എം.മെഹബൂബ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തു. വടകരയിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് പുതിയ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തത്.
മൂന്ന് ടേം പൂർത്തിയാക്കിയ പി മോഹനൻ മാസ്റ്റർ സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തത്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനും കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയും ആണ് മെഹബൂബ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ആയിരുന്ന മെഹബൂബ് സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡണ്ട് , കേരഫെഡ് വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സഹകാരിയായ മെഹബൂബ് ദീർഘകാലം കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്നു. 9 വർഷത്തിന് ശേഷമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി മോഹനൻ്റെ മാറ്റം.
6 വനിതകൾ ഉൾപ്പെടുന്ന 47 അംഗ ജില്ലാ കമ്മിറ്റിയെയും 38 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽ 13 പേർ പുതുമുഖങ്ങളാണ്. വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Story Highlights : M. Mehboob CPIM Kozhikode District Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here