Advertisement

മഹാകുംഭ മേളയിലെ തിക്കും തിരക്കും; മരണം 30 ആയി, ഔദ്യോഗിക കണക്ക് പുറത്ത് വിട്ട് യു പി സർക്കാർ

January 29, 2025
2 minutes Read
kumbhmela death

പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവരുടെ എണ്ണം 30 ആയി. 60 ത് പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. മരണപ്പെട്ടവരിൽ 25 പേരെ തിരിച്ചറിഞ്ഞതായി യുപി സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കിൽ സൂചിപ്പിക്കുന്നു.

മരിച്ചവരിൽ കർണാടകയിൽ നിന്നും നാല് പേരും, അസമിൽ നിന്നും ഗുജറാത്തിൽ നിന്നും ഓരോരുത്തരും ഉൾപ്പെടുന്നു. നിലവിൽ 5 പേരെയാണ് തിരിച്ചറിയാൻ ഉള്ളതെന്ന് ഡി ഐ ജി വൈഭവ് കൃഷ്ണ വ്യക്തമാക്കി. 1920 എന്ന ഹെൽപ്പ് ലൈൻ നമ്പറും ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും ഈ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.

അതിനിടെ തിക്കും തിരക്കും കൂടാൻ പ്രധാനകാരണം വിഐപി സന്ദർശനമാണെന്ന റിപ്പോർട്ടുകൾ യുപി പൊലീസ് തള്ളി. ഇന്ന് വിഐപി സന്ദർശനങ്ങൾ ഉണ്ടായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. മൗനി അമാവാസിയോട് അനുബന്ധിച്ച് പുണ്യ സ്നാനത്തിനായി പതിനായിരക്കണക്കിന് ആളുകൾ പുലർച്ചെ ത്രിവേണി സംഗമത്തിൽ തടിച്ച് കൂടിയതാണ് അപകടത്തിന് ഇടയാക്കിയത്. ആളുകളെ വേർപിരിക്കാനായി കെട്ടിയ അഖാഡമാർഗിലെ ബാരിക്കേടുകൾ തകർന്ന് നിരവധി പേർ നിലത്ത് വീണതാണ് അപകടത്തിന് കാരണം.

Read Also: കുംഭമേളയ്‌ക്കിടയിലും വ്യാജ പ്രചാരണങ്ങൾ നടത്താൻ നാണമാകുന്നില്ലേ?, പ്രചരിക്കുന്നത് AI ചിത്രം; പ്രകാശ് രാജ്

ലഗേജുമായി വരുന്ന ഭക്തർക്ക് സ്നാനം ചെയ്തതിന് ശേഷം എങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. “തീർഥാടകർക്ക് കാണാൻ കഴിയാത്ത വലിയ അളവിലുള്ള ചവറ്റുകുട്ടകളാണ് അവിടെ ഉണ്ടായിരുന്നത്. ചിലർ അതിൽ വീഴുന്ന സാഹചര്യമുണ്ടായി. ചവറ്റുകുട്ടകളിലൊന്നിൽ തന്റെയും കാലുകൾ കുടുങ്ങി ഞാനും വീണു. വീഴ്ചയിൽ ധരിച്ചിരുന്ന ഷൂസ് നഷ്ടപ്പെട്ടു. തൊട്ടടുത്ത് തന്നെ പ്രായമായ രണ്ട് പേരും ഒരു യുവതിയും തിരക്കിൽപ്പെട്ട് നിലത്ത് കിടക്കുന്നുണ്ടായിരുന്നു ഇവരെയും രക്ഷിച്ചു. കൂട്ടത്തിലുണ്ടായിരുന്ന ചെറുപ്പക്കാർ മറ്റുള്ളവരെ തള്ളിയിടാൻ തുടങ്ങി. ഈ സാഹചര്യമാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്നും അവിടെ കണ്ടത് വിശദീകരിക്കാനാകില്ലെന്നും പ്രയാഗ്‌രാജിൽ നിന്നുള്ള കണ്ടൻ്റ് ക്രിയേറ്ററായ വിവേക് ​​മിശ്ര പറഞ്ഞു.

അതേസമയം, അപകടത്തിന് കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥിതിയാണെന്ന് രാഹുൽഗാന്ധി യും അഖിലേഷ് യാദവുമടക്കമുള്ള പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ ഒരു തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും ചെവികൊള്ളരുത്. ഔദ്യോഗിക സര്‍ക്കാര്‍ അറിയിപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും മാത്രം അനുസരിക്കണമെന്നുമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തര്‍ സ്വയം അച്ചടക്കം പാലിക്കണം. തിരക്കൊഴിവാക്കാൻ സര്‍ക്കാരുമായി സഹകരിക്കണം. ഒപ്പം ഏറ്റവും അടുത്തുള്ള ഘട്ടിൽ മാത്രം സ്നാനം നടത്താൻ ശ്രമിക്കണമെന്നും എല്ലാവരും സംഗമത്തിലേക്ക് പോയി സ്നാനം ചെയ്യാൻ ശ്രമിക്കരുതെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, കുംഭമേളയിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ത്രിവേണി സംഗമത്തിലെ അഖാഡകളുടെ അമൃതസ്നാനം പുനഃരാരംഭിച്ചിട്ടുണ്ട്.

Story Highlights : Over 30 people have died, after a stamped-like incident occurred at Mahakumbh mela

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top