സെയ്ഫ് അലിഖാനെ കുത്തിയത് മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം തന്നെ; സ്ഥിരീകരിച്ചത് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയിലൂടെ

നടൻ സെയ്ഫ് അലിഖാനെ കുത്തിപരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം തന്നെ. നടന്റെ ബാന്ദ്രയിലെ പന്ത്രണ്ടാം നിലയിലുള്ള അപ്പാർട്ട്‌മെൻ്റിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ അക്രമിയുടെ മുഖം ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയിലൂടെ (മുഖപരിശോധന ) സ്ഥിരീകരിക്കുകയായിരുന്നു. അക്രമം നടത്താനെത്തുന്നതും തിരികെ പോകുന്നതുമായ ദൃശ്യങ്ങള്‍ ഷരീഫുൾ ഇസ്ലാമിന്‍റേതല്ലെന്നും നിരപരാധിയെയാണ് പൊലീസ് പിടികൂടിയതെന്നും പ്രതിയുടെ പിതാവ് ആരോപിച്ചിരുന്നു. മാത്രമല്ല മറ്റു ചില കോണുകളില്‍ നിന്നും സമാനമായ പ്രതികരണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയിലൂടെ പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് തീരുമാനിച്ചത്.
പ്രതിയുടെ മുഖവും സിസിടിവിയില്‍ നിന്ന് ലഭിച്ച മുഖവും ഒന്നുതന്നെയാണെന്ന് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ പരിശോധനയ്ക്ക് ശേഷം പൊലീസ് റിപ്പോര്‍ട്ട് നൽകി. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളതും പ്രതിയെന്ന് പരിശോധനയില്‍ വ്യക്തമായി. ഇനി വിരളടയാള റിപ്പോര്‍ട്ട് കൂടി ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ച ശേഷം അന്വേഷണം അവസാനിപ്പിക്കാനാണ് മുംബൈ പൊലീസിന‍്‍റെ തീരുമാനം.
ബാന്ദ്ര പൊലീസ് പറയുന്നതനുസരിച്ച്, മുഖം തിരിച്ചറിയൽ ഉപയോഗിച്ചുള്ള ഫോറൻസിക് റിപ്പോർട്ട്, കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 30 കാരനായ ബംഗ്ലാദേശ് പൗരൻ തന്നെയാണെന്ന് സ്ഥിരീകരിച്ചു, നടൻ താമസിക്കുന്ന സത്ഗുരു ശരൺ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇത് കണ്ടെത്തിയത്.
ബുധനാഴ്ച, ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതി പ്രതിയെ പൊലീസ് കസ്റ്റഡി നീട്ടാൻ വിസമ്മതിക്കുകയും ജുഡീഷ്യൽ റിമാൻഡ് ചെയ്യുകയുമാണ് ഉണ്ടായത്. ഇയാളുടെ ഇന്ത്യയിലേക്കുള്ള അനധികൃത പ്രവേശനവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി നീട്ടാൻ ആവശ്യപ്പെട്ടത്. ചില വിവരങ്ങൾ ശേഖരിക്കാൻ ഒരു സംഘത്തെ കൊൽക്കത്തയിലേക്കും അയച്ചിരുന്നു. ഇന്ത്യയിൽ പ്രവേശിച്ചതിന് ശേഷം ഇയാൾ തൻ്റെ പേര് മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദിൽ നിന്ന് “ബിജോയ് ദാസ്” എന്നാക്കി മാറ്റിയിരുന്നു, പ്രതിയെ അതിർത്തി കടക്കാൻ സഹായിച്ച വ്യക്തികളെ തിരിച്ചറിയാൻ പൊലീസ് ഇപ്പോഴും അന്വേഷണം നടത്തുകയാണ്.
എട്ട് മാസം മുൻപാണ് മാൾട്ടാ അതിർത്തി വഴി ഫറീഫുൾ ഇസ്ലാം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയത്. ബംഗ്ലാദേശിലെ ധാക്ക ഡിവിഷനിലെ രാജ്ബാരി എന്ന സ്ഥലത്താണ് ഇയാളുടെ സ്വദേശം. മുംബൈയിലെ വർളിയിലെ ഒരു പബ്ബിൽ ഹൌസ് കീപ്പിംഗ് ഏജൻസി വഴിയാണ് ഇയാൾ ജോലിക്ക് കയറിയത്. ഇവിടെ പബ്ബിലെത്തിയ ഒരാളുടെ വസ്തുക്കൾ പ്രതി മോഷ്ടിക്കുകയും സിസിടിവി ദൃശ്യത്തിൽ മോഷണം തെളിഞ്ഞതോടെ പ്രതിയെ ജോലിയിൽ നിന്ന് പറഞ്ഞുവിടുകയുമായിരുന്നു. പിന്നീട് താനെയില ഒരു റസ്റ്റോറന്റിലായിരുന്നു ജോലി. സെയ്ഫ് അലിഖാന്റെ വീടാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു പ്രതി മൊഴിയിൽ പറഞ്ഞിരുന്നത്. ഫ്ലാറ്റിൽ സെക്യൂരിറ്റി ജീവനക്കാർ ഉറങ്ങിയെന്ന് ഉറപ്പാക്കി കോണിപ്പടി കയറി ഏഴാം നിലയിലെത്തി. അവിടെ നിന്ന് പൈപ്പ് വഴി വലിഞ്ഞ് കയറി പതിനൊന്നാം നിലയിലെ ഫ്ലാറ്റിലെ ശുചിമുറിയിലെ വെന്ർറിലേഷൻ വഴി അകത്ത് കയറി. നടനെ ആക്രമിക്കാൻ പദ്ധതിയുണ്ടായിരുന്നില്ല, എന്നാൽ ബഹളമായപ്പോൾ രക്ഷപ്പെടാനാണ് ആക്രമിച്ചതെന്നും പ്രതി സമ്മതിക്കുകയുണ്ടായി.
അതേസമയം, കുത്തേറ്റ മുറിവുകളിലും പൊരുത്തക്കേടുണ്ട്. 16ന് ലീലാവതി ആശുപത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കുത്തേറ്റ 6 മുറിവുകള്‍ ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ ആശുപത്രി രേഖകളിലുള്ളത് 5 മുറിവുകള്‍ മാത്രമാണ്. അക്രമി വീട്ടില്‍ കയറിയപ്പോള്‍ മുറുകെ പിടിച്ചുവെന്നും കൈ അയഞ്ഞപ്പോള്‍ പിന്‍വശത്ത് തുരുതുരാ കുത്തിയെന്നുമാണ് മൊഴി. അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടതായി നഴ്സ് ഏലിയാമ്മ ഫിലിപ്പ് തന്നോട് പറഞ്ഞെന്നും നടൻ മൊഴി നല്‍കിയിട്ടുണ്ട്.
Story Highlights : Muhammad Shariful Islam stabbed Saif Ali Khan; Confirmed through facial recognition technology
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here