‘ബിഡിജെഎസ് എൻഡിഎ മുന്നണി വിടില്ല, ബന്ധത്തിൽ തൃപ്തരാണ്’; തുഷാർ വെള്ളാപ്പള്ളി

ബിഡിജെഎസ് എൻഡിഎ മുന്നണി വിടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മുന്നണി ബന്ധത്തിൽ ബിഡിജെഎസ് തൃപ്തരാണ്. മുന്നണി വിടണമെന്ന് കോട്ടയത്തെ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു എന്നുള്ള വാർത്തകൾ വ്യാജമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് ഒപ്പം ബിഡിജെഎസ് ഉണ്ടാകുമെന്നും സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞുവെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.
ബിജെപി അവഗണിക്കുകയാണെന്നും എൻഡിഎ വിടണമെന്നും ബിഡിജെഎസ് കോട്ടയം ജില്ലാ പഠന ക്യാംപ് പ്രമേയം പാസാക്കി എന്ന വാർത്ത നിഷേധിക്കുകയാണ് തുഷാർ വെള്ളാപ്പള്ളി. ചില പ്രദേശിക നേതാക്കൾ മുന്നണി ബന്ധത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ പറഞ്ഞുവെന്ന് മാത്രം. തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ ഫെബ്രുവരി ഒന്നിന് ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
എൻഡിഎ വളർച്ചയുടെ ഘട്ടത്തിലാണ്. നാളെത്തന്നെ അധികാരം പിടിച്ചുകൊള്ളാം എന്ന പ്രതീക്ഷയിൽ അല്ല എൻഡിഎയിൽ ചേർന്നത്. കേന്ദ്ര മന്ത്രി സ്ഥാനവും, എംപി സ്ഥാനവും ഓഫർ ചെയ്തിരുന്നു. വേണ്ടെന്നു പറഞ്ഞത് താൻ തന്നെയാണ്. ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിലേക് ബിഡിജെഎസ് നേതാക്കളെ പരിഗണിച്ചിട്ടുണ്ട്. സ്‌പൈസസ് ബോർഡിന്റെ ചെയര്മാന് സ്ഥാനത്തേക്കും ഉടൻ ബിഡിജെഎസ് പ്രതിനിധി എത്തുമെന്നും തുഷാർ വെള്ളാപ്പള്ളി വിശദീകരിച്ചു.
അതേസമയം മുന്നണിയിൽ അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളിൽ പല നേതാക്കൾക്കും ഉള്ളത്. ചേർത്തലയിൽ ഫെബ്രുവരി ഒന്നിന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ കോട്ടയം ജില്ലാ ക്യാമ്പിലുണ്ടായ എതിർ അഭിപ്രായങ്ങളും ചർച്ചയാകും.
Story Highlights : Thushar Vellappally On BDJS- NDA Relationship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here