വാഷിംഗ്‌ടൺ വിമാനാപകടം; 40 മൃതദേഹങ്ങൾ കണ്ടെത്തി, എയർ ട്രാഫിക്ക് കൺട്രോളർമാർക്കെതിരെ ട്രംപ്

അമേരിക്കൻ എയർലൈൻസ് വിമാനവും ആർമി ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ ഇതുവരെ 40 മൃതദേഹങ്ങൾ കണ്ടെത്തി. വാഷിങ്ങ്ടൺ ഡിസി മേഖലയിലെ തിരക്കല്ല, എയർ ട്രാഫിക്ക് നിയന്ത്രിക്കുന്നവരുടെ കഴിവില്ലായ്മയാണ് ദുരന്തത്തിന് കാരണമായതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
അപകടത്തിൽ 67 പേരും കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ‘ദുഃഖകരമെന്നു പറയട്ടെ, അതിജീവിച്ചവരില്ല. സൈനിക ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്ന് സൈനികർ ഉൾപ്പെടെ 67 പേർ അപകടത്തിൽ മരിച്ചതായി കരുതുന്നു.’ – അദ്ദേഹം പറഞ്ഞു.
മരിച്ചവരിൽ പതിനാല് പേർ ഫിഗർ സ്‌കേറ്റിംഗ് താരങ്ങളാണ്. കാൻസാസിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. റഷ്യൻ ഐസ് സ്‌കേറ്റിംഗ് ദമ്പതികളായ വാഡിം നൗമോവും ഈവ്ജെനിയ ഷിഷ്കോവയും അപകടത്തിൽ കൊല്ലപ്പെട്ടു.
പ്രാദേശിക സമയം, ബുധനാഴ്ച രാത്രി 8.47ന് (ഇന്ത്യൻ സമയം ഇന്നലെ രാവിലെ 7.17) വാഷിംഗ്ടൺ ഡി.സിയിലാണ് അപകടമുണ്ടായത്. 60 യാത്രക്കാരും നാല് ജീവനക്കാരുമായി കാൻസാസിലെ വിചിറ്റയിൽ നിന്ന് റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിലേക്ക് വന്ന അമേരിക്കൻ എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിലായിരുന്ന യു എസ് ആർമിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടർ, വിമാന പാതയിലെത്തുകയായിരുന്നു. മൂന്ന് സൈനികരാണ് കോപ്ടറിലുണ്ടായിരുന്നത്. കൂട്ടിയിടിക്ക് പിന്നാലെ കോപ്ടറും വിമാനവും പൊട്ടിത്തെറിച്ച് പോട്ടോമാക് നദിയിൽ വീഴുകയായിരുന്നു.
Story Highlights : More than 40 bodies recovered from plane crash Washington
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here