Advertisement

‘സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ഒറ്റ കോളില്‍ കോടികള്‍ തന്ന് സഹായിച്ചത് പൃഥ്വിരാജ്’: ലിസ്റ്റിന്‍ സ്റ്റീഫന്‍

January 31, 2025
1 minute Read

‘എആര്‍എം’ സിനിമയ്ക്ക് സാമ്പത്തിക പ്രതിസന്ധി വന്ന സമയത്ത് കോടികള്‍ തന്ന് സഹായിച്ചത് പൃഥ്വിരാജും സംവിധായകന്‍ അന്‍വര്‍ റഷീദുമാണെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമയുടെ വിജയാഘോഷത്തിനിടെയാണ് ലിസ്റ്റിന്‍ സംസാരിച്ചത്. എആര്‍എം റിലീസ് ചെയ്യുന്ന സമയത്ത് ബിസിനസ് ഒന്നും നടന്നില്ല. റിലീസ് കഴിഞ്ഞതിന് ശേഷമാണ് ബിസിനസ് ഒക്കെ നടന്നത് എന്നാണ് ലിസ്റ്റിന്‍ പറയുന്നത്. കൊച്ചിയിൽ സിനിമയുടെ വിജയം ആഘോഷിക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എല്ലാ സിനിമകള്‍ ആരംഭിക്കുമ്പോഴും നമ്മള്‍ നിശ്ചിതമായ ബജറ്റിലാകും തുടങ്ങുക. ഇതൊരു വലിയ സിനിമയായി മാറണമെന്ന ആഗ്രഹം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു. എആര്‍എം എന്ന പാന്‍ ഇന്ത്യന്‍ ടൈറ്റില്‍ ഉണ്ടാക്കിയത് അങ്ങനാണ്. ഈ സിനിമ പദ്ധതിയിട്ട സമയത്ത് മലയാളത്തില്‍ വലിയ ബിസിനസ് സാധ്യതകള്‍ ഉളള സമയമായിരുന്നു.

അതുകൊണ്ട് തന്നെ ഇതിന്റെ ഫൈനല്‍ ഔട്ട് കാണിച്ച ശേഷം ബിസിനസ് ചെയ്യാം എന്നതായിരുന്നു തീരുമാനം. ടൊവിനോയുടെ സിനിമയായത് കൊണ്ടും കൂടുതല്‍ പൈസ ചോദിക്കാം എന്നും തീരുമാനിച്ചു. എന്നാല്‍ ഈ ചിത്രത്തിന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയില്ല, റിലീസ് ചെയ്യുന്ന സമയത്ത് ഒരു ബിസിനസും നടന്നില്ല.

റിലീസ് ചെയ്തതിന് ശേഷമാണ് എല്ലാ ബിസിനസും നടന്നത്. വലിയ സിനിമകള്‍ റിലീസ് ചെയ്യുന്ന സമയത്ത് അത് റിലീസ് ആകുന്നതിന് മുമ്പേ ഫിനാന്‍സ് എടുത്ത തുകകള്‍ തിരിച്ച് കൊടുത്തിരിക്കണം. ഈ സിനിമ ബിസിനസ് ആകാതിരുന്ന സമയത്ത് ഫൈനല്‍ സെറ്റില്‍മെന്റിന് കോടികളാണ് എനിക്ക് ആവശ്യമായി വന്നത്.

അന്ന് എന്റെ ഒരു കോളില്‍ സഹായിച്ച പൃഥ്വിരാജ് സുകുമാരന് ഇന്ന് ഇപ്പോള്‍ നന്ദി പറയുകയാണ്. പിന്നീട് കുറച്ച് കൂടി പൈസ വേണ്ട സമയത്ത് ആ തുക അക്കൗണ്ടില്‍ ഇട്ട് സഹായിച്ച അന്‍വര്‍ റഷീദിനോടും നന്ദി രേഖപ്പെടുത്തുന്നു. ഇത്രയും സിനിമകള്‍ നിര്‍മ്മിച്ചിട്ടും ഒരു നൂറ് കോടി ക്ലബ്ബ് കിട്ടിയിരുന്നില്ല. സിനിമ നൂറ് കോടി കടന്നതിന് ഇതിന്റെ തിരക്കഥാകൃത്തിനും സംവിധായകനും നന്ദി പറയുന്നു. ഇതിന്റെ സാറ്റലൈറ്റ്, ഡിജിറ്റല്‍, ഓഡിയോ എന്നീ തുകകള്‍ ഇനിയും കിട്ടാനുണ്ട് എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്.

Story Highlights : Listin Stephan praises prithviraj in ARM Success launch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top