Advertisement

മഹാത്മാവിന്റെ ഓർമ്മയിൽ രാജ്യം; രക്തസാക്ഷിത്വത്തിന്റെ 77 ആണ്ടുകൾ

January 30, 2025
Google News 1 minute Read

ഇന്ത്യയുടെ ആത്മാവും അഭിമാനവുമായിരുന്ന മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വദിനമാണ് ഇന്ന്. ഒരു മതഭ്രാന്തന്റെ വെടിയുണ്ടകളേറ്റ് ഗാന്ധിജി പിടഞ്ഞുവീണ് ജീവൻ വെടിഞ്ഞിട്ട് ഇന്നേയ്ക്ക് 77 വർഷം. ഗാന്ധിയൻ ആശയങ്ങൾക്ക് പ്രസക്തി ഏറുന്ന കാലത്താണ് ഈ ഓർമദിനം കടന്നുപോകുന്നത്.

ഇന്ത്യയുടെ പ്രത്യാശയുടേയും പ്രതിരോധത്തിന്റെയും പ്രകാശദീപമായിരുന്നു മഹാത്മാഗാന്ധി. സഹിഷ്ണുതയും സത്യഗ്രഹവുമായിരുന്നു ഗാന്ധിജിയുടെ ആയുധങ്ങൾ. ലാളിത്യത്തിന്റെയും എളിമയുടെയും ഒരു സിംഫണിയായിരുന്നു ആ ജീവിതം. സത്യത്തോടുള്ള അചഞ്ചലമായ ഭക്തിയാണ് ഗാന്ധിജിയെ നയിച്ചത്. തന്റെ ബോധ്യങ്ങളുടെ ശക്തി ഉപയോഗിച്ചാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ഗാന്ധിജി വെല്ലുവിളിച്ചത്.

1948 ജനുവരി 30 വൈകിട്ട് 5.17. ഡൽഹിയിലെ ബിർള ഹൗസ്. പ്രാർഥന യോഗത്തിൽ പങ്കെടുക്കാനായി നീങ്ങുകയായിരുന്ന എഴുപത്തെട്ടുകാരന്റെ മുന്നിലേക്ക് അനുയായികൾക്കിടയിൽ നിന്ന് ഒരാൾ കടന്നുവന്നു. ഗാന്ധിജിയെ വണങ്ങിയശേഷം പിസ്റ്റൾ പുറത്തെടുത്ത്, ആ ശരീരത്തിലേക്ക് മൂന്നുതവണ വെടിയുതിർത്തു. ലോകംകണ്ട ഏറ്റവും നിഷ്ഠുരനായ കൊലപാതകിയായി നാഥുറാം വിനായക് ഗോഡ്‌സെ മാറി.

‘നമ്മുടെ ജീവിതങ്ങളിൽ നിന്നും വെളിച്ചം നഷ്ടമായിരിക്കുന്നു. എല്ലായിടത്തും അന്ധകാരം വ്യാപിച്ചിരിക്കുന്നു…’ – ഗാന്ധിജിയുടെ മരണം സ്ഥിരീകരിച്ച് ജവഹർലാൽ നെഹ്റു പറഞ്ഞ വാക്കുകളിൽ എല്ലാം അടങ്ങിയിരുന്നു. ഒരു രാഷ്ട്രത്തിന്റെ പ്രകാശധാരയാണ് നിലച്ചുപോയത്.

മനുഷ്യത്വത്തിന്റെ പൂന്തോട്ടത്തിൽ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും തണലേകിയ വലിയൊരു ആൽമരമായിരുന്നു ഗാന്ധി. വരണ്ട ഭൂമിയിൽ പെയ്ത മഴത്തുള്ളികളായിരുന്നു ഗാന്ധിജിയുടെ മൊഴിമുത്തുകൾ. അഹിംസയിൽ ഊന്നിയ പ്രതിരോധത്തിന്റെ ശക്തി തലമുറകൾക്കു പകർന്നുകൊണ്ട്, ഗാന്ധി ഇപ്പോഴും ജനതയെ പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കുന്നു.

Story Highlights : Mahatma Gandhi Death Anniversary 2025

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here