്താമര പോത്തുണ്ടിയിലെ വീട്ടിൽ എത്തുന്നത്. നെന്മാറ ടൗണിൽ കാത്തുനിൽക്കുന്ന മകൾ അനഘയെ കാണാനായി വീട്ടിൽനിന്ന് സ്‌കൂട്ടറിൽ പുറത്തിറങ്ങവേയാണ് പതിയിരുന്ന ചെന്താമര കൈയിലുള്ള കൊടുവാൾ ഉപയോഗിച്ച് സുധാകരനെ വെട്ടിക്കൊലപ്പെടുത്തിയത്. ശബ്ദംകേട്ട് പുറത്തേക്കെത്തിയ ലക്ഷ്മിയെയും വകവരുത്തിയ ശേഷം ചെന്താമര ഒളിവിൽപോകുകയായിരുന്നു.

ക്ഷേമനിധി ബോർഡിലേക്കുള്ള രേഖകൾ തയാറാക്കുന്നതിനായി നെന്മാറ ടൗണിൽ കാത്തിരിക്കുമ്പോഴാണ് സുധാകരന്റെ മകൾ അനഘ വിവരമറിയുന്നത്. തിരുപ്പൂരിൽ ഡ്രൈവറായിരുന്ന സുധാകരൻ ഞായറഴ്ച ദിവസങ്ങളിലാണ് വീട്ടിൽ വരുന്നത്. സുധാകരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു.അമ്മ ലക്ഷ്മി ആശുപത്രിയിലേക്ക് എത്തിക്കവെയാണ് മരിക്കുന്നത്. ആഴത്തിലുള്ള 16 മുറിവുകളാണ് ലക്ഷ്മിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്,കഴുത്തിനേറ്റ വെട്ട് അടക്കം 6 മുറിവുകൾ സുധാകരന്റെ ശരീരത്തിലും ഉണ്ടായിരുന്നു,
ഓടിയൊളിച്ചത് മല മുകളിലേക്ക്
കൊലപാതകത്തിന് ശേഷം കൈയിൽ കരുതിയിരുന്ന കൊടുവാളും ഫോണും ഉപേക്ഷിച്ച് പോത്തുണ്ടി വനമേഖലയിലേക്കാണ് ചെന്താമര ഓടിയൊളിച്ചത്. അന്വേഷണം വഴിമുട്ടിക്കാനായി പാതികാലിയാക്കിയ ഒരു വിഷക്കുപ്പിയും പ്രതി വീട്ടിൽ ബാക്കിവെച്ചിരുന്നു. ഫെൻസിങ് മറികടന്ന് കാട്ടിലേക്ക് കടന്ന പ്രതിക്ക് ഒളിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.

രാവും പകലുമില്ലാതെ തിരച്ചിൽ നടത്തിയ നാട്ടുകാരുടെയും പൊലീസിന്റെയും നീക്കങ്ങൾ കാട്ടിലിരുന്ന് ചെന്താമര നിരീക്ഷിക്കുകയായിരുന്നു. ഡ്രോൺ വരുമ്പോൾ മരങ്ങൾക്കിടയിൽ മറഞ്ഞിരുന്നു. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്.
ചെന്താമര ആദ്യം ചോദിച്ചത് ചോറും ചിക്കൻകറിയും, കിട്ടയത് ഇഡ്ഡലി
വിശപ്പ് തന്നെയാണ് ചെന്താമരയെ കുടുക്കിയതും. രണ്ട് ദിവസത്തില്‍ കൂടുതല്‍ ചെന്താമരയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കാന്‍ പറ്റില്ലെന്ന് പൊലീസ് കസ്റ്റഡിയിലായിരുന്ന ചെന്താമരയുടെ ചേട്ടന്‍ രാഝാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ അനിയന്‍ ഉറപ്പായും വരുമെന്ന ഉറപ്പിലാണ് പ്രതിക്കായി പൊലീസ് കെണിയൊരുക്കി കാത്തിരുന്നത്.

നാടൊട്ടുക്കേ പൊലീസിന്റെയും നാട്ടുകാരുടെയും കാടടച്ചുള്ള തിരച്ചിൽ, 35 മണിക്കൂറുകൾക്ക് ശേഷവും പിടിയിലായ ശേഷമുള്ള കോലാഹലങ്ങളത്രയും നേരിൽ കണ്ടിട്ടും തെല്ലും കൂസലില്ലാതെ സെല്ലിലെത്തിയപ്പോൾ ചോറും ചിക്കനുമാണ് ചെന്താമര ആദ്യം ആവശ്യപ്പെട്ടത്. ഭക്ഷണം കഴിച്ചിട്ട് പോരെ ചോദ്യം ചെയ്യലെന്ന് പൊലീസിനോട് കുശലം പറഞ്ഞ ചെന്താമര ശേഷം 45 മിനിറ്റ് പൂർണമായും ചോദ്യം ചെയ്യലിനോട് സഹകരിച്ചു. ചിക്കൻ ചോദിച്ച പ്രതിക്ക് പൊലീസ് നൽകിയത് ഇഡ്ഡലിയും ഓംലെറ്റും.
ഹിറ്റ്‌ലിസ്റ്റിൽ ഇനിയും 3 പേർ
ചെന്താമരയുടെ ഹിറ്റ് ലിസ്റ്റിൽ ഇനിയും മൂന്നുപേർ കൂടിയുണ്ടായിരുന്നു എന്നാണ് മൊഴി നൽകിയിരിക്കുന്നത്. സജിതയുടെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനും ഒപ്പം സ്വന്തം ഭാര്യയും മകളുമായിരുന്നു അടുത്ത ലക്ഷ്യം. ഇതെല്ലാം വെളിപ്പെടുത്തുമ്പോഴും ഒരു തരത്തിലുള്ള ഭാവവ്യത്യാസവും പ്രതിക്കുണ്ടായിരുന്നില്ല.

കേസിലെ ഗുരുതര വീഴ്‌ച
പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാത്തത് വലിയ പിഴവെന്ന് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ജാമ്യവ്യവസ്ഥ പ്രകാരം പ്രതിക്ക് നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇത് ലംഘിച്ചാണ് പ്രതി ഒരു മാസത്തോളം ഇവിടെ താമസിച്ചത്. എന്നിട്ടും പൊലീസ് അക്കാര്യം അറിഞ്ഞില്ല. ചെന്താമരയുടെ ജാമ്യ ഉത്തരവിൻ്റെ പകർപ്പ് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നാണ് എസ്എച്ച്ഒ വിശദീകരണം നൽകിയത്. ഇത് തള്ളിയ എസ്‌പി ജാമ്യ ഉത്തരവ് പ്രകാരം നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പോലും പ്രതിക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും അതിനാൽ വിശദീകരണം മുഖവിലക്കെടുക്കില്ലെന്നും വ്യക്തമാക്കി. ഉത്തരമേഖലാ ഐജിക്ക് എസ്‌പി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എസ്എച്ച്ഒയെ സസ്പെൻ്റ് ചെയ്തത്. കൊല്ലപ്പെട്ട സുധാകരനും മകളും പ്രതിക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതും ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തൽ.
‘എന്നെയും അയാൾ കൊല്ലും.. ചെന്താമരയെ തൂക്കിക്കൊല്ലണം’
ചെന്താമര പിടിയിലായത് ആശ്വാസമാണ്, പക്ഷേ ആ ഭീതി ഒഴിയുന്നില്ല. അച്ഛനെ കൊന്നവനെ തൂക്കിലേറ്റണമെന്നാണ് സുധാകരന്റെ മക്കൾക്ക് പറയാനുള്ളത്.

അയാളെ പിടിക്കാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന പൊലീസുകാർ മുൻപേ വിചാരിച്ചിരുന്നുവെങ്കിൽ ഞങ്ങൾ ആരുമില്ലാത്തവരാവിലായിരുന്നു. ഇനി അടുത്തത് അയാൾ ഞങ്ങളെയും കൊല്ലും. എല്ലാം പോയില്ലേ. ഞങ്ങള്‍ക്കിനി ആരുമില്ല. ഒന്ന് കൊന്നു തരുമോ അയാളെ. അല്ലെങ്കില്‍ നാട്ടുകാര്‍ക്ക് വിട്ടു കൊടുക്കു. ഇനിയും അയാളെ സംരക്ഷിച്ചു വെക്കണ്ട. കൊന്നാല്‍ മതി. ക്ഷണമൊക്കെ വാങ്ങിക്കൊടുത്ത് അയാളെ നല്ലത് പോലെ സംരക്ഷിക്കുന്നുണ്ട്. അയാള്‍ക്ക് തൂക്ക് കയര്‍ കിട്ടുമെന്നൊന്നും തോന്നുന്നില്ല. നാല് കൊല്ലം കഴിയുമ്പോള്‍ പുറത്ത് വന്ന് പിന്നെയും ആരെയെങ്കിലും കൊന്നുകൊണ്ടിരിക്കും . പൊലീസിലുള്ള വിശ്വാസം നഷ്ടമായി പൊട്ടിക്കരഞ്ഞുകൊണ്ട് സുധാകരന്റെ മക്കളായ അഖിലയും അതുല്യയും പ്രതികരിച്ചു.
Story Highlights : Nenmara murder case roundup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here