Advertisement

താഴോട്ടു പോകുന്ന നഗരങ്ങളിലെ ഉപഭോഗവും, പ്രീമിയം ബ്രാൻഡുകളുടെ കുറയുന്ന വിൽപനയും നിർമ്മല സീതാരാമന് വെല്ലുവിളി

6 days ago
Google News 2 minutes Read

നിർമല സീതാരാമൻ നാളെ അവതരിപ്പിക്കുന്ന എട്ടാമത്തെ കേന്ദ്ര ബജറ്റിൽ മധ്യവർഗത്തിൻ്റെ ഉപഭോഗം വർധിപ്പിക്കാൻ നടപടി വേണമെന്ന് ഇന്ത്യ ടുഡെ മാനേജിങ് എഡിറ്റർ എംജി അരുൺ. മധ്യവർഗത്തിൻ്റെ ഉപഭോഗം കൂട്ടിയാലേ രാജ്യത്തേക്ക് നിക്ഷേപം എത്തിക്കാൻ സാധിക്കൂവെന്ന് പറഞ്ഞ അദ്ദേഹം, നിർമല തുടരുന്ന സാമ്പത്തിക അച്ചടക്ക ശീലത്തിൻ്റെ മുൻ അനുഭവങ്ങൾ നോക്കുമ്പോൾ കൈയ്യയച്ചുള്ള ഇളവുകൾ അധികമുണ്ടാവില്ലെന്നും അഭിപ്രായപ്പെടുന്നു.

രാജ്യത്ത് 52 കോടി പേരാണ് രാജ്യത്ത് മധ്യവർഗത്തിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 6 മുതൽ 36 ലക്ഷം വരെ വരുമാനമുള്ളവരാണ് മധ്യവർഗത്തിൽ കണക്കാക്കുന്നത്. ഒരു കോടിക്ക് താഴെയുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകൾ കുറയുകയും ഒരു കോടിക്ക് മുകളിലുള്ളത് കൂടുകയും ചെയ്യുന്നതാണ് രാജ്യത്ത് പൊതുവിലുള്ള കാഴ്ച. കാറുകളുടെ വിൽപ്പനയിലും ഇതേ മാറ്റം കാണാം. മധ്യവർഗം അവരുടെ ബജറ്റിനനുസരിച്ച് സെക്കൻ്റ് ഹാൻ്റ് വാഹനങ്ങൾ വാങ്ങുകയോ ഇരുചക്ര വാഹനം നിലനിർത്താൻ ശ്രമിക്കുയോ ചെയ്യുകയാണ്. നഗര മേഖലയിൽ ഉപഭോഗം താഴേക്ക് പോകുന്നുണ്ട്. പ്രീമിയം ബ്രാൻ്റഡ് ഉൽപ്പന്നങ്ങൾക്ക് പകരം അൺബ്രാൻ്റഡ് ഉൽപ്പന്നങ്ങളാണ് ജനം കൂടുതലായി വാങ്ങുന്നത്. ഫോണുകളുടെയും ഫ്രിഡ്ജുകളുടെയും വിൽപ്പനയിലടക്കം ഈ പ്രതിഭാസം കാണാമെന്നും പറഞ്ഞ അദ്ദേഹം ഇതിനെ എങ്ങനെ നേരിടുമെന്നതാണ് കേന്ദ്ര ബജറ്റിൽ ഉന്നയിക്കുന്ന പ്രധാന ചോദ്യമെന്നും പറഞ്ഞു.

കേന്ദ്രസർക്കാർ നടപ്പ് സാമ്പത്തിക വർഷത്തിൽ ശരാശരി 6.4 ശതമാനം വളർച്ചാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്ക് കണക്കാക്കിയത് 7 ശതമാനം വളർച്ചാ നിരക്കിലും വളരെ താഴെയാണിത്. 8-8.5 ശതമാനം വളർച്ച കൈവരിക്കാതെ രാജ്യത്തെ ജനങ്ങൾക്ക് ആവശ്യത്തിന് തൊഴിൽ നൽകാനാവില്ല. ഉപഭോഗം വർധിപ്പിച്ചാൽ നിക്ഷേപങ്ങളിൽ മാറ്റം വരും. സ്വകാര്യ നിക്ഷേപം കൂടാൻ ഉപഭോഗം കൂടണം. അതിന് എന്ത് ചെയ്യണമെന്നാണ് ധനമന്ത്രി ആലോചിക്കേണ്ടത്.

പ്രത്യക്ഷ നികുതിയിലും ജിഎസ്‌ടിയിലും കാര്യമായ ഇളവ് കൊണ്ടുവരേണ്ടതുണ്ട്. ഇന്ത്യയിൽ ഇന്ധനത്തിന് മേലുള്ള സെൻട്രൽ എക്സൈസ് തീരുവ കുറക്കുന്നതിലൂടെ ഗതാഗത ചിലവ് കുറയ്ക്കാനും സാധനങ്ങളുടെ വില കുറയ്ക്കാനും കഴിയൂ. ഏഴ് ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് നിലവിൽ ആദായ നികുതി അടക്കേണ്ടി വരുന്നില്ല. അത് പത്ത് ലക്ഷമാക്കണം എന്നാണ് ഉയരുന്ന പ്രധാന ആവശ്യം. സ്റ്റാൻ്റേർഡ് ഡിഡക്ഷൻ 7500 രൂപയാക്കി വർധിപ്പിക്കണം. പ്രത്യക്ഷ നികുതി കോഡ് നടപ്പാക്കണം. ആദായ നികുതിയിൽ 15 നും 25 ലക്ഷത്തിനുമിടയിൽ 25 ശതമാനത്തിൽ പുതിയ സ്ലാബ് വേണമെന്ന ആവശ്യവും ശക്തമാണ്.

ആരോഗ്യ ഇൻഷുറൻസിലെ ജിഎസ്‌ടി 18 ശതമാനമാണ്. പ്രീമിയം ഉയർന്നതോടെ പലരും ഇൻഷുറൻസ് പുതുക്കുന്നില്ല. റിയൽ എസ്റ്റേറ്റിൽ നിന്ന് സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുക അടക്കം പല ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്. എങ്കിലേ ഉപഭോഗം കൂടുകയുള്ളൂ. വ്യവസായങ്ങളും ജിഎസ്‌ടിയിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഒരേ സാധനത്തിന് മൂല്യത്തിൽ മാറ്റം വരുമ്പോൾ നികുതിയിൽ വലിയ വ്യത്യാസം പ്രകടമാവുന്നു. ഇത് പോപ്കോൺ വിൽപ്പനയിൽ വരെ പ്രകടമാണ്. കോർപറേറ്റ് ടാക്സിൽ ഇതിനോടകം ഇളവ് നൽകി, എന്നിട്ടും കാര്യമായ നിക്ഷേപം എത്തിയില്ല. ഡിമാൻ്റ് വർധിക്കുന്നത് നിക്ഷേപം കൂട്ടും. അതാണ് വ്യവസായ മേഖല ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഈസ് ഓഫ് ഡൂയിങ് ബിസിനസ് വലിയ കടമ്പയായി നിക്ഷേപമെത്തിക്കുന്നതിൽ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിലടക്കം ഏകജാലക സംവിധാനം ആവശ്യപ്പെടുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളും കാര്യമായ പിന്തുണ നൽകേണ്ടതാണ് ഇത്. ഇത്തരത്തിൽ ഇളവുകളാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ കൊവിഡ് കാലത്തടക്കം നടത്തിയ കൈയ്യയച്ചുള്ള സഹായത്തിലുണ്ടായ ക്ഷീണം മാറ്റാൻ സാമ്പത്തിക അച്ചടക്കം പാലിക്കാൻ നിർമല സീതാരാമൻ ശ്രമിക്കുന്നത് മുൻകാല ബജറ്റുകളിൽ കണ്ടിട്ടുള്ളതാണ്. അത് ഇനിയും തുടരുമോയെന്നതും കണ്ടറിയണം. ധനക്കമ്മി 4.5 ലേക്ക് കുറയ്ക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. ഈ സാഹചര്യത്തിൽ ഇളവുകളെല്ലാം കൈയയച്ച് നൽകുമെന്ന് കരുതാനാവില്ല. എന്നാൽ ഉപഭോഗം വർധിപ്പിക്കാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനാവില്ലെന്നും അരുൺ പറഞ്ഞു.

Story Highlights : Union Budget 2025 Expectations, Here’s what MG Arun thinks about

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here