വാട്സ്ആപ്പ് വഴിയോ ഇലക്ട്രോണിക് മാധ്യമം വഴിയോ പൊലീസ് നോട്ടീസ് അയക്കരുത്: സുപ്രീം കോടതി ഉത്തരവ്

പരിഷ്കരിച്ച ക്രിമിനൽ നടപടി ചട്ടം ഭാരതീയ നാഗരിക്ക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്) 2023 പ്രകാരം വാട്ട്‌സ്ആപ്പ് വഴിയോ മറ്റ് ഇലക്ട്രോണിക് മോഡുകൾ വഴിയോ പ്രതികൾക്ക് നോട്ടീസ് നൽകാൻ പോലീസിന് കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷും രാജേഷ് ബിന്ദലും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് സുപ്രധാന ഉത്തരവ്. അനുവദനീയമായ സേവന രീതിയിലൂടെ മാത്രമേ നോട്ടീസ് നൽകാവൂ എന്ന് സുപ്രീം കോടതി കർശന നിർദ്ദേശം പുറപ്പെടുവിച്ചു.
ഇത് സംബന്ധിച്ച് പൊലീസ് സേനയ്ക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. നോയിഡയിലെ ഇപിഎഫ്ഒ റീജിയണൽ ഓഫീസിൽ അസിസ്റ്റൻ്റ് പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണറായിരുന്ന സതേന്ദർ കുമാർ ആൻ്റിലിൻ്റെ കേസുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരം സിബിഐ ഇദ്ദേഹത്തിനെതിരെ ചുമത്തിയ കേസിൽ സുപ്രീം കോടതി നിരവധി നിർദ്ദേശങ്ങളാണ് നൽകിയത്. ഈ കേസിൽ ജാമ്യവുമായി ബന്ധപ്പെട്ട് ബെയിൽ ആക്ട് എന്ന പ്രത്യേക നിയമം പാസാക്കണമെന്നടക്കം കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.
വിഷയത്തിൽ അമിക്കസ് ക്യൂറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയുടെ ശുപാർശ അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. ഹൈക്കോടതി രജിസ്ട്രാർ ജനറലുകളോടും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോടും നിർദ്ദേശം പാലിക്കുന്നുവെന്നത് ഉറപ്പാക്കി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights : Police can’t serve accused notice via WhatsApp or any electronic means says Supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here